Connect with us

Gulf

ഫുട്‌ബോള്‍ മൈതാനത്തെ കളിക്കാഴ്ചയില്‍ ഖത്വര്‍ എയര്‍വേയ്‌സ് സുരക്ഷാ വീഡിയോ

Published

|

Last Updated

ഖത്വര്‍ എയര്‍വേയ്‌സിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ വിവരിക്കുന്ന വീഡിയോയില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസ്സി

ദോഹ: ഖത്വര്‍ എയര്‍വേയ്‌സ് യാത്രാക്കാര്‍ക്കിനി സുരക്ഷാ നിര്‍ദേശങ്ങള്‍ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കളി കാണുന്ന സ്പിരിറ്റില്‍ മനസ്സിലാക്കാം. വിമാനം ടേക്ക് ഓഫിനു മുമ്പ് നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബായ എഫ് സി ബാഴ്‌സലോണ താരങ്ങളെ അണി നിരത്തി തയാറാക്കിയ ഖത്വര്‍ എയര്‍വേയ്‌സ് വീഡിയോ ഇതിനകം യുട്യൂബില്‍ വൈറലായി. പൊതുവേ യാത്രക്കാര്‍ അത്ര ശ്രദ്ധിക്കാത്ത നിര്‍ദേശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള തന്ത്രം കൂടിയാണ് നാലു മിനിറ്റ് വീഡിയോ.
ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍, ജെറാര്‍ഡ് പിക്വെ, ഇവാന്‍ റാക്റ്റിക്, ജേവിയര്‍ മഷറാനോ എന്നീ ആറ് ബാഴ്‌സലോണ താരങ്ങളാണ് വീഡിയോയില്‍ അണിനിരക്കുന്നത്. താരങ്ങള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഗ്യാലറിയില്‍ ഇരിക്കുന്ന കാണികള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും വിമാനത്തിന്റെ ടോയ്‌ലറ്റിനകത്ത് പുകവലിച്ചയാള്‍ക്ക് ചുവപ്പു കാര്‍ഡ് കാണിക്കുന്നതും കളിനടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ റഫറി വെപ്രാളത്തോടെ സ്വിച്ച് ഓഫ് ചെയ്യുന്നതുമൊക്കെയായ രംഗങ്ങളിലൂടെയാണ് വിമാനത്തിനകത്ത് പാലിക്കേണ്ട സുരക്ഷകള്‍ അവതരിപ്പിക്കുന്നത്.
വിമാനത്തിനകത്തെ സുരക്ഷയും ഫുട്‌ബോള്‍ കളി നിയമങ്ങളെയും കൂട്ടിച്ചേര്‍ത്താണ് വീഡിയോ നിര്‍മാണം. എമര്‍ജന്‍സി വാതിലുകള്‍ കണ്ടെത്തുക, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വീഡിയോ നല്‍കുന്നത്. സ്റ്റേഡിയത്തിനു പുറമേ ബസ്, ലോക്കര്‍ റൂം തുടങ്ങിയവയും പശ്ചാത്തലമായി ഉപയോഗിക്കുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്ന പീക്വേയെ കണ്ട് ശ്വാസം നിലച്ചു പോയ വനിതാ ആരാധകര്‍ക്കായി ഓക്‌സിജന്‍ മാസ്‌കുകള്‍ ഇറങ്ങി വരുന്ന ചിത്രീകരണം മനോഹരമായി.
യാത്രക്കാരുടെ സുരക്ഷയ്ക്ക് നല്‍കുന്ന അതിയായ പ്രധാന്യമാണ് ഇത്തരത്തില്‍ ആകര്‍ഷണിയമായ വീഡിയോ ഒരുക്കാന്‍ കാരണമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് മാര്‍ക്കറ്റിംഗ് പ്രതിനിധി സലാം അല്‍ശവ പറഞ്ഞു. ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ വൈഫൈ സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയിലും ബാഴ്‌സലോണ താരങ്ങളാണ് അണിനിരക്കുന്നത്. 2011ല്‍ ഖത്വര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ബാഴ്‌സലോണ ടീം 2013 മുതല്‍ ഖത്വര്‍ എയര്‍വേയ്‌സ് ജഴ്‌സിയാണ് അണിയുന്നത്. ആദ്യ രണ്ടു വര്‍ഷം ഖത്വര്‍ ഫൗണ്ടേഷന്‍ ലോഗോ ആണ് ജഴ്‌സിയില്‍ ഉപയോഗിച്ചിരുന്നത്.

---- facebook comment plugin here -----

Latest