വെള്ളാപ്പള്ളിക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് മുട്ട് വിറക്കുന്നു പിണറായി

Posted on: December 12, 2015 8:05 pm | Last updated: December 12, 2015 at 8:05 pm

pinarayiതിരുവനന്തപുരം: മോഡിക്കും വെള്ളാപ്പള്ളി നടേശനും മുന്നില്‍ മുട്ടുവിറക്കുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയുടെ ബിജെപി വിധേയത്വവും സങ്കുചിതത്വവുമാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി വിലക്കപ്പെടുന്ന അവസ്ഥയുണ്ടാക്കിയതെന്ന് പിണറായി കുറ്റപ്പെടുത്തി. ഇതിന്റെ അപമാനഭാരം പേറാന്‍ കേരളം നിര്‍ബന്ധിക്കപ്പെടുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു.

ആര്‍ ശങ്കറിന്റെ പ്രതിമാ അനാഛാദനച്ചടങ്ങില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ടത് തികഞ്ഞ മര്യാദയും സ്വാഭാവികതയുമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. അതിന് വിലക്കുകല്‍പ്പിക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയറാകാതെ കുമ്പിട്ടുനിന്ന് ‘റാന്‍’ മൂളുന്നത് ഭൂഷണമല്ല. വിലക്കിയവരും വിലക്ക് തൊണ്ട തൊടാതെ വിഴുങ്ങിയ മുഖ്യമന്ത്രിയും കേരളീയന്റെ ആത്മാഭിമാനത്തെയാണ് അവഹേളിക്കുന്നത്. ഈ വിലക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അറിഞ്ഞു കൊണ്ടാണോ?. ആണെങ്കിലും അല്ലെങ്കിലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസത്തെ ചവിട്ടി മെതിക്കുന്നതാണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ പറയുന്നു.