ആ കല്യാണ വീട്ടില്‍ നടന്നത്

ലോകവിശേഷം
Posted on: December 27, 2015 5:11 am | Last updated: December 27, 2015 at 12:23 am

Modi at Pakistanപ്രത്യക്ഷ കൊളോണിയല്‍ കാലത്തിന് അന്ത്യം കുറിച്ച് സാമ്രാജ്യത്വ ശക്തികള്‍ പിന്‍വാങ്ങിയ ഇടങ്ങളിലെല്ലാം അവര്‍ നിതാന്തമായ സംഘര്‍ഷത്തിനുള്ള ഒരു കൂട്ടം തര്‍ക്കങ്ങള്‍ അവശേഷിപ്പിച്ചിരുന്നു. അതിര്‍ത്തി നിര്‍ണയത്തിലാണ് ഈ കുതന്ത്രം ഏറ്റവും ഭീകരമായി നടന്നത്. ഇന്ന് കാണുന്ന തീവ്രവാദ പ്രവണതകളില്‍ മിക്കവയും ഇത്തരം അസ്വാഭാവിക അതിര്‍ത്തികളില്‍ നിന്നും രാഷ്ട്രരൂപവത്കരണങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളവയാണ്. എവിടെയൊക്കെ സാമ്രാജ്യത്വ ശക്തികള്‍ ഇടപെട്ട് വിഭജനങ്ങള്‍ നടന്നിട്ടുണ്ടോ അവിടെയൊക്കെ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ മുറിവുകള്‍ ഉണങ്ങാന്‍ ചര്‍ച്ചയുടെയും സംഭാഷണങ്ങളുടെയും ഔഷധങ്ങള്‍ തേടി എപ്പോഴൊക്കെ അവിടങ്ങളിലെ ഭരണാധികാരികള്‍ (അവരുടെ തികച്ചും കുടുസ്സായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെങ്കിലും) ഇറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ പക്ഷം പിടിച്ചും പുതിയ കീറാമുട്ടികള്‍ വലിച്ചിട്ടും ആ ശ്രമങ്ങളെ സാമ്രാജ്യത്വം പരാജയപ്പെടുത്തിയിട്ടുമുണ്ട്. അത് തീവ്രവാദികളെ ഉപയോഗിച്ചാകാം. അല്ലെങ്കില്‍ സൈന്യത്തെ ഉപയോഗിച്ചാകാം. അതുമല്ലെങ്കില്‍ സാമ്രാജ്യത്വ ശക്തികളുടെ യിന്ത്രണത്തിലുള്ള രാഷ്ട്രീയ ഗ്രൂപ്പുകളെ ഉപയോഗിച്ചാകാം. ഗോത്ര സംഘര്‍ഷവും വംശീയതയുമെല്ലാം തരാതരം ഉപയോഗിക്കും. ഈ ചരിത്ര, വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങളെ മുന്‍ നിര്‍ത്തിയാണ് നരേന്ദ്ര മോദിയുടെ അത്യന്തം നാടകീയമായ ലാഹോര്‍ സന്ദര്‍ശനത്തെ വിലയിരുത്തേണ്ടത്. എന്തോ വലുത് നടക്കാന്‍ പോകുന്നുവെന്ന അമിത ശുഭാപ്തി വിശ്വാസത്തിനും ഒരു ചുക്കും നടക്കാന്‍ പോകുന്നില്ലെന്ന പതിവു നിരാശക്കും ഇടയിലെവിടെയോ ആണ് ഈ കാല്‍വെപ്പിന്റെ സ്ഥാനമെന്ന് അപ്പോള്‍ വ്യക്തമാകും.
ആദ്യം മോദിയുടെ മിന്നല്‍ സന്ദര്‍ശനത്തിന്റെ റൂട്ട് നോക്കാം. മോസ്‌കോയില്‍ നിന്നാണ് അദ്ദേഹം വരുന്നത്. നേരെ ന്യൂഡല്‍ഹിയിലേക്ക് വന്നാല്‍ മതി. കാബൂള്‍ പ്രഖ്യാപിത പരിപാടിയില്‍ ഉണ്ടായിരുന്നില്ല. കാബൂളില്‍ പോയേക്കും എന്ന് ചില പത്രങ്ങള്‍ ഊഹങ്ങള്‍ നടത്തിയിരുന്നുവെന്ന് മാത്രം. അവിടെ ചെന്ന് ഇന്ത്യ പണിതു നല്‍കിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. താലിബാനുമായി ഒരു ഭാഗത്ത് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയും മറുഭാഗത്ത് താലിബാന്റെ തന്നെ ഗ്രൂപ്പുകള്‍ ശക്തി സംഭരിച്ച് രാജ്യത്തിന്റെ പല ഭാഗത്തും പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്യുമ്പോള്‍ അഫ്ഗാന്‍ മണ്ണില്‍ പ്രഖ്യാപിത മുന്‍ നിശ്ചയങ്ങളില്ലാതെ മോദിയെത്തിയത് അവര്‍ക്ക് ഏറെ ആത്മവിശ്വാസം പകരുമെന്നുറപ്പാണ്. യു എസ് അവിടെ നിന്ന് പിന്‍വാങ്ങിയിട്ടും പിന്‍വാങ്ങാന്‍ കഴിയാതെ ഉഴറുകയാണ്. അമേരിക്കന്‍ സാന്നിധ്യം അഫ്ഗാന്‍ ജനതക്ക് മടുത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ പോലുള്ള അയല്‍ക്കാരനുമായി കൂടുതല്‍ അടുക്കുന്നതില്‍ അഫ്ഗാനിസ്ഥാന് സന്തോഷമേറെയാണ്. യുദ്ധത്തിന്റെയും തീവ്രവാദത്തിന്റെയും നാടായി മാത്രം അടയാളപ്പെട്ട അഫ്ഗാനില്‍ നിന്നാണ് ചരിത്രത്തിലെ തന്നെ വലിയ കാല്‍വെപ്പാകാന്‍ ഇടയുള്ള ഒരു നയതന്ത്ര നീക്കത്തിന് തുടക്കം കുറിച്ചത് എന്നത് ആ രാഷ്ട്രത്തിന് ബഹുമാന്യമായ സ്ഥാനം കല്‍പ്പിച്ച് നല്‍കുന്നുണ്ട്. പാശ്ചാത്യ മേലാളന്മാര്‍ ഈ മേഖലയെ ‘അഫ്പാക്’ എന്നാണ് വിളിക്കാറുള്ളത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും പരമാധികാര വ്യക്തിത്വം പോലും അവര്‍ വകവെച്ചു കൊടുക്കാറില്ല. ശത്രുക്കള്‍ ഒളിച്ചു കഴിയുന്ന ഇടം മാത്രമാണ് അമേരിക്കയടക്കമുള്ളവര്‍ക്ക് ഈ പ്രദേശങ്ങള്‍. അവര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തി രസിക്കാനുള്ള ഇടം. പുതിയ ആയുധങ്ങള്‍ പ്രയോഗിച്ച് സംഹാരാത്മകത ഉറപ്പ് വരുത്താനുള്ള ഇടം. ഇവിടെയാണ് നരേന്ദ്ര മോദി തന്റെ യാത്രയുടെ ദിശ കൊണ്ട് തികച്ചും ആശാവഹവും അന്തസ്സുറ്റതുമായ അര്‍ഥതലം സൃഷ്ടിച്ചിരിക്കുന്നത്. അഫാഗാനില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകളെ പാക് രാഷ്ട്രീയ, സൈനിക നേതൃത്വം എപ്പോഴും സംശയത്തോടെയാണ് കാണാറുള്ളത്. അതവര്‍ തുറന്ന് പറയാറുമുണ്ട്. എന്നാല്‍ ഇത്തവണ അത്തരം ഒരു മുറുമുറുപ്പും ഉണ്ടായില്ല. അത് ഇപ്പോഴത്തേക്ക് മാത്രമായ സംയമനമായിരിക്കാം. പക്ഷേ ആ സംയമനം ഇപ്പോഴത്തേക്കെങ്കിലും ഇന്ത്യയുടെ നേതൃ ഭാവത്തെ വകവെച്ച് നല്‍കുന്നുണ്ട്. ചൈനയുടെ സ്വാധീനം മേഖലയിലാകെ വ്യാപിക്കുമ്പോള്‍ കൃത്യമായ ചുവടുവെപ്പ് തന്നെയാണ് ഇന്ത്യ നടത്തുന്നത്.
25ന് പുലര്‍ച്ചെ പ്രധാനമന്ത്രി കാബൂളില്‍ എത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്വീകരിച്ചു. പിന്നെ പ്രസിഡന്റ് അശ്‌റഫ് ഗനിയുമായി കൂടിക്കാഴ്ച. അതും കഴിഞ്ഞ് പാര്‍ലിമെന്റ് ഉദ്ഘാടനം. ഇതിനിടക്കാണ് മോദി, നവാസ് ശരീഫിനെ വിളിക്കുന്നത്. ജന്മദിന ആശംസകള്‍ കൈമാറുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം. പിറകേ അദ്ദേഹം തന്റെ ലാഹോര്‍ സന്ദര്‍ശന ഉദ്ദേശ്യം അറിയിക്കുകയായിരുന്നു. പിന്നെ ഒരുക്കങ്ങളുടെ തിരക്കായിരുന്നു. ലാഹോറില്‍ സുരക്ഷ പഴുതടച്ചതാക്കി. നവാസ് ശരീഫിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ കൊച്ചു മകളുടെ വിവാഹാഘോഷം നടക്കുകയാണ്. അതില്‍ പങ്കെടുക്കാന്‍ താനെത്തുമെന്നും നവാസിനോട് മോദി പറഞ്ഞു. ലാഹോറിനടുത്ത് റായ്‌വിന്തിലെ ശരീഫിന്റെ വസതിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മോദിയെത്തുമ്പോള്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി സി എ രാഘവന് പോലും ഈ സന്ദര്‍ശനത്തെ കുറിച്ച് ഒരു മുന്നറിവും ഉണ്ടായിരുന്നില്ല. ശരീഫുമായി ഒരു മണിക്കൂര്‍ നേരമാണ് മോദി ചര്‍ച്ച നടത്തിയത്. കൊച്ചു മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സന്ദര്‍ശനത്തിന്റെ നയതന്ത്രപരവും ഭൗമ രാഷ്ട്രീയപരവുമായ പ്രധാന്യത്തേക്കാള്‍ ശ്രദ്ധേയമായത് സൗഹൃദത്തിന്റെ പ്രകടനം തന്നെയാണ്. ലാഹോറിലെ വിമാനത്താവളത്തില്‍ നവാസെത്തി മോദിയെ സ്വീകരിച്ചു. അവര്‍ ഒരുമിച്ച് ഹെലികോപ്റ്ററില്‍ റായ്‌വിന്തിലേക്ക് തിരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഐ എസ് ഐയുടെ മുന്‍ മേധാവിയും മുന്‍ ജനറലുമായ നാസര്‍ ഖാന്‍ ജാന്‍ജുവ അവരൊടൊപ്പം ഉണ്ടായിരുന്നു. (നാസറിന് ഇത്രയും വിശദമായ വിശേഷണം നല്‍കുന്നത് അദ്ദേഹത്തിന് ഈ കൂടിക്കാഴ്ചയില്‍ ഏറെ പ്രാധാന്യമുള്ളത് കൊണ്ട് തന്നെയാണ്. ഇതാ ഞങ്ങള്‍ സൗഹൃദത്തിലേക്ക് പോകുകയാണ്. താങ്കള്‍ പഴയ ഐ എസ് ഐ ആണല്ലോ. പഴയ സൈനിക നേതൃത്വവും. അങ്ങുകൂടി പങ്കാളിയായ ഈ ദൗത്യം പൊളിക്കാന്‍ തത്കാലം മെനക്കെടരുതെന്ന് സൈന്യത്തോട് ഉപദേശിക്കണം. ഇതാണ് ഹെലികോപ്റ്ററില്‍ കയറ്റുമ്പോള്‍ നാസറിനോട് ശരീഫ് പറയാതെ പറഞ്ഞത്).
പറഞ്ഞുവന്നത് സൗഹൃദത്തിന്റെ പ്രകടനത്തെക്കുറിച്ചാണ്. ഇരു രാജ്യങ്ങളെയും പരമ്പരാഗത ശത്രുക്കള്‍ എന്ന് അടയാളപ്പെടുത്തുന്നത് വിഭജിച്ച് ഭരിക്കുകയെന്ന നയം പണ്ട് നടപ്പാക്കുകയും രാഷ്ട്രീയ അധികാരം ഉപേക്ഷിച്ച് പോയിട്ടും ഇന്നും പരോക്ഷ നിയന്ത്രണത്തിന് കരുക്കള്‍ നീക്കുകയും ചെയ്യുന്ന സാമ്രാജ്യത്വ ശക്തികളാണ്. അവര്‍ക്കായി പേനയുന്തുന്ന മാധ്യമങ്ങളാണ് ഈ അയല്‍ക്കാര്‍ ഇടപെടുന്ന എന്തിലും, അത് കളിയായാലും കാര്യമായാലും, യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കുന്നത്. ഇരു രാജ്യങ്ങളിലെയും തത്പര കക്ഷികള്‍ ഈ പ്രതിച്ഛായാ നിര്‍മിതിയില്‍ തങ്ങളുടെ പങ്ക് വഹിക്കുന്നു. ഈ രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ സമാനമായ സാംസ്‌കാരിക പൈതൃകം പേറുന്നവരാണ്. അതിര്‍ത്തിക്കിരുപുറവുമായി അവരുടെ ബന്ധുത്വങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. സമാഗമത്തിന്റെ സാധ്യതക്കായി ഇരുപുറത്തേയും മനുഷ്യര്‍ കൊതിക്കുന്നു. അതിര്‍ത്തി മുറിച്ചുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിറഞ്ഞ് കവിയുന്നത് അത്‌കൊണ്ടാണ്. ഈ സൗഹൃദത്തിന്റെയും പാരമ്പര്യത്തിന്റെയും സുഗന്ധം പേറുന്നതാണ് മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനം എന്ന ഒറ്റക്കാരണം മതി, അതിനെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യാന്‍. അതിന്റെ രാഷ്ട്രീയം, ഭാവിയില്‍ അതുണ്ടാക്കുന്ന സ്വാധീനം, തര്‍ക്ക വിഷയങ്ങളിലേക്ക് എത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികള്‍ തുടങ്ങിയ ആശങ്കകളെല്ലാം തത്കാലം മാറ്റിവെക്കാവുന്നതാണ്. പാക് പ്രധാനമന്ത്രിയുടെ കൊച്ചു മകളുടെ കല്യാണ വീട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആശംസയറിക്കാന്‍ ചെല്ലുന്നുവെന്നതിലടങ്ങിയിരിക്കുന്ന ഊഷ്മളതയാണ് പ്രധാനം. ഇത് വെറും അഭിനയവും ഗിമ്മിക്കുമാണെങ്കില്‍ പോലും ഇരു രാജ്യങ്ങളിലെയും സമാധാന കാംക്ഷികളായ മനുഷ്യര്‍ക്ക് ഇത് വലിയ വലിയ ആശ്വാസം പകരുന്നുണ്ട്. ഇന്ത്യ-പാക് നേതാക്കള്‍ കണ്ടാല്‍ വലിയ കാര്യങ്ങളേ സംസാരിക്കാവൂ എന്നില്ലല്ലോ. അവര്‍ കൊച്ചു വര്‍ത്തമാനവും പറയട്ടെ.
സമീപകാലത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഈ സന്ദര്‍ശനം അപ്രതീക്ഷിതമല്ലെന്ന് കണ്ടെത്താനാകും. പാരീസിലെ കാലാവസ്ഥാ ഉച്ചകോടിക്കിടെ മോദിയും ശരീഫും നടത്തിയ മൂന്ന് മിനുട്ട് കൂടിക്കാഴ്ച തൊട്ട് ഏറ്റവും ഒടുവില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാനിലെത്തിയത് വരെയുള്ള എല്ലാ നീക്കങ്ങളിലും ഊഷ്മളമായ ഹസ്തദാനങ്ങള്‍ക്കുള്ള മണ്ണൊരുക്കല്‍ ഉണ്ടായിരുന്നു. ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ശരീഫ് തന്റെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയത് കഴിഞ്ഞ ദിവസമാണല്ലോ. ബാങ്കോക്കില്‍ നടന്ന എന്‍ എസ് എതല ചര്‍ച്ചയും കൊട്ടിഘോഷിക്കാതെ, തീയതി നിശ്ചയിക്കാതെ നടന്നതായിരുന്നു. അതില്‍ കാശ്മീര്‍ വരെ വിഷയമായെന്നാണ് അറിവ്. അങ്ങനെയെങ്കില്‍ ആ ചര്‍ച്ച തന്നെയാണ് ഏറ്റവും നിര്‍ണായകമായത്. തുര്‍ക്ക്‌മെനിസ്ഥാന്റെ തലസ്ഥാനത്ത് തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ ഈ രാജ്യങ്ങളുടെ തലവന്മാര്‍ ഒപ്പുവെച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
പക്ഷേ, അട്ടിമറികളുടെ കാലൊച്ച വളരെ അടുത്തു തന്നെയുണ്ടെന്നതാണ് മുന്നനുഭവം. വാജ്പയിയുടെ ബസ് നയതന്ത്രത്തിന് പിറകേ കാര്‍ഗില്‍. മന്‍മോഹന്‍ സിംഗിന്റെ ക്രിക്കറ്റ് നയതന്ത്രത്തിന് പിറകേ തീവ്രവാദി ആക്രമണങ്ങള്‍. ഉഫയിലെ തീരുമാനങ്ങള്‍ക്ക് പിറകേ ഹുര്‍റിയത്ത് തര്‍ക്കം. കാരണങ്ങള്‍ എന്തുമാകട്ടെ ചര്‍ച്ചകള്‍ വഴി മുട്ടുന്നതാണ് ദുരനുഭവം. എന്‍ എസ് എതല ചര്‍ച്ച പൊളിച്ചത് ഇതേ മോദി സര്‍ക്കാറായിരുന്നുവെന്നോര്‍ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതും നിര്‍ത്തിവെച്ച സെക്രട്ടറിതല ചര്‍ച്ച പുനരാരംഭിച്ചതും വാണിജ്യരംഗത്ത് ചില ചുവടുവെപ്പുകള്‍ ഇരുരാജ്യങ്ങളും നടത്തിയതും അന്ന് വലിയ പ്രതീക്ഷയുണര്‍ത്തിയിരുന്നു. ഇന്നത്തേക്കാള്‍ ശക്തമായിരുന്നു ആ പ്രതീക്ഷ. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളുമായി ഇന്ത്യയിലെ പാക് സ്ഥാനപതി അബ്ദുല്‍ ബാസിത് ചര്‍ച്ച നടത്തിയതിന്റെയും പശ്ചാത്തലത്തില്‍ ഈ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയായിരുന്നു. സെക്രട്ടറിതല ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കി. ഈയടുത്ത കാലത്തെ ഏറ്റവും രൂക്ഷമായ വാക്‌പോരാണ് ഇരുപക്ഷത്തെയും നേതാക്കള്‍ പിന്നീട് നടത്തിയത്.
ഹുര്‍റിയത് നേതാക്കളുമായും ജെ കെ എല്‍ എഫ് നേതാക്കളുമായും പാക് ഹൈക്കമ്മീഷണര്‍ ചര്‍ച്ച നടത്തിയതിന് ഇന്ത്യ അമിത ഗൗരവം കൊടുക്കുകയായിരുന്നു. വിഘടനവാദി നേതാക്കളുമായാണോ രാജ്യത്തെ രാഷ്ട്രീയ നേതൃത്വവുമായാണോ ചര്‍ച്ച നടത്തേണ്ടതെന്ന് പാക്കിസ്ഥാന്‍ തീരുമാനിക്കണമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ചര്‍ച്ച ആരുടെയും ഔദാര്യമല്ലെന്നും പ്രശ്‌നപരിഹാരത്തിനാണ് കാശ്മീരില്‍ നിന്നുള്ളവരുമായി ചര്‍ച്ച നടത്തിയതെന്നും പാക് സ്ഥാനപതി തിരിച്ചടിച്ചു. സത്യത്തില്‍ ഹുര്‍റിയത്തുമായി ചര്‍ച്ച നടത്തുകയെന്നത് ആദ്യത്തെ സംഭവമായിരുന്നില്ല. ആള്‍ പാര്‍ട്ടി ഹുര്‍റിയത് കോണ്‍ഫറന്‍സ് 1993ല്‍ രൂപം കൊണ്ടത് മുതല്‍ അവര്‍ ഇന്ത്യന്‍ മണ്ണില്‍ വെച്ച് പലപ്പോഴും പാക് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലത്ത് മാത്രമല്ല, വാജ്പയ് സര്‍ക്കാറിന്റെ കാലത്തും ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നു. 1995ല്‍ പാക് പ്രസിഡന്റ് ഫാറൂഖ് ലഗാരി സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ഹുര്‍റിയത് നേതാക്കളുമായി ആദ്യ ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നടന്നത്. 2001ല്‍ വാജ്പയിയും മുശര്‍റഫും തമ്മില്‍ ആഗ്രയില്‍ നടന്ന ഉച്ചകോടിയുടെ മുന്നോടിയായി മുശര്‍റഫ് ഹുര്‍റിയത് നേതാക്കളുമായി ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസിയില്‍ കൂടിക്കാഴ്ച നടത്തി. 2005ല്‍ മുശര്‍റഫ് വീണ്ടും ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഇത് ആവര്‍ത്തിച്ചു. 2011 ല്‍ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനിയും ഹുര്‍റിയത് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
അമിതാവേശവും അത്യുച്ച ജയ് വിളികളും വേണ്ടെന്ന് ചുരുക്കം. കല്യാണവീട്ടില്‍ നിനച്ചിരിക്കാതെ കയറിച്ചെല്ലുന്നത് വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചേക്കാം. ഇരു കൂട്ടര്‍ക്കും ആഭ്യന്തരമായ രാഷ്ട്രീയ നേട്ടങ്ങളും സിദ്ധിച്ചേക്കും. വ്യവസായ പ്രമുഖര്‍ക്കും മേഖലയെയാകെ ഒറ്റ കമ്പോളമായി കാണുന്ന വന്‍ ശക്തികള്‍ക്കും വലിയ സന്തോഷമാകുകയും ചെയ്യും. അന്തരീക്ഷം മെച്ചപ്പെടുന്നതിലാണല്ലോ അവര്‍ക്ക് താത്പര്യം. ഈ നീക്കങ്ങള്‍ ഇരു രാജ്യങ്ങളിലെയും മനുഷ്യര്‍ക്ക് ഗുണപരമാകണമെങ്കില്‍ തര്‍ക്ക വിഷയങ്ങളില്‍ സ്വീകാര്യമായ പരിഹാരമുണ്ടാകണം. പാക് വിരോധം കത്തിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികളും ഇന്ത്യയെ രാക്ഷസവത്കരിക്കാന്‍ നടക്കുന്ന അതിര്‍ത്തിക്കപ്പുറത്തെ ഗ്രൂപ്പുകളും അടങ്ങണം. അതിനുള്ള ഇച്ഛാ ശക്തികൂടി രാഷ്ട്രീയ നേതൃത്വം കാണിക്കണം. അടുത്ത മാസം മധ്യത്തില്‍ നടക്കുന്ന സെക്രട്ടറിതല ചര്‍ച്ചയിലേക്കാണ് ഉറ്റു നോക്കേണ്ടത്.