‘ഷീ ടാക്‌സി’; ഖത്വര്‍ ചര്‍ച്ച ചെയ്യുന്നു

Posted on: December 29, 2015 7:28 pm | Last updated: December 29, 2015 at 7:28 pm
SHARE

she taxi qatarദോഹ: ‘ഷീ ടാക്‌സി’ ഏര്‍പ്പെടുത്തുന്നതിന് ഖത്വറില്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച. സ്ത്രീകള്‍ക്ക് മാത്രമായി ടാക്‌സി സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി എം സി) ഇന്ന് ചര്‍ച്ച നടത്തും. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ഡ്രൈവര്‍മാരായ ടാക്‌സികളാണ് നിര്‍ദേശം. സെന്‍ട്രല്‍ മുനിസിപല്‍ കൗണ്‍സിലില്‍ 25 ാം നമ്പര്‍ (അല്‍ ഖോര്‍) മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന നാസര്‍ ബിന്‍ ഇബ്‌റാഹീം അല്‍ മുഹന്നദി ആണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
വനിതാ ടാക്‌സികള്‍ക്ക് പ്രത്യേകം നിറവും വേണമെന്ന് അല്‍ മുഹന്നദിയുടെ നിര്‍ദേശത്തില്‍ ഉണ്ടെന്ന് ഓള്‍ഡ് എയര്‍പോര്‍ട്ട് പ്രതിനിധിയും സി എം സിയിലെ പ്രായംചെന്ന അംഗവുമായ ശൈഖ അല്‍ ജിഫൈരി പറഞ്ഞു. ഖത്വറില്‍ ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും ഒന്നിലേറെ കാറുകളുണ്ട്. സ്ത്രീകള്‍ വന്‍തോതില്‍ ഡ്രൈവിംഗ് നടത്തുന്നുമുണ്ട്. ഇതിനാല്‍ തന്നെ ഖത്വരി കുടുംബങ്ങള്‍ ടാക്‌സികളെ അത്രമാത്രം ആശ്രയിക്കാറില്ല. അതേസമയം, വനിതാ ടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്നതിന് ഇക്കാര്യങ്ങള്‍ തടസ്സമല്ല. പരീക്ഷണം വിജയിച്ചാല്‍ പൂര്‍ണതോതില്‍ തുടങ്ങുകയുമാകാം. വനിതാ ടാക്‌സികളില്‍ വനിതകളും കുട്ടികളും സുരക്ഷിതരായിരിക്കുമെന്നതാണ് ഇത്തരമൊരു പദ്ധതി നിര്‍ദേശിച്ചതിന് പിന്നിലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം സി എം സി വിശദമായി ചര്‍ച്ച ചെയ്ത ശേഷം മുനിസിപാലിറ്റി, നഗരാസൂത്രണ മന്ത്രാലയത്തിന് ശിപാര്‍ശ ചെയ്യും. തുടര്‍ന്ന് നയരൂപവത്കരണത്തിന് മന്ത്രാലയം ഉത്തരവാദപ്പെട്ട അധികൃതകര്‍ക്ക് കൈമാറും.
7, 8, 9, 10, 11, 13, 21, 22 നമ്പര്‍ മണ്ഡലങ്ങളില്‍ സര്‍ക്കാറിന്റെ വെഡിംഗ് ഹാളുകള്‍ വേണമെന്ന നിര്‍ദേശവും സി എം സിയുടെ ഒമ്പതാമത്തെ പ്രതിവാര യോഗം ചര്‍ച്ച ചെയ്യും. ഈ നിര്‍ദേശം നേരത്തെ സി എം സിയുടെ സര്‍വീസസ് ആന്‍ഡ് ഫെസിലിറ്റീസ് കമ്മിറ്റിക്ക് ചര്‍ച്ചക്കായി കൈമാറിയിരുന്നു.
ഫാമിലി റസിഡന്‍ഷ്യല്‍ ഏരിയകളില്‍ തൊഴിലാളികള്‍ക്ക് മാത്രമായി താമസസൗകര്യം ഏര്‍പ്പെടുത്തുന്നത് നിയന്ത്രിക്കണമെന്ന ലീഗല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും. ഒമ്പതാം നമ്പര്‍ മണ്ഡലം പ്രതിനിധി ഫാത്വിമ അല്‍ കുവാരിയുടെ നിര്‍ദേശമാണിത്. ഫാമിലി റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ലേബര്‍ ക്യാംപുകള്‍ പാടില്ലെന്ന നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ട് പുനരവലോകനം ചെയ്യാനായി നേരത്തെ ലീഗല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here