Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: ബി ജെ പി സ്ഥാനാര്‍ഥിപ്പട്ടിക ഒരാഴ്ചക്കകം

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാര്‍ഥി പട്ടിക ഒരാഴ്ചക്കകം പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയപ്രക്രിയ പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലെയും മണ്ഡലം തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരവാഹികളോട് മൂന്ന്‌പേരുകള്‍ നിര്‍ദേശിച്ച് സംസ്ഥാന ഭാരവാഹികള്‍ക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
12 ജില്ലകളിലെ പ്രവര്‍ത്തനം പൂര്‍ത്തിയായി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പരിഗണനയിലുള്ളവരുടെ പട്ടിക ഇന്ന് തയ്യാറാകും. അതിനുശേഷം ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. നാളെ ചേരുന്ന കോര്‍ ഗ്രൂപ്പ് മണ്ഡലങ്ങളില്‍നിന്ന് ലഭിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക പരിശോധിക്കും. ഇതിനുശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടികയുടെ ശിപാര്‍ശ അംഗീകാരത്തിനായി സമര്‍പ്പിക്കും.
കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിക്കുന്നതോടെ ഒരാഴ്ചക്കകം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ബി ഡി ജെ എസും ബി ജെ പിയുമായി യാതൊരു തര്‍ക്കവുമില്ല. ബി ജെ പിയുമായുള്ള സഖ്യം സംബന്ധിച്ച് ബിഡിജെഎസില്‍ താഴേത്തട്ടിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ തീരുമാനം അറിയിക്കും. അതിനുശേഷം ബി ജെ പിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കും. യു ഡി എഫിലെ ഒരു കക്ഷിയുമായും ബി ജെ പി ചര്‍ച്ച നടത്തിയിട്ടില്ല. കെ എം മാണിയെ ഇതുവരെ ബി ജെ പി സ്വാഗതം ചെയ്തിട്ടില്ല. മാണി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. താന്‍ മല്‍സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും തന്നോട് ഇക്കാര്യം ആരും ആവശ്യപ്പെട്ടിട്ടുമില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.