വിട പറഞ്ഞത് തോട്ടം തൊഴിലാളികളുടെ പ്രിയ ‘പി കെ ജി’

Posted on: December 15, 2015 11:47 am | Last updated: December 15, 2015 at 11:47 am

കല്‍പ്പറ്റ: വയനാട്ടിലെ തൊഴിലാളികളുടെ അവകാശസമരങ്ങള്‍ക്കായി എക്കാലത്തും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പി കെ ഗോപാലന്‍. തോട്ടം മേഖല രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ കാലഘട്ടത്തിലെല്ലാം തന്നെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്ന പി കെ ഗോപാലന്‍ പതിറ്റാണ്ടുകളോളം ജ്വലിച്ചുനിന്ന ധീരമായ നേതൃത്വമായിരുന്നു. പി കെ ഗോപാലന്‍ നടത്തിയ സമരഭൂമിക ചരിത്രത്തിലിടം നേടുന്നതാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തോട്ടം തൊഴിലാളികളെ അടിമകളെ പോലെ ജോലി ചെയ്യിച്ചിരുന്ന കങ്കാണിമാരുടെ നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. 1956-ല്‍ മേപ്പാടിയിലെ തോട്ടങ്ങളില്‍ നിസാരകൂലിക്ക് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദാരിദ്ര്യം നിറഞ്ഞ അവസ്ഥക്ക് പരിഹാരം കാണുന്നതിനായി കെ കുമാരന്‍ 19 ദിവസം നിരാഹാരസമരം അനുഷ്ഠിച്ചിരുന്നു. ആ സമരത്തിന്റെ കണ്‍വീനറായി തൊഴിലാളികളെ അണിനിരത്തിയത് പി കെ ഗോപാലനായിരുന്നു. മണ്ണാര്‍ക്കാട് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് തന്നെ സജീവരാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1951-ലാണ് വയനാട്ടിലെ തോട്ടം മേഖലയായ മേപ്പാടിയില്‍ എത്തിച്ചേര്‍ന്നത്. ദുരിതപൂര്‍ണമായ തോട്ടം തൊഴിലാളികളുടെ ദുരവസ്ഥ കണ്ടറിഞ്ഞ പി കെ അവരുടെ അവകാശസമരങ്ങള്‍ക്കായി തന്റെ ജീവിതം തന്നെ മാറ്റിവെച്ചു. ധീരനായ ഒരു പടയാളിയെ പോലെ തൊഴിലാളികളുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെ അദ്ദേഹം ‘പി കെ ജി’ എന്ന പേരിലറിയപ്പെട്ടുതുടങ്ങി. ഓരോ സമരങ്ങള്‍ക്കും ജനസമ്മതനായ ‘പി കെ ജി’യെ വയനാട്ടുകാര്‍ മനസ്സറിഞ്ഞ് പിന്തുണക്കുകയും ചെയ്തു. സി കെ ഗോവിന്ദന്‍നായര്‍, ടി എം രാഘവന്‍, കെ നാരായണക്കുറുപ്പ്, കെ കുമാരന്‍ എന്നീ പ്രഗത്ഭരായ മുന്‍കാല തൊഴിലാളി നേതാക്കളുടെ പ്രവര്‍ത്തന പാരമ്പര്യം അദ്ദേഹത്തിന് തുണയായി. അഞ്ച് പതിറ്റാണ്ടോളം വയനാട്ടിലെ തോട്ടം മേഖലയിലെ ഐക്യട്രേഡ് യൂണിയന്‍ കണ്‍വീനറാകാന്‍ പി കെ ഗോപാലന് കഴിഞ്ഞതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന്റെ ഉദ്ദാഹരണമാണ്. എല്ലാ വിഭാഗം ട്രേഡ് യൂണിയനുകളെയും ഒരുമിപ്പിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടാനുള്ള നേതൃപാടവവും അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതായിരുന്നു. 1951-ല്‍ മലബാര്‍ ഡിസ്ട്രിക്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസ് സെക്രട്ടറിയായി ആരംഭിച്ച രാഷ്ട്രീയ ജീവിതത്തില്‍ പിന്നീട് ഏറെ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി, ഐ എന്‍ ടി യു സി സംസ്ഥാന ട്രഷറര്‍, സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, നാഷണല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കെ പി സി സി മെമ്പര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ബോര്‍ഡ് അംഗം, ചിറ്റൂര്‍ ഷുഗര്‍മില്ല് ചെയര്‍മാന്‍, അഖിലേന്ത്യാ ഷുഗര്‍ ഫെഡറേഷന്‍ അംഗം, മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ബോര്‍ഡ് അംഗം, സ്റ്റേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയംഗം, ആര്‍ ടി എ അംഗം, തൃക്കൈപ്പറ്റ സര്‍വ്വീസ് സഹകരണബാങ്കിന്റെ മുന്‍ പ്രസിഡന്റ് എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചു. നിലവില്‍ ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്, മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കരിപ്പോട്ടില്‍ ജാനകിയമ്മയാണ് ഭാര്യ. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും, തോമാട്ടുചാല്‍ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് അംഗവുമായ പി കെ അനില്‍കുമാര്‍, ഭാനുമതി, അംബിക എന്നിവര്‍ മക്കളാണ്.