മജിസ്‌ട്രേറ്റ് തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു: സരിത

Posted on: December 21, 2015 5:48 pm | Last updated: December 22, 2015 at 9:46 am

saritha new

കൊച്ചി: സോളാര്‍കേസ് അന്വേഷിച്ചിരുന്ന മജിസ്‌ട്രേറ്റ് എം വി രാജു തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നുവെന്ന് സരിത എസ് നായര്‍. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു സരിത. 20 മിനിറ്റ് മജിസ്‌ട്രേറ്റുമായി സംസാരിച്ചു. പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് എഴുതിയെടുത്തു. തന്നോട് പരാതി എഴുതി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ സംസാരിക്കുന്ന സമയത്ത് വനിതാ ബഞ്ച് ക്ലാര്‍ക്കും ജൂനിയര്‍ സൂപ്രണ്ടും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും സരിത പറഞ്ഞു.

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മുമ്പ് മജിസ്‌ട്രേറ്റ് എം വി രാജു പറഞ്ഞിരുന്നത്.
അറസ്റ്റിലായ സമയത്ത് തന്റെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കോടതിയിലെത്തിയിട്ടില്ലെന്നും സരിത ആരോപിച്ചു. പിടിച്ചെടുത്ത മുഴുവന്‍ സാധനങ്ങളും മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഒരു ലാപ്‌ടോപ്പ്, നാല് മൊബൈല്‍ ഫോണ്‍, ആറ് സിഡി, മൂന്ന് പെന്‍െ്രെഡവ് എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ ലാപ് ടോപ്പും രണ്ട് മൊബൈല്‍ ഫോണും മാത്രമേ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളുവെന്നും സരിത വ്യക്തമാക്കി.

ബാലകൃഷ്ണ പിള്ളയേയും ഗണേഷ് കുമാറിനേയും നേരിട്ട് അറിയാമെന്നും സരിത അറിയിച്ചു. ഗണേഷ് കുമാറുമായുള്ള ബന്ധം വഴിയാണ് ബാലകൃഷ്ണ പിള്ളയെ പരിചയപ്പെടുന്നത്. അറസ്റ്റിലായ ശേഷവും പിള്ളയെ കണ്ടിട്ടുണ്ടെന്നും ഇവരുടെ സഹായി ശരണ്യ മനോജ് തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി. ജയില്‍ മോചിതയായ ശേഷം താമസിച്ചത് ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണെന്നും സരിത അറിയിച്ചു.

തന്റെ പരാതി 21 പേജെന്ന ജയില്‍ സൂപ്രണ്ടിന്റെ വാദം തെറ്റാണെന്നും സരിത കമ്മീഷനെ അറിയിച്ചു. പത്തനംതിട്ട ജയിലില്‍ വെച്ചാണ് കത്തെഴുതിയത്. 23 പേജുള്ള കത്താണ് ജയില്‍ സൂപ്രണ്ടിന് നല്‍കിയത്. ജയില്‍ സൂപ്രണ്ട് തന്റെ പരാതി വായിച്ചു നോക്കിയ ശേഷം അത് ഫെനി ബാലകൃഷ്ണന് നല്‍കിയെന്നും സരിത പറഞ്ഞു.

അതിനിടെ, സരിതയെ വിസ്തരിക്കാന്‍ അനുവദിവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കമ്മീഷന്‍ അനുവദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടി ശാലു മേനോന്‍ തുടങ്ങിയവരെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കമ്മീഷന്‍ പറഞ്ഞു.