Connect with us

Gulf

അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെക്കുമെന്ന് ധനമന്ത്രി

Published

|

Last Updated

ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി

ദോഹ: ബൃഹദ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കലിലാണ് ഇപ്രാവശ്യത്തെ ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിരവധി വന്‍കിട പദ്ധതികള്‍ നടന്നുവരുന്നുണ്ട്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ദ യൂറോമണി ഖത്വര്‍ കോണ്‍ഫറന്‍സ്-2015ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധന, വാതക വിലകളില്‍ വലിയ വിലത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ സംരക്ഷിത ഇന്ധന വിലയുമായി ഖത്വര്‍ മുന്നോട്ടുപോകും. ഭാവിയില്‍ ഇന്ധന, വാതക വിലകള്‍ കുറയാന്‍ തന്നെയാണ് സാധ്യത. ബജറ്റിലെ അന്താരാഷ്ട്ര സാമ്പത്തിക നയങ്ങളെ അല്‍ ഇമാദി സൂചിപ്പിച്ചു. ബജറ്റ് അന്തിമഘട്ടത്തിലാണ്. വൈകാതെ കാബിനറ്റിനും ഉപദേശക സമിതിക്കും അംഗീകാരത്തിനായി സമര്‍പ്പിക്കും.
ഇന്ധന വിലത്തകര്‍ച്ചയെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധിയുണ്ടെങ്കിലും ഖത്വര്‍ മികച്ച സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തും. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം, തുടങ്ങിയ മേഖലയില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കാഴ്ചവെക്കുന്നതിലൂടെ സാമ്പത്തിക സ്ഥിരത കൈവരും. 2022 ലോകകപ്പുമായി ബന്ധപ്പെട്ടും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതും സാമ്പത്തിക രംഗത്തെ ഉന്മേഷത്തിന് കാരണമാകും.
സ്വകാര്യ മേഖലയുടെ നേതൃത്വത്തില്‍ എണ്ണ, ഇന്ധന മേഖലയില്‍ 261 ബില്യന്‍ ഖത്വര്‍ റിയാലിന്റെ പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചതായും ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി കൂട്ടിച്ചേര്‍ത്തു.