കള്ളപ്പണം വെളുപ്പിക്കല്‍ മോദിയുടെ ഫെയര്‍ ആന്റ് ലവ്‌ലി പദ്ധതി: രാഹുല്‍ ഗാന്ധി

Posted on: March 2, 2016 6:03 pm | Last updated: March 3, 2016 at 10:39 am

rahul gandhiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍. കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ ‘ഫെയര്‍ ആന്‍ഡ് ലൗലി’ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന്  രാഹുല്‍ ഗാന്ധി പറഞ്ഞു.
കള്ളപ്പണക്കാരെ നരേന്ദ്ര മോദി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. കള്ളപ്പണക്കാരെ ജയിലില്‍ അടയ്ക്കുമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവരെ രക്ഷിക്കാനുള്ള കാര്യങ്ങളാണ് മോദി ചെയ്യുന്നത്, രാജ്യമെന്നാല്‍ പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയെന്നാല്‍ രാജ്യമോ അല്ലെന്ന് മോദി മനസ്സിലാക്കണമെന്ന് രാഹുല്‍ പറഞ്ഞു.  രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അഹിംസയും അക്രമവുമാണ് രാജ്യത്ത് ഏറ്റുമുട്ടുന്നത്. ആര്‍എസ്എസിലെ നിങ്ങളുടെ അധ്യാപകര്‍ പഠിപ്പിച്ചിരിക്കുന്നത് ലോകത്ത് ആകെ ഒരു സത്യമേയുള്ളൂവെന്നാണ്. നിങ്ങളുടേതു മാത്രം. വേറാരുടെയും അഭിപ്രായം കാര്യമാക്കില്ല.പ്രധാനമന്ത്രി ഒരിക്കല്‍ പോലും രോഹിത് വെമുലയുടെ വീട്ടുകാരെ സന്ദര്‍ശിക്കാനോ സംസാരിക്കാനോ തയ്യാറായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 35 ഡോളറായി കുറഞ്ഞിട്ടും ഇന്ത്യയിലെ സാധാരണ മനുഷ്യന് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ജെഎന്‍യുവില്‍ 60% പേരും ദലിത്, ഒബിസി വിഭാഗക്കാരാണ്. നമ്മള്‍ പഠിക്കുകയാണ്, എല്ലാം അറിയാമെന്ന് ഞങ്ങള്‍ അവകാശപ്പെടാറില്ല. കന്‍ഹയ്യ കുമാറിന്റെ പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടു. അതില്‍ ഒരു വാക്കു പോലും ദേശദ്രോഹമായിട്ടില്ല.

തൊഴിലുറപ്പ് പദ്ധതി പോലെ ഒരു മോശം പദ്ധതി താന്‍ കണ്ടിട്ടില്ലെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നോട് പറഞ്ഞത് ഇത് നല്ലൊരു പദ്ധതിയാണെന്നാണ്. താങ്കളിത് നിങ്ങളുടെ ബോസിനോട് എന്താണ് പറയാത്തതെന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു, ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പണം നീക്കി വെച്ചപ്പോള്‍ താന്‍ കണ്ണടച്ച് നിന്നു. താന്‍ കരുതിയത് പി.ചിദംബരമാണോ ബജറ്റ് അവതരപ്പിക്കുന്നതെന്നാണ് രാഹുല്‍ കളിയാക്കി. വലിയ തൊഴില്‍ ദാതാവാണെന്നാണ് സര്‍ക്കാര്‍ പറയുന്നത് എന്നാല്‍ ജനങ്ങളുടെ കൈകളിലേക്ക് ഒന്നും എത്തിയിട്ടുമില്ലെന്നും രാഹുല്‍ പറഞ്ഞു.