Connect with us

Malappuram

തെരുവില്‍ നിന്ന് കൃഷ്ണന് മടങ്ങണം; കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്‌

Published

|

Last Updated

മലപ്പുറം :നീണ്ട ഇരുപത് വര്‍ഷത്തെ തെരുവ് ജീവിതത്തില്‍ നിന്ന് വിട പറഞ്ഞ് ബന്ധുക്കളുടെ അരികിലേക്കെത്താന്‍ കൃഷ്ണന്റെ ഹൃദയം തുടിക്കുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ബന്ധുക്കള്‍ തന്നെ തിരിച്ചറിഞ്ഞ് സ്വീകരിച്ചാല്‍ ഇനിയുള്ള ജീവിതം അവരോടൊപ്പമാകുമെന്ന് മഞ്ചേരിയിലെ തെരുവുകള്‍ക്ക് സുപരിചിതനായ നെല്ലിപ്പറമ്പില്‍ കൃഷ്ണന്‍ പറയുന്നു. 1995ലാണ് ഇദ്ദേഹം വീടുവിട്ടിറങ്ങിയത്. നാടു നീളെ സഞ്ചരിച്ച് ഒടുവില്‍ എത്തിച്ചേര്‍ന്നത് മഞ്ചേരിയിലായിരുന്നു. പിന്നീട് ഒരിക്കല്‍ പോലും വീടണയാന്‍ കഴിഞ്ഞില്ല. തെരുവ് തന്നെയായിരുന്നു വീട്. പിതാവ് ഉണ്ണിയുടെയും മാതാവ് മാളുവിന്റെയും മരണ ശേഷമായിരുന്നു സ്വന്തം നാടും വീടും ഉപേക്ഷിച്ചുള്ള യാത്രക്കിറിങ്ങിയത്. അന്ന് കൃഷ്ണന്റെ വയസ് 36. തെരുവില്‍ മഴയും, കാറ്റും അനുഭവിച്ച് ജീവിതം തള്ളിനീക്കിയ ഇദ്ദേഹം രാത്രിയില്‍ പീടിക തിണ്ണയിലാണ് അന്തിയുറങ്ങുന്നത്. നിര്‍മാണ ജോലി ചെയ്താണ് ജീവിത ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതില്‍ ബാക്കിയുള്ള പണം തെരുവില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടി നീക്കി വെക്കും. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ശ്വാസം മുട്ടല്‍ അനുഭവിക്കുന്നതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ഇതോടെ മറ്റുള്ളവരുടെ സഹായത്തിലായി ജീവിതം.
മഞ്ചേരി മെഡി. കോളജാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വീട്. ഉറക്കവും കുളിയുമെല്ലാം ഇവിടെ തന്നെ. അവിവാഹിതനായ കൃഷ്ണന് ജീവിത സായാഹ്‌നം ബന്ധുക്ക ളോടൊപ്പമാകണമെന്നാണ് ആഗ്രഹം. ചന്തുകുട്ടി, ലാലുകുട്ടി എന്നീ രണ്ട് സഹോദരന്‍മാരാണ് കുറ്റിക്കാട്ടൂരിലുള്ളത്. ഇവര്‍ തന്നെ തിരിച്ചറിയുമോ എന്ന ആശങ്കയുമുണ്ട് കൃഷ്ണന്.