മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പാടേ നിരോധിക്കണം

Posted on: December 31, 2015 6:00 am | Last updated: December 30, 2015 at 11:33 pm

സര്‍ക്കാറിന്റെ വിജയമെന്നതിലുപരി കേരളീയ പൊതുസമൂഹത്തിന്റെ വിജയമാണ് ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. സമ്പൂര്‍ണ മദ്യനിരോധം വഴി ലഹരി മുക്തമായ കേരളത്തിന്റെ പിറവിയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പൊതുസമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്തത് അതുകൊണ്ടാണ്. മദ്യവില്‍പ്പന മൗലികാവകാശമല്ലെന്നും മദ്യനിരോധം നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് പരമോന്നത പീഠം.
ബാര്‍കോഴ ആരോപണത്തില്‍ ഏറെ വിമര്‍ശങ്ങള്‍ക്ക് വിധേയമായ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ആശ്വാസത്തിന്റെ തെളിനീരാണ് കോടതിവിധി. സംസ്ഥാന തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വിശേഷിച്ചും. മാണി രാജിവെച്ചൊഴിഞ്ഞെങ്കിലും ബാര്‍കോഴ ആരോപണം ഡമോക്ലസിന്റെ വാള്‍ പോലെ സര്‍ക്കാറിന്റെ തലക്ക് മീതെ ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ട്. സമ്പൂര്‍ണ മദ്യനിരോധ പ്രഖ്യാപനം രാഷ്ട്രീയത്തട്ടിപ്പാണെന്നും സര്‍ക്കാറിലെ പല പ്രമുഖരും ബാറുടമകളും തമ്മില്‍ അവിഹിത ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനെ താത്കാലികമായെങ്കിലും പ്രതിേരോധിക്കാനുള്ള ഒരായുധമാണ് യു ഡി എഫ് സര്‍ക്കാറിന് കോടതി വിധി.
എന്നാല്‍ ബാറുടമകളുടെ ഹരജി തള്ളി സര്‍ക്കാറിന്റെ മദ്യനയത്തിന് അംഗീകാരം നല്‍കിയ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് യഥേഷ്ടം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ മദ്യവിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുകയാണ് മദ്യനയത്തിന്റെ ലക്ഷ്യമെങ്കില്‍ തോന്നിയ പോലെ പാര്‍ലറുകള്‍ അനുവദിക്കുന്നതിന് ന്യായീകരണമെന്ത്? രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന നാടെന്ന ദുഷ്‌കീര്‍ത്തി നേടിയ സംസ്ഥാനമാണ് കേരളം. മലയാളി ദിനംപ്രതി ശരാശരി ഒന്നര ലിറ്റര്‍ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. അക്രമങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും ക്രമാതീതമായ പെരുപ്പം, വര്‍ധിതമായ സാമൂഹിക പ്രശ്‌നങ്ങള്‍, മാരക രോഗങ്ങള്‍, വാഹനാപകടങ്ങള്‍, കുടുംബ ശൈഥില്യം തുടങ്ങി മദ്യോപയോഗത്തിന്റെ അനന്തര ഫലങ്ങള്‍ നിരവധിയാണ്. ഇതിനൊരു പരിഹാരമാണ് മദ്യനരോധത്തിലൂടെ സാധാരണക്കാരും പൊതുസമൂഹവും ആഗ്രഹിക്കുന്നത്. 27 നക്ഷത്ര ബാറുകളൊഴിച്ചു അവശേഷിച്ച ബാറുകളെല്ലാം പൂട്ടിയാലും പാര്‍ലറുകള്‍ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ ഈ ലക്ഷ്യം വിഫലമാകുകയാണ്. സമ്പൂര്‍ മദ്യനിരോധമെന്ന പ്രഖ്യാപനത്തിലെ സര്‍ക്കാറിന്റെ ആത്മാര്‍ഥതയില്‍ കോടതി സംശയം പ്രകടിപ്പിച്ചതിന്റെ സാഹചര്യമിതായിരിക്കണം.
മദ്യമുക്ത കേരളമെന്ന സമൂഹത്തിന്റെ സ്വപ്‌നം പൂവണിയണമെങ്കില്‍ സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത തീരെ ഇല്ലാതാകണം. പാര്‍ലറുകളും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളുമടക്കം മദ്യം വിളമ്പുന്ന എല്ലാ കേന്ദ്രങ്ങളും പൂര്‍ണമായും നിരോധിക്കണം. സാധാരണക്കാരുടെ കുടുംബങ്ങളെ മാത്രമല്ല, സമ്പന്ന കുടുംബങ്ങളെയും വേട്ടയാടുന്നുണ്ട് മദ്യവിപത്ത്. സമ്പന്ന വിഭാഗങ്ങള്‍ക്കിടയിലും കുടുംബ ശൈഥില്യം വ്യാപകമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനാനുമതിയുള്ള 27 ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി താഴ് വീഴേണ്ടത് അനിവാര്യമാണ്. മദ്യം വിളമ്പിയെങ്കിലേ ടൂറിസം വളരൂ എന്ന സര്‍ക്കാര്‍ കാഴ്ചപ്പാടിലും മാറ്റം വരേണ്ടതുണ്ട്. മദ്യം മോന്താനല്ല, കേരളത്തിന്റെ അനുഗ്രഹീത പ്രകൃതിഭംഗിയും ചരിത്ര കേന്ദ്രങ്ങളും മറ്റും കണ്ടാസ്വദിക്കാനാണ് സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത്. സാമ്പത്തിക താത്പര്യത്തിനപ്പുറം ആദര്‍ശപരവും സാംസ്‌കാരികവുമായ വീക്ഷണത്തിലൂന്നിയുള്ള നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്.
സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളില്‍ നിന്നുണ്ടായ പ്രതികരണം നിരാശാജനകമാണ്. സര്‍ക്കാര്‍ മദ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളെ വഴിയാധാരമാക്കി, മദ്യനിരോധമല്ല മദ്യവര്‍ജനമാണ് അഭികാമ്യം, എന്നിങ്ങനെയാണ് കോടതി വിധിയോടുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങള്‍. മദ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ജോലിയാണോ അതോ കുടുംബനാഥന്റ മദ്യപാനം മൂലം തീ തിന്നുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ മോചനത്തിനാണോ തങ്ങള്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷം നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. ജോലി മറ്റു മേഖലകളിലുമുണ്ടല്ലോ. സ്ഥാനത്തും അസ്ഥാനത്തും സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല, പ്രശ്‌നങ്ങളോട് ക്രിയാത്മകമായും ജനപക്ഷത്ത് നിലയുറപ്പിച്ചും പ്രതികരിക്കുയാണ് പ്രതിപക്ഷ ധര്‍മം. എങ്കില്‍ കോടതി വിധിയെ സ്വാഗതം ചെയ്യുകയും സമ്പൂര്‍ണ മദ്യനിരോധത്തിന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയുമാണ് അവര്‍ ചെയ്യേണ്ടത്. മദ്യനിരോധമല്ല മദ്യവര്‍ജനമാണ് വേണ്ടതെന്നന്ന കാഴ്ചപ്പാട് നിരര്‍ഥകമാണ്. മദ്യം യഥേഷ്ടം ലഭ്യമാകുന്ന ഒരു ചുറ്റുപാടില്‍ കേവല ബോധവത്കരണത്തിലൂടെ സമൂഹത്തെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കാനാകില്ല. മദ്യനിരോധവും ഒപ്പം മദ്യവിപത്തിനെക്കുറിച്ച ശക്തമായ ബേധവത്കരണവും ഉണ്ടായെങ്കിലേ മദ്യവര്‍ജനം യാഥാര്‍ഥ്യമാകുകയുള്ളൂ.