കേസുകള്‍ കാണിച്ച് ഭയപ്പെടുത്തേണ്ട: സോണിയ

Posted on: December 19, 2015 6:14 pm | Last updated: December 20, 2015 at 10:25 am

sonia-gandhi-rahul-gandhi-ന്യൂഡല്‍ഹി: കേസുകള്‍ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദേശീയ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ആരെയും പേടിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. നീതിക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. സത്യം പുറത്തെത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കോടതിയോട് ആദരവുണ്ട്. അതുകൊണ്ടാണ് ഹാജരാകാന്‍ നിര്‍ദേശിച്ചപ്പോള്‍ നേരിട്ടെത്തിയതെന്നും സോണിയ പറഞ്ഞു.
പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. നിയമത്തെ ബഹുമാനിക്കുന്നു. ആരുടെ മുന്നിലും കീഴടങ്ങില്ല. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരും. അതില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടു പോകില്ലെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിമുക്ത ഭാരതമല്ല, പ്രതിപക്ഷ വിമുക്ത രാജ്യമാണ് മോദി ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് നല്‍കിയതിന് സുബ്രഹ്മണ്യം സ്വാമിക്കുള്ള സമ്മാനമാണ് ഇസഡ് കാറ്റഗറി സുരക്ഷയും ബംഗ്ലാവുമെന്ന് അദ്ദേഹം പറഞ്ഞു.
സോണിയക്കും രാഹുലിനും കോണ്‍സിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആശയങ്ങളെയോ നീക്കങ്ങളെയോ പരാജയപ്പെടുത്താന്‍ ബി ജെ പിക്ക് കഴിയില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.