നെയ്‌റോബിയിലെ നിരാശകള്‍

Posted on: December 21, 2015 4:19 am | Last updated: December 20, 2015 at 9:43 pm

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം അധികമെടുത്ത് നടന്ന ഡബ്ലിയു ടി ഒ മന്ത്രിതല സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് പതിവു പോലെ നിരാശയാണ് സമ്മാനിക്കുന്നത്. 2008ല്‍ ലോകത്താകെ പടര്‍ന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്നും പല രാജ്യങ്ങളും പൂര്‍ണമായി കര കയറിയിട്ടില്ലെന്നും ഈ ദിശയില്‍ കൂടുതല്‍ തിരുത്തല്‍ നടപടികള്‍ അനിവാര്യമാണെന്നും സമ്മേളനം പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു. വന്‍കിട വ്യാവസായിക രാഷ്ട്രങ്ങളില്‍ പണച്ചുരുക്കം ഇപ്പോഴും തുടരുകയാണെന്നും ലാഭപ്രതീക്ഷയില്‍ ഇത് വല്ലാതെ ഇടിവ് വരുത്തിയിട്ടുണ്ടെന്നും പ്രമേയം വിലയിരുത്തുന്നു. ഈ സ്ഥിതിവിശേഷം വികസ്വര, അവികസിത രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക രംഗം ചലനാത്മകമാക്കുന്നതിനും നിക്ഷേപകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഇതിന് നേതൃത്വം കൊടുക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു അന്താരാഷ്ട്ര സംവിധാനം ലോകവ്യാപാര സംഘടനയാണെന്നും പ്രമേയം അടിവരയിടുന്നു. ഇക്കാര്യങ്ങളില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍, ചില കാതലായ വിഷയങ്ങളില്‍ തര്‍ക്കം രൂക്ഷമാണെന്നും അത്രയെളുപ്പം പരിഹരിക്കാവുന്നതല്ല ഈ അഭിപ്രായവ്യത്യാസങ്ങളെന്നും ഒരിക്കല്‍ കൂടി വ്യക്തമാക്കിയാണ് ഉച്ചകോടിക്ക് തിരശ്ശീല വീഴുന്നത്.
യു എന്നടക്കമുള്ള എല്ലാ അന്താരാഷ്ട്ര സംഘടനകളും സംവിധാനങ്ങളും കൃത്യമായി വന്‍കിട രാഷ്ട്രങ്ങളുടെ താത്പര്യങ്ങളാണ് കാത്തു സൂക്ഷിക്കുന്നതെന്ന് നെയ്‌റോബിയിലും വ്യക്തമായി. ഇന്ത്യയുള്‍പ്പെടുന്ന ജി 33 സഖ്യം, ആഫ്രിക്കന്‍ യൂനിയന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ യൂറോപ്പിലെ തന്നെ വികസ്വര രാജ്യങ്ങള്‍ തുടങ്ങി നൂറോളം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ആവശ്യപ്പെട്ടിട്ടും അമേരിക്കയുടെ നേതൃത്വത്തിലുള്ള വന്‍കിട ചേരി വിട്ടുവീഴ്ചക്ക് തയ്യാറായില്ല എന്നത് ഈ സംഘടന എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്നതിന് തെളിവാണ്. അജന്‍ഡയില്‍ തന്നെ അവര്‍ ഇടപെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, ജനക്ഷേമ സേവനങ്ങള്‍ എന്നിവയെല്ലാം ചരക്കുകളുടെ വിഭാഗത്തില്‍ വരണമെന്ന വന്‍ ശക്തികളുടെ ശാഠ്യത്തിന് ഉച്ചകോടി വഴങ്ങി. നിയന്ത്രണങ്ങളേതുമില്ലാതെ ചരക്കുകള്‍ അതിര്‍ത്തികള്‍ കീറി മുറിച്ച് സഞ്ചരിക്കണമെന്ന കാഴ്ചപ്പാടിന് സമാനമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സേവനങ്ങളും പരിഗണിക്കണമെന്ന അജന്‍ഡയാണ് അംഗീകരിക്കപ്പെട്ടത്. ഒരു രാജ്യത്തിന്റെ സംസ്‌കാരിക വ്യക്തിത്വം രൂപപ്പെടുത്തുന്നത് അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായമാണ്. അത് വിദേശ മൂലധനത്തിന് തുറന്നുകൊടുത്താല്‍ എന്തായിരിക്കും സ്ഥിതി? നവ ഉദാരവത്കരണത്തിന് കീഴ്‌പ്പെട്ട ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഈ ദിശയില്‍ ഏറെ സഞ്ചരിച്ചുകഴിഞ്ഞു. വിദ്യാഭ്യാസം കമ്പോളവത്കരിച്ചതിന്റെ കെടുതികള്‍ ഈ രാജ്യങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. ഇതിനിടക്കാണ് കൂടുതല്‍ ഉദാരവത്കരണത്തിന് ഡബ്ലിയു ടി ഒ ആഹ്വാനം ചെയ്യുന്നത്. ആരോഗ്യരംഗത്തിന്റെ സ്ഥിതിയും ഇത് തന്നെയാണ്.
ലോകവ്യാപാര സംഘടനയിലെ ചര്‍ച്ചകളുടെ സിംഹഭാഗവും അപഹരിക്കേണ്ടത് വ്യവസായിക മേഖലയാണ്. എന്നാല്‍, 2001ലെ ദോഹ വട്ട ചര്‍ച്ചകളില്‍ ആ സ്വാഭാവികത അസ്തമിച്ചു. പകരം കാര്‍ഷിക മേഖലയെ ചൊല്ലിയായി തര്‍ക്കങ്ങള്‍ മുഴുവന്‍. അന്നാണ് വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വന്‍ തോതില്‍ സബ്‌സിഡി നല്‍കുന്നതിനെ വികസ്വര രാജ്യങ്ങള്‍ നഖശിഖാന്തം എതിര്‍ത്തത്. അതിശക്തമായിരുന്നു ആ പ്രതിരോധം. വികസിത രാജ്യങ്ങള്‍ വളത്തിനോ വിത്തിനോ കാര്‍ഷിക ഉപകരണങ്ങള്‍ക്കോ അല്ല സബ്‌സിഡി നല്‍കുന്നത്. കര്‍ഷകന് നേരിട്ടങ്ങ് നല്‍കുകയാണ്. അതിനാല്‍ അവിടെ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ എത്ര വില കുറച്ചും ലോകത്തിന്റെ ഏത് മൂലയിലും വില്‍ക്കാം. അങ്ങനെ വന്നാല്‍ ഈ ഉത്പന്നങ്ങള്‍ ചെല്ലുന്നിടത്തെല്ലാം ആഭ്യന്തര കര്‍ഷിക മേഖല തകരും. മത്സരത്തില്‍ പരാജയപ്പെട്ട അവിടുത്തെ കര്‍ഷകര്‍ ദുരിതത്തിലാകും. കാര്‍ഷിക മേഖലയെ വലിയ തോതില്‍ ആശ്രയിക്കുന്ന വികസ്വര രാഷ്ട്രങ്ങള്‍ സ്വന്തം കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ ഓരോ ഉച്ചകോടിയിലും തീ പടര്‍ന്നു. 14 വര്‍ഷത്തിന് ശേഷം നെയ്‌റോബിയിലും ഈ ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടെങ്കിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള വികസിതചേരി വഴങ്ങിയിട്ടില്ല. വിപണി തുറക്കണമെന്നും പ്രത്യേക പരിരക്ഷകള്‍ അവസാനിപ്പിക്കണമെന്നും വികസ്വര, അവികസിത രാഷ്ട്രങ്ങളോട് നിഷ്‌കര്‍ഷിക്കുന്ന വന്‍ ശക്തികള്‍ അവരുടെ സബ്‌സിഡിയുടെ കാര്യം വരുമ്പോള്‍ എല്ലാ സംഘടനാ തത്വങ്ങളും സഹകരണ പാഠങ്ങളും മറക്കുന്നു. വിരലിലെണ്ണാവുന്ന സമ്പന്ന രാഷ്ട്രങ്ങളുടെ താത്പര്യങ്ങള്‍ക്ക് പോറലേല്‍ക്കുന്ന ഒരു തീരുമാനവും നെയ്‌റോബിയില്‍ നിന്നും ഉണ്ടായിട്ടില്ല.
സ്‌പെഷ്യല്‍ സേഫ്ഗാര്‍ഡ് മെഷേര്‍സ് (എസ് എസ് എം) എന്ന് വിളിക്കുന്ന ചില പരിരക്ഷകള്‍ വികസ്വര രാജ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ടുവെന്ന് വാണിജ്യ സഹമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ സംഭരിക്കുന്നതിനുള്ള വിലക്ക് നീങ്ങുമെന്നതാണ് അതില്‍ പ്രധാനം. പക്ഷേ, ഈ ചെറിയ ഇളവ് വലിയ നിരാശകള്‍ക്കുള്ള ശമനമാകുന്നില്ലെന്നതാണ് വസ്തുത.