Connect with us

Malappuram

ഏ ആര്‍ നഗറിലെ നാലു സെന്റില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണം

Published

|

Last Updated

തിരൂരങ്ങാടി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുന്നുംപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ഏ ആര്‍ നഗര്‍ പഞ്ചായത്ത് നിവാസികള്‍ ആവശ്യപ്പെടുന്നു. ഏ ആര്‍ നഗര്‍, കണ്ണമംഗലം, പെരുവള്ളൂര്‍ പഞ്ചായത്തുകളില്‍ നിന്നായി ദിവസവും എണ്ണൂറിലേറെ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. വിശാലമായ സ്ഥലവും സൗകര്യവും ഇവിടെയുണ്ട്. കിടത്തി ചികിത്സ ആരംഭിക്കണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഇത് വരേയും അത് യാഥാര്‍ഥ്യമായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും പാതിവഴിയില്‍ മുടങ്ങുകയാണുണ്ടായത്. ആവശ്യത്തിന് ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിച്ച് ഇവിടെ കിടത്തി ചികിത്സ തുടങ്ങണമെന്നാണ് ആവശ്യം. ആവശ്യത്തിന് കെട്ടിടങ്ങള്‍ തുടങ്ങുവാനുള്ള സ്ഥലവും ഇവിടെയുണ്ട്. പഞ്ചായത്തിലെ നാലുസെന്റ് കോളനികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നതും പ്രധാന ആവശ്യമാണ്.
ആലുങ്ങല്‍ പറമ്പ് കാരച്ചിന കോളനികളിലെ നാലുസെന്റ് ഭൂമിയില്‍ താമിസക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഇതില്‍ പലരും സര്‍ക്കാര്‍ ഭൂമിയിലാണ് കഴിയുന്നത്. പട്ടയം ലഭിക്കാത്തതിനാല്‍ വൈദ്യുതി റേഷന്‍ കാര്‍ഡ് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങളും മറ്റും നഷ്ടമാകുന്നു. ഇത്തരം കുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലം പട്ടയമായി അനുവദിക്കണം.
പുകയൂര്‍ വലിയപറമ്പിലെ ജി എല്‍ പി സ്‌കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തണമെന്നതാണ് മറ്റൊരു ആവശ്യം. ഈ പ്രദേശത്തിലെ വിദ്യാര്‍ഥികള്‍ എല്‍ പി പഠനത്തിന് ശേഷം കിലോമീറ്ററുകള്‍ താണ്ടിയാണ് യു പി സ്‌കൂളിലേക്ക് പോകുന്നത്. ഇതിന് പരിഹാരം കാണാന്‍ പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണവും പ്രധാന ആവശ്യമാണ്. ഗാലറിയും ചുറ്റുമതിലും കെട്ടി സ്റ്റേഡിയം നവീകരിക്കണമെന്ന് വിവിധ ക്ലാബ്ബുകളും സംഘടനകളും നിരന്തരമായി ആവശ്യപ്പെടുന്നു.
കുടിവെള്ള പ്രശ്‌നവും പരിഹരിക്കപ്പെടണം. കൂമംചിന കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായെങ്കിലും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രയോജനമാകുന്നില്ല. കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിലെ പ്രശ്‌നവും പരിഹരിക്കണം.

---- facebook comment plugin here -----

Latest