അന്തരീക്ഷ മലിനീകരണത്തില്‍ 30 ശതമാനത്തിലധികം കുറവ്: വാഹന നിയന്ത്രണം വീണ്ടും നടപ്പിലാക്കിയേക്കും: കെജ്രിവാള്‍

Posted on: January 16, 2016 12:01 pm | Last updated: January 16, 2016 at 12:01 pm

Aravind Kejriwalന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നടപ്പിലാക്കിയ വാഹന നിയന്ത്രണം വീണ്ടും പരിഷ്‌കരിച്ച രീതിയില്‍ നടപ്പിലാക്കിയേക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനുവരി ഒന്നു മുതല്‍ ഡല്‍ഹിയില്‍ നടപ്പലാക്കിയ ഒറ്റ ഇരട്ട നമ്പര്‍ പരിഷ്‌കാരം 15 ദിവസത്തേക്ക് മാത്രമായിരുന്നു. എന്നാല്‍ പദ്ധതി വന്‍വിജയം കണ്ട് സ്ഥിതിക്കും മലിനീകരണത്തിന്റെ തോത് ഗണ്യമായിക്കുറഞ്ഞ സാഹചര്യത്തിലും പരിഷ്‌കാരം വീണ്ടും നടപ്പിലാക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

പദ്ധതി വിജയിപ്പിക്കാന്‍ സഹകരിച്ച ഡല്‍ഹി നിവാസികളോട് കെജ്രിവാള്‍ നന്ദി അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍, ഗതാഗത വകുപ്പ്, ട്രാഫിക് പൊലീസ് എന്നിവരുടെ പിന്തുണയില്ലാതെ ഇത്തരമൊരു പദ്ധതി വിജയിപ്പിക്കുക സാധ്യമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മലിനീകരണ തോത് മാത്രമല്ല നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരമുണ്ടായി. വാഹന നിയന്ത്രണത്തിനു ശേഷം അന്തരീക്ഷ മലിനീകരണത്തില്‍ 30 ശതമാനത്തിലധികമാണ് കുറവ് രേഖപ്പെടുത്തിയത്. രണ്ടാഴ്ച നീണ്ട ഗതാഗത നിയന്ത്രണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച മന്ത്രിതല യോഗം ചേരും

ജനുവരി ഒന്നു മുതലായിരുന്നു ഡല്‍ഹിയില്‍ വാഹനപരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. ഒറ്റ അക്ക വാഹനങ്ങള്‍ ഒറ്റ അക്ക ദിവസത്തിലും ഇരട്ട അക്ക വാഹനങ്ങള്‍ ഇരട്ട അക്ക ദിവസത്തിലും മാത്രം നിരത്തിലിറക്കുകയെന്നായിരുന്നു നിയന്ത്രണം.