Connect with us

National

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഷൂസും സോക്‌സും

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വരുന്ന അധ്യയന വര്‍ഷാരംഭത്തില്‍ ഒരു ജോഡി ഷൂസും രണ്ട് ജോഡി സോക്‌സും ലഭിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഷൂസും സോക്‌സും യൂനിഫോമിന്റെ ഭാഗമാക്കുന്നതിനാലാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്ത് ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ 48 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവര്‍ക്കെല്ലാം ഒരു ജോഡി ഷൂസും രണ്ട് ജോഡി സോക്‌സും വിതരണം ചെയ്യാന്‍ 120 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ ഒരു കുട്ടിക്ക് ഷൂസും സോക്‌സും നല്‍കാന്‍ 225 രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ കുട്ടിക്ക് ഇത് 250ഉം ഒമ്പത്, പത്ത് ക്ലാസുകളിലെ ഒരു കുട്ടിക്ക് 275 രൂപയും ചെലവ് കണക്കാക്കുന്നു. വര്‍ധിച്ച ചെലവ് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ചെരുപ്പ് നല്‍കാനായിരുന്നു നേരത്തെയുള്ള ആലോചന. പിന്നീടത് ഷൂസ് തന്നെയാക്കി മാറ്റുകയായിരുന്നു. 2015- 16 വര്‍ഷത്തെ സംസ്ഥാന ബജറ്റിലാണ് ഈ പ്രഖ്യാപനം വന്നത്. ഇത് കൂടാതെ, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കും. ഇതിന് 188 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.
സംസ്ഥാനത്ത് നിയമവിരുദ്ധമായി നടക്കുന്ന ഖനനങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തക്ക് കീഴില്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) കാലാവധി ഒരു വര്‍ഷം കൂടി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 2016 ജനുവരി 24ന് എസ് ഐ ടിയുടെ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു.

Latest