വയോജന ക്ഷേമം: നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം- അഡ്വ. വി കെ ബീരാന്‍

Posted on: December 17, 2015 10:23 am | Last updated: December 17, 2015 at 10:23 am

കോഴിക്കോട്: വയോജന ക്ഷേമത്തിനായുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന് മുന്‍ അഡീഷണല്‍ അഡ്വ. ജനറലും വയോജന സംരക്ഷണ നിയമ സമിതി ചെയര്‍മാനുമായ അഡ്വ. വി കെ ബീരാന്‍. വയോജനങ്ങള്‍ക്കായി പല നിയമങ്ങളുണ്ടെങ്കിലും ഒന്നും ശരിയായി നടപ്പാക്കുന്നില്ല. ഇത് കൃത്യമായി നടപ്പാക്കിയാല്‍ വയോജനങ്ങള്‍ ഇന്നനുഭവിക്കുന്ന 70 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് 2007ല്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്ര നിയമം പാസാക്കിയിട്ടുണ്ട്. 2009ലെ നിയമവും വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും കാര്യക്ഷമമായി നടപ്പാക്കുന്നില്ല. വയോജന സൗഹൃദ സംസ്ഥാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് യഥാര്‍ഥമാക്കുന്നതിനായാണ് വയോജന ക്ഷേമ സംരക്ഷണ റഗുലേറ്ററി ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി പ്രത്യേക സമിതി രൂപവത്കരിച്ചത്. സമിതി എല്ലാ ജില്ലകളിലും തെളിവെടുപ്പ് നടത്തുന്നുണ്ട്. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും.
ആരോഗ്യ രംഗത്തും മറ്റു സര്‍ക്കാര്‍ തലങ്ങളിലും വയോജനങ്ങള്‍ക്കായുള്ള പല നിയമങ്ങളും നടപ്പാക്കിയിട്ടില്ല. ആശുപത്രിയില്‍ ചികിത്സക്കായെത്തുന്ന വയോജനങ്ങളുടെ സംരക്ഷണം പോലും കാര്യക്ഷമമല്ല. ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി കിടക്ക നല്‍കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല.
വയോജനങ്ങള്‍ക്ക് നീതിനിഷേധമുണ്ടായാല്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കാനും അത് സമയബന്ധിതമായി പരിഹരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ട്രൈബ്യൂണലുകളിലും കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. വയോജന സംരക്ഷണം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ നിയമങ്ങളെ കുറിച്ച് അജ്ഞരാണ്. ഈ സാഹചര്യത്തില്‍ ആര്‍ ഡി ഒമാരെയും വയോജന സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി ശില്‍ പ്പശാല സംഘടിപ്പിക്കും.
കൊച്ചിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമവിദഗ്ധര്‍ ക്ലാസെടുക്കും. മാധ്യമങ്ങള്‍ വയോജന അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.