രേഖകളില്ലാതെ എത്തിയ ബംഗ്ലാദേശ് യുവതി ഇന്ന് നാട്ടിലേക്ക് മടങ്ങും

Posted on: December 17, 2015 10:38 am | Last updated: December 17, 2015 at 10:38 am

മണ്ണാര്‍ക്കാട്: മതിയായ രേഖകളില്ലാതെ കേരളത്തിലെത്തിയ ബംഗ്ലാദേശ് യുവതിയെ ഇന്ന് നാട്ടിലേക്ക് തിരിച്ച് അയക്കും. രേഖകളില്ലാതെ എത്തിപ്പെട്ടതാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് യുവതി മടങ്ങുന്നത്.
2013 ഒക്‌ടോബര്‍ 16ന് പുലര്‍ച്ചെ കുമരംപുത്തൂര്‍ ചുങ്കത്ത് വെച്ച് മണ്ണാര്‍ക്കാട് എസ്.ഐ ദീപക് കുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയ 23 വയസ്സുകാരിയായ ബംഗ്ലാദേശിലെ പുല്ല ഡിസ്ട്രിക്റ്റില്‍ മുഹമ്മദ് നൂറ് ഇസ്‌ലാം സക്കിറിയുടെ മകള്‍ സുലേഖയാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ സമയോജിതമായ നടപടികള്‍ മൂലം സ്വദേശത്തേക്ക് മടങ്ങാന്‍ സഹചര്യം ഒരുങ്ങിയിരിക്കുന്നത്.
ദാരിദ്ര്യം മൂലം ജോലി തേടി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയും കിട്ടിയ ട്രെയിനില്‍ പാലക്കാട് എത്തുകയും കൂടെയുണ്ടായിരുന്ന മറ്റുരണ്ട് പേരില്‍ നിന്ന് കൂട്ടംതെറ്റി കുമരംപുത്തൂര്‍ ചുങ്കത്ത് എത്തിപ്പെടുകയുമായിരുന്നു. അസമയത്ത് ചുങ്കത്ത് കണ്ട യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പരിഭാഷകന്റെ സഹായത്തോടെ അനധികൃത കുടിയേറ്റമാണെന്ന് മനസ്സിലാക്കി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
പാലക്കാട് സബ് ജെയിലില്‍ കഴിയവെ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് 2014 ഫെബ്രുവരി 4ന് യുവതിയെ ആറുമാസത്തേക്ക് കോടതി ശിക്ഷിക്കുകയും തുടര്‍ന്ന് തൃശൂര്‍ സ്‌പെഷല്‍ വനിതാ സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തു. 2014 ആഗസ്റ്റില്‍ ശിക്ഷാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെ മുട്ടിക്കുളങ്ങരയിലെ മഹിളാ മന്ദിരത്തില്‍ താമസിച്ചുവരുകയായിരുന്നു. യുവതിയെ സ്വദേശത്തേക്ക് മടക്കി അയക്കുന്നതിന്റെ ഭാഗമായി സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെടുകയും ഡീപോര്‍ട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് എംബസിയുടെ നിര്‍ദേശപ്രകാരം 2016 ജനുവരി ആറിന് മുമ്പായി യുവതിയെ അതിര്‍ത്തിയില്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്.
കൊല്‍ക്കത്തയിലെ ഹൗറയിലെത്തി അവിടെ നിന്ന് സ്‌പെഷ്യല്‍ പോലീസിന്റെ സഹായത്തോടെ ഹരിധസ്പൂരിലെ ഐ സി പി ബി .എസ് ഫ് അതിര്‍ത്തി പോസ്റ്റില്‍ വെച്ച് കൊമാറാനാണ് ഉത്തരവ്. യുവതിയുമായി ഇന്ന് രാത്രി 10 മണിക്ക് ഷാലിമാര്‍ എക്‌സ്പ്രസില്‍ ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മണ്ണാര്‍ക്കാട് എ എസ് ഐ നാരായണന്‍കുട്ടി, വനിതാ പോലീസുകരായ ബിന്ദു, സീന, എ ആര്‍ ക്യാമ്പിലെ പ്രിയേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അതിര്‍ത്തിയിലേക്ക് യാത്രതിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ആദ്യത്തെ ഡീപോര്‍ട്ടേഷനാണിത്.