മോഡിയുടെ ചെന്നൈ സന്ദര്‍ശനം; ചിത്രം മോര്‍ഫ് ചെയ്തതിന് പിഐബി മാപ്പ് പറഞ്ഞു

Posted on: December 4, 2015 8:10 pm | Last updated: December 5, 2015 at 7:09 am
SHARE
പ്രധാനമന്ത്രിയുടെ യഥാര്‍ഥ ചിത്രം ഇടത്ത്. മോര്‍ഫ് ചെയ്ത ചിത്രം വലത്ത്.
പ്രധാനമന്ത്രിയുടെ യഥാര്‍ഥ ചിത്രം ഇടത്ത്. മോര്‍ഫ് ചെയ്ത ചിത്രം വലത്ത്.

ന്യൂഡല്‍ഹി: ചെന്നൈയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതിന് കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്താ വിതരണ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാപ്പ് പറഞ്ഞു. തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തതെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും പിഐബി വ്യക്തമാക്കി.

ഹെലികോപ്റ്ററില്‍ ചെന്നൈ നഗരത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തിലാണ് തിരുത്തല്‍ വരുത്തിയത്. ഹെലികോപ്റ്ററിന്റെ ജനലിലൂടെ പ്രധാനമന്ത്രി പുറത്തേക്ക് നോക്കുന്ന ചിത്രത്തില്‍ ചെന്നെ നഗരത്തിലെ പ്രളയം വ്യക്തമായി കാണുന്ന രീതിയില്‍ എഡിറ്റ് ചെയ്യുകയായിരുന്നു. പ്രളയത്തിന്റെ മറ്റൊരു ചിത്രം ജനലിന്റെ സ്ഥാനത്ത് മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയാണ് ചെയ്തത്. പിഐബിയുടെ ട്വിറ്ററിലും ഫേസ്ബുക്കിലും ഈ ചിത്രം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.