സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവെച്ചു; ബാറുകള്‍ തുറക്കില്ല

Posted on: December 29, 2015 10:36 am | Last updated: December 30, 2015 at 9:23 am

supremecourt-and -bar

ന്യൂഡല്‍ഹി:സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് ചോദ്യം ചെയ്ത് ഹോട്ടലുടമകള്‍ നല്‍കിയ ഹരജികളാണ് സര്‍ക്കാറിന് മദ്യ നയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് തള്ളിയത്. ബാര്‍ ഉടമകള്‍ മുന്നോട്ടുവെച്ച വിവേചനം എന്ന വാദം പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരങ്ങിയ ബഞ്ച് മദ്യനയത്തിന് അംഗീകാരം നല്‍കിയത്. കേസില്‍ സംസ്ഥാന സര്‍ക്കാറിന് പൂര്‍ണ വിജയമാണ് സുപ്രീം കോടതി വിധിയോടെ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട പതിനഞ്ച് ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇതോടെ സംസ്ഥാനത്ത് 27 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക.
ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം വിവേചനപരമാണെന്നായിരുന്നു ബാറുടമകളുടെ പ്രധാന വാദം. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം വില്‍ക്കുന്നതിലൂടെ ലഭ്യത കുറക്കുകയാണെന്ന സര്‍ക്കാറിന്റെ വാദം തെറ്റാണെന്നും ബാറുടമകള്‍ വാദിച്ചിരുന്നു. കൂടാതെ ബാറുകള്‍ നിര്‍ത്തലാക്കുന്നതോടെ ജീവനക്കരുടെ തൊഴില്‍ നഷ്ടപ്പെടുകയാണെന്നും ഹരജിയില്‍ ബോധിപ്പിച്ചു. മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വാദിച്ചു. മദ്യനയം സര്‍ക്കാര്‍ നയമാണെന്നും അതില്‍ ഇടപെടുന്നില്ലെന്നും അറിയിച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കോടതിക്ക് പുറത്ത് കേരളത്തില്‍ നിന്നുള്ള മാധ്യമ പട വളഞ്ഞിരിക്കുന്നുവെന്നും ഇത് സംസ്ഥാനത്ത് കത്തിനില്‍ക്കുന്ന വിഷയമാണെന്നും കോടതി പറഞ്ഞു. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് പൂര്‍ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാറിന്റെ മദ്യ നയത്തിന് അനുകൂലമായി നേരത്തെ ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. സര്‍ക്കാറിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പൂര്‍ണമായും അംഗീകരിച്ചിരുന്നു. നയത്തില്‍ സിംഗിള്‍ ബഞ്ച് വരുത്തിയ ഭേദഗതി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് മദ്യനയം ശരിവെച്ചത്. ഇതേത്തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പൂര്‍ണമായും സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. മദ്യനയം യു ഡി എഫ് പ്രകടനപത്രികയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ടി എന്‍ പ്രതാപന്‍ എം എല്‍ എ കേസില്‍ കക്ഷിചേര്‍ന്നിരുന്നു.
നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ കഴിഞ്ഞ സെപ്തംബര്‍ 27ന് സുപ്രീം കോടതിയില്‍ നടന്നിരുന്നു. വിനോദസഞ്ചാര വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്ന് സര്‍ക്കാര്‍ അന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശം നിഷേധിച്ചാണ് വിവേചനപരമായ രീതിയില്‍ സര്‍ക്കാര്‍ നിയമം നടപ്പാക്കിയതെന്നായിരുന്നു കേസില്‍ ബാര്‍ ഉടമകള്‍ വാദിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും തള്ളുന്നുവെന്ന് മാത്രമാണ് രണ്ടംഗ ബഞ്ച് ഇന്നലെ വിധിച്ചത്.
പ്രമുഖ അഭിഭാഷകരായ ഹരീഷ് സാല്‍വെ, മുകുള്‍ റോത്തഗി എന്നിവരാണ് ബാര്‍ ഉടമകള്‍ക്ക് വേണ്ടി കേസ് വാദിച്ചത്.
സര്‍ക്കാറിന്റെ അഭിഭാഷകന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കപില്‍ സിബലാണ്. ജസ്റ്റിസ് വിക്രംജിത് സിംഗ് ഈ മാസം മുപ്പതിന് വിരമിക്കുന്നതിനു മുന്നോടിയായിട്ടാണ് ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്.
എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ഹൈകോടതി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യനയം പ്രകടനപത്രികയുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

ബാറുടമകള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയും സര്‍ക്കാറിന് വേണ്ടി അഭിഭാഷകരായ കപില്‍ സിബലും വി. ഗിരിയുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

ലക്ഷ്യം മദ്യനിരോധമെങ്കില്‍
ബിയര്‍ പാര്‍ലര്‍ എന്തിന്?

ന്യൂഡല്‍ഹി: ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശം. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടിവരികയാണ് ലക്ഷ്യമെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
മദ്യനയം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിക്കുള്ള അവകാശം നിഷേധിക്കുന്നതാണെന്നും ഇത് വിവേചനപരമാണെന്നും കാണിച്ച് ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നതിനിടെയാണ് സുപ്രീം കോടതി പരാമര്‍ശം. മദ്യ ഉപയോഗത്തിന്റെ 14 ശതമാനം കേരളത്തിലാണെന്നും ഇനി ബിയര്‍, വൈന്‍ ഉപയോഗം കൂടിയാല്‍ സര്‍ക്കാറിന് നയം പുനഃപരിശോധിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പൂട്ടിയ ബാറുകളിലെ തൊഴിലാളികളെ പുനരധിവസിക്കാത്തതുമായി ബന്ധപ്പെട്ടും സര്‍ക്കാറിനെ കോടതി ശക്തമായി വിമര്‍ശിച്ചു. ബാര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല. അഞ്ച് ശതമാനത്തോളം സെസ് പിരിച്ചിട്ടും തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മദ്യം വില്‍ക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ആവശ്യമാണെന്നും വിധിയില്‍ നിര്‍ദേശമുണ്ട്. നിലവാരമില്ലാത്ത സാഹചര്യത്തില്‍ മദ്യവില്‍പ്പന നടത്തുന്നത് തടയുന്നതുള്‍പ്പെടെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വില കുറച്ച് വില്‍ക്കുന്നത് നിരിക്ഷിക്കുന്നതിനും സംവിധാനം ആവശ്യമാണെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.