വിദേശ നിക്ഷേപം: അറബ് മേഖലയില്‍ ഖത്വര്‍ മുന്നില്‍

Posted on: December 30, 2015 7:32 pm | Last updated: December 30, 2015 at 7:32 pm

ദോഹ: ഖത്വരി കമ്പനികളുടെ വിദേശ നിക്ഷേപം ഏതാനും വര്‍ഷങ്ങള്‍ക്കിടെ 47.5 ബില്യന്‍ ഡോളറായി ഉയര്‍ന്നു. 2003 ജനുവരി മുതല്‍ 2015 മെയ് വരെ വിദേശത്ത് 301 പ്രൊജക്ടുകളാണ് ഖത്വരി കമ്പനികള്‍ തുടങ്ങിയത്. അറബ് മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നടത്തുന്നത് ഖത്വര്‍ കമ്പനികളാണെന്നും അറബ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈജിപ്ത്, ബ്രിട്ടന്‍, വിയറ്റ്‌നാം, സഊദി അറേബ്യ, അമേരിക്ക, ഒമാന്‍, അള്‍ജീരിയ, ഫലസ്തീന്‍, സുഡാന്‍, റഷ്യ എന്നിവിടങ്ങളിലാണ് ഖത്വര്‍ കമ്പനികള്‍ മുതല്‍മുടക്കിയത്. ഈജിപ്ത്, ബ്രിട്ടന്‍, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളിലെ നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 51 ശതമാനം വരും. 11 ബില്യന്‍ ഡോളര്‍ നിക്ഷേപമിറക്കിയ ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് മുന്നില്‍. അറബ് രാജ്യങ്ങളില്‍ നിക്ഷേപമിറക്കുന്ന പത്ത് വലിയ കോര്‍പറേറ്റുകളില്‍ ഖത്വറിലെ ഖത്വര്‍ നാഷനല്‍ ബേങ്ക്, ബര്‍വ, ക്യു ഐ ഐ ബി, ഖത്വര്‍ പെട്രോകെമിക്കല്‍ കമ്പനി എന്നിവയുണ്ട്. അതേസമയം, 2014ല്‍ മാത്രം 1.04 ബില്യന്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഖത്വറില്‍ ഉണ്ടായത്. 2003- 2015 കാലയളവില്‍ 602 അറബ്, വിദേശ കമ്പനികള്‍ 701 പ്രൊജക്ടുകളില്‍ 110 ബില്യന്‍ ഡോളര്‍ മുതല്‍മുടക്കി. മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനം അമേരിക്ക, ജപ്പാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഖത്വറില്‍ നിക്ഷേപിച്ച പത്ത് പ്രധാന കമ്പനികളില്‍ എക്‌സോണ്‍ മൊബില്‍ ആണ് ഒന്നാമത്. 21 ബില്യന്‍ ഡോളറിന്റെ അഞ്ച് പ്രധാന പ്രൊജക്ടുകളാണ് കമ്പനി തുടങ്ങിയത്.
2014ല്‍ 780 വിദേശ കമ്പനികളുടെ പദ്ധതികളാണ് അറബ് രാഷ്ട്രങ്ങളില്‍ ഉണ്ടായത്. 2003- 2015 കാലയളവില്‍ അറബ് രാജ്യങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ട്രില്യന്‍ ഡോളര്‍ ആണ്. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദേശനിക്ഷേപം 2013ല്‍ 37 ബില്യന്‍ ഡോളര്‍ ആയിരുന്നത് 2014ല്‍ 33.4 ബില്യന്‍ ഡോളര്‍ ആയി കുറഞ്ഞു. ആഗോള കണക്കിലെ 2.5 ശതമാനം അറബ് രാഷ്ട്രങ്ങളില്‍ നിന്നാണ്. ലിബിയ, ലെബനോന്‍, ജി സി സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് 98 ശതമാനം വിദേശനിക്ഷേപവും കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഡയറക്ട് ക്യാപിറ്റല്‍ എക്‌സ്‌പോര്‍ട്ടിംഗ് രാഷ്ട്രങ്ങളില്‍ കുവൈറ്റ് ആണ് ഒന്നാമത്. 13 ബില്യന്‍ ഡോളര്‍ നിക്ഷേപവും 39.2 ശതമാനം ഓഹരിയും ഉള്‍പ്പെടെയാണിത്. തൊട്ടുപിന്നില്‍ 6.7 ബില്യന്‍ ഡോളര്‍ നിക്ഷേപവും 20.2 ശതമാനം ഓഹരിയുമായി ഖത്വര്‍ ആണുള്ളത്. സഊദി അറേബ്യ മൂന്നാമതും യു എ ഇ നാലാമതും ലബനോന്‍ അഞ്ചാമതുമാണ്.