കാഞ്ഞങ്ങാട്ട് വിദേശ മദ്യവില്‍പന സജീവം

Posted on: December 14, 2015 3:55 am | Last updated: December 13, 2015 at 9:55 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വിദേശ മദ്യവില്‍പ്പന സജീവം. അരയി, കാര്‍ത്തിക, പാലക്കാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് രാപ്പകല്‍ ഭേദമന്യേ വിദേശമദ്യ വില്‍പ്പന തകൃതിയായി നടക്കുന്നത്.
ചില വീടുകള്‍ കേന്ദ്രീകരിച്ചാണ് മദ്യ വില്‍പ്പന പൊടിപൊടിക്കുന്നത്. പാലക്കാല്‍ സ്‌കൂള്‍ പരിസരത്ത് കേന്ദ്രീകരിച്ച് സ്ഥലത്തെ ഒരു യുവാവ് വര്‍ഷങ്ങളായി ടൗണില്‍ നിന്നും മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നുണ്ട്. അരയി സെന്റട്രല്‍ അംഗന്‍വാടിയിലും അമ്പലപരിസരത്തും മദ്യപാനികളുടെ ശല്യം ഏറിവരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരുകാലത്ത് അരയി മദ്യത്തിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു.
അതിനുശേഷം അരയി, പാലക്കാല്‍ പ്രദേശങ്ങള്‍ തീര്‍ത്തും മദ്യ വിമുക്ത മേഖലയായി മാറിയിരുന്നു. അരയി പ്രദേശത്ത് നാടന്‍ വാറ്റ് വില്‍പ്പനയും നടത്തുന്നുണ്ട്. ടൗണില്‍ നിന്നും ആറങ്ങാടി, നീലാങ്കര ഭാഗങ്ങളില്‍ നിന്നും നാടന്‍വാറ്റ് കുടിക്കാന്‍ മദ്യപാന്‍മാര്‍ എത്തുന്നുണ്ട്. കൂടാതെ ഈ പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പനയും നടത്തുന്നുണ്ടെന്നാണ് അറിഞ്ഞത്. തൊട്ടടുത്ത അരയി പ്രദേശത്തെ വയലുകളില്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ്.
പുഴക്കരയില്‍, തെങ്ങിന്‍ തോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് മദ്യപിക്കുകയും പിന്നീട് ഒഴിഞ്ഞ കുപ്പികള്‍ വയലിലേക്ക് വലിച്ചെറിയുകയുമാണ് ചെയ്യുന്നത്. ഇതുമൂലം വയലില്‍ ഉഴുവാനൊ കൃഷിയിറക്കുവാനോ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.
മേലധികാരികള്‍ക്ക് പലപ്രാവശ്യം പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനിയും നടപടി ഉണ്ടായിട്ടില്ലെങ്കില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ അമ്മമാര്‍, കുട്ടികള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്നാണ് നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ പറയുന്നത്.