സി പി എമ്മിന്റെ ബി ടീമാകുന്നതില്‍ ഡി വൈ എഫ് ഐ സമ്മേളനത്തില്‍ വിമര്‍ശം

Posted on: March 3, 2016 6:00 am | Last updated: March 3, 2016 at 1:03 am

DYFI-flag.svgതിരൂര്‍: സി പി എമ്മിന്റെ പോഷക സംഘടനയല്ലെന്ന് അവകാശപ്പെടുമ്പോഴും പാര്‍ട്ടിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നതിനെതിരെ ഡി വൈ എഫ് ഐ പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശം. പ്രവര്‍ത്തന, സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിവിധ ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ നേതൃത്വത്തിനെതിരെ വിമര്‍ശവുമായി രംഗത്തെത്തിയത്. സി പി എമ്മിന്റെ പോഷക സംഘടനയായി പ്രവര്‍ത്തിക്കാന്‍ പരിമിതികളുണ്ടെന്നും ഈ പരിമിതികള്‍ പരിഹരിക്കണമെന്നുമായിരുന്നു പ്രതിനിധികള്‍ ഉയര്‍്ത്തിയത്. സി പി എമ്മിന്റെ ബി ടീമാകുന്നതിലൂടെ സംഘടനക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് മലബാറില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു അഭിപ്രായപ്പെട്ടത്. തിരൂരില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും വൈകിട്ട് നേതാക്കളുടെ മറുപടി പ്രസംഗവും നടന്നു. സി പി എമ്മിന്റെ പോഷക സംഘടനയെ പോലെ പ്രവര്‍ത്തിക്കുന്ന രീതി അവസാനിപ്പിച്ച് എല്ലാവരെയും ഉള്‍കൊള്ളുന്ന മികച്ച സ്വതന്ത്ര സംഘടനയായി മാറണമെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും നിര്‍ദേശം. സംസ്ഥാന നേതൃത്വത്തിലിരിക്കുന്നവര്‍ സി പി എം ടിക്കറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുന്നതിനെതിരെയും വിമര്‍ശമുണ്ടായി. പൊതു സംഘനടയെന്ന സ്വഭാവം നിലനിര്‍ത്താന്‍ നിലവിലുള്ള പരിമിതികള്‍ പുതിയ സംസ്ഥാന നേതൃത്വം മറികടക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നു. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുള്ളവരെ സംഘടനയിലേക്ക് അടുപ്പിക്കാനും ഇതിലൂടെ സംഘടനയുടെ അടിത്തറ ഭദ്രമാക്കുന്നതിലും വീഴ്ച പറ്റിയതായും കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സി പി എമ്മിനെതിരെയുള്ള ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ഡി വൈ എഫ് ഐ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലെത്തുന്നത് സംഘടനയുടെ സ്വതന്ത്ര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. തൊഴില്‍ നിഷേധം, പെന്‍ഷന്‍ പ്രായ വര്‍ധന തുടങ്ങിയ സമരങ്ങളില്‍ ഇതര യുവജന സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയിക്കാതെ പോയത് സംഘടനക്ക് മേലുള്ള പാര്‍ട്ടി മുദ്രയാണ്. യുവാക്കളുടെ പൊതു ഇടം ആയിരിക്കണം ഡി വൈ എഫ് ഐ എന്നും പൊതുവിഷയങ്ങളില്‍ ഇതര യുവജന സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ആശ്യമുയര്‍ന്നു. മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്, ലീഗ് അടക്കമുള്ള വലതു പക്ഷ സംഘടനകളെ സഹകരിപ്പിക്കുമെന്നും നേതാക്കള്‍ മറുപടിയില്‍ വ്യക്തമാക്കി. അസഹിഷ്ണുതയുടെയും വര്‍ഗീയതയുടെയും കാലത്ത് ഡി വൈ എഫ് ഐയിലൂടെ പൊതു പ്ലാറ്റ് ഫോം രൂപവത്കരിക്കണം. ആശയപരമായി യോജിക്കാവുന്ന സംഘടനകളുമായി യോജിക്കാമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മത സംഘനടകളിലും ഉള്‍പ്പെടുന്ന യുവാക്കളെയും യുവതികളെയും സംഘടനയുമായി അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും മറുപടി പ്രസംഗത്തില്‍ നേതാക്കള്‍ പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ, ജീവകാരുണ്യ മേഖലകളില്‍ ഡി വൈ എഫ് ഐ നടത്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങളുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് പൊതുസംഘടനയെന്ന തരത്തില്‍ മുന്നോട്ടുപോകണമെന്ന ആവശ്യം പ്രതിനിധികള്‍ ഉന്നയിച്ചത്. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങളില്‍ സംഘടന കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആക്ഷേപവും പ്രതിനിധികളില്‍ നിന്നുണ്ടായി. മൂന്നാം ലിംഗക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും അവരുടെ അവകാശങ്ങളും പ്രശ്‌നങ്ങളും പഠിക്കണമെന്നും ആവശ്യമുയര്‍ന്നു. പരിസ്ഥിതി ദിനാചര ദിവസങ്ങളില്‍ മാത്രം ഒതുങ്ങാതെ പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടണമെന്നും ചര്‍ച്ചയിലിടപെട്ട പ്രതിനിധികള്‍ ആവശ്യപ്പെട്ടു.