കുറ്റിക്കോലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Posted on: December 14, 2015 4:23 am | Last updated: December 13, 2015 at 9:53 pm

ബേഡകം: കുറ്റിക്കോലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷവും വിമതവിഭാഗവും തമ്മിലാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് വിമതനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ വീട്ടിയാടിയിലെ സുനീഷ് ജോസഫിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ബന്തടുക്ക ടൗണിലാണ് സംഭവം. ടൗണില്‍ നില്‍ക്കുകയായിരുന്ന സുനീഷിനെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ വിമതസ്ഥാനാര്‍ഥിയായി മത്സരിച്ചാണ് സുനീഷ് ജോസഫ് വിജയിച്ചത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലായിരുന്ന കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം ഇക്കുറി കോണ്‍ഗ്രസാണ് പിടിച്ചെടുത്തത്. സുനീഷ് വിമതസ്ഥാനാര്‍ഥിയായി മത്സരിച്ചതില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്ക് വിരോധമുണ്ടായിരുന്നു. സുനിഷിനെ മര്‍ദിക്കുന്നതിനെ വിമതവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ പൊരിഞ്ഞ തല്ല് നടന്നു.
തദ്ദേശതിരഞ്ഞെടുപ്പ് സമയത്തും കുറ്റിക്കോലില്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലേറ്റുമുട്ടിയിരുന്നു. സാരമായി പരുക്കേറ്റ സുനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് മര്‍ദനമേറ്റ സംഭവത്തോടെ കോണ്‍ഗ്രസില്‍ പോര് മുറുകിയിരിക്കുകയാണ്. സുനീഷിനെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിമത വിഭാഗം രംഗത്തുവന്നുകഴിഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം നടത്തിയതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുനീഷിനെ വിമത വിഭാഗത്തില്‍ പെട്ട നേതാക്കള്‍ സന്ദര്‍ശിച്ചു.