നിഷ്പക്ഷമായ നീതിനിര്‍വഹണത്തിന്

Posted on: October 19, 2015 5:20 am | Last updated: October 18, 2015 at 8:23 pm
SHARE

ഉന്നതനീതിപീഠങ്ങളിലെ ന്യായാധിപരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും ദേശീയ ന്യായാധിപ നിയമന കമ്മീഷന്‍ (നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍) രൂപവത്കരിക്കുന്നതിനായി പാര്‍ലിമെന്റ് നടത്തിയ നിയമനിര്‍മാണം അസാധുവും ഭരണഘടനാവിരുദ്ധവുമാണെന്ന സുപ്രീം കോടതി വിധി നിയമനിര്‍മാണ വിഭാഗവും നീതിന്യായ വിഭാഗവും തമ്മിലുള്ള അധികാര സംതുലനം സംബന്ധിച്ച് പുതിയ ചര്‍ച്ചക്ക് വഴി വെച്ചരിക്കുകയാണ്. പാര്‍ലിമെന്റിന്റെ നിയമനിര്‍മാണ അവകാശത്തെയും പരമാധികാരത്തെയും വെല്ലുവിളിക്കുകയാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ ഭരണനിര്‍വഹണ, നിയമനിര്‍മാണ വിഭാഗങ്ങള്‍ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയില്‍ കൈകടത്താന്‍ ശ്രമിച്ചപ്പോള്‍ ഇടപെടുകയാണ് പരമോന്നത കോടതി ചെയ്തതെന്ന് മറുഭാഗം വാദിക്കുന്നു. വിവിധ പരിണാമങ്ങളിലൂടെ കടന്ന് വന്നാണ് രാജ്യം നിയമന കമ്മീഷനില്‍ എത്തിച്ചേര്‍ന്നത്. സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കോടതി ജഡ്ജിമാരുമായി കൂടിയാലോചിച്ച് ഭരണനിര്‍വഹണ തലവനായ രാഷ്ട്രപതിയുടെ അന്തിമ അനുമതിയോടെ ന്യായാധിപരെ നിയമിക്കണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഈ സംവിധാനമാണ് നിലനിന്നിരുന്നത്. രാഷ്ട്രപതിമാരുടെ രാഷ്ട്രീയം നിയമനത്തില്‍ കടന്നുവരുന്നുണ്ടെന്നും അതിന് ന്യായാധിപന്‍മാര്‍ വശംവദരാകുന്നുവെന്നും തീര്‍പ്പുകളുടെ ഗുണത്തെ തന്നെ ഇത് ബാധിക്കുന്നുണ്ടെന്നും ആക്ഷേപം ഉയര്‍ന്നതോടെയാണ് കൊളീജിയം സമ്പ്രദായം വന്നത്. സുപ്രീം കോടതി വിധി തന്നെയാണ് ഇതിന് ആധാരമായത്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന ന്യായാധിപരുടെ പാനല്‍ നിയമനങ്ങള്‍ നടത്തുന്ന രീതിയാണ് കൊളീജിയം സമ്പ്രദായം. ഇതാണ് ഇപ്പോള്‍ തുടരുന്നത്. ഈ സംവിധാനത്തിനകത്ത് നിരവധി ന്യൂനതകള്‍ ഉണ്ടെന്ന് പല തവണ തെളിഞ്ഞു. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അടക്കമുള്ള ന്യായാധിപന്‍മാര്‍ വിരമിച്ച ശേഷം നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ചീഫ് ജസ്റ്റിസുമാരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നിയമനത്തിലും സ്ഥലംമാറ്റത്തിലും കടന്നുവരുന്നുവെന്നതായിരുന്നു ഈ വെളിപ്പെടുത്തലുകളുടെ ആകെത്തുക. കൊളീജിയത്തിലെ അംഗങ്ങള്‍ തങ്ങളുടെ സ്വാധീനമുറപ്പിച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും ഇഷ്ടമില്ലാത്തവരെ തഴയുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് വരുന്നത് എത്ര ഗുരുതരമാണ്? മാത്രവുമല്ല, കൊളീജിയം വഴി വന്ന പല ന്യായാധിപരുടെയും വിധിന്യായങ്ങള്‍ക്ക് നിര്‍ദിഷ്ട ‘ഗുണമേന്‍മ’യില്ലെന്നും തെളിയിക്കപ്പെട്ടു. ജുഡീഷ്യറിയിലെ അഴിമതിയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടിയത്.
ഈ പശ്ചാത്തലത്തിലാണ് നിയമനത്തിന് പുതിയൊരു സംവിധാനത്തെക്കുറിച്ച് ആലോചന തുടങ്ങിയത്. നിരന്തരമായ കൂടിയാലോചനക്കും ഗവേഷണങ്ങള്‍ക്കും ശേഷം രൂപപ്പെടുത്തിയെടുത്ത സംവിധാനമായിരുന്നു എന്‍ ജെ എ സി. കമ്മീഷനില്‍ ആറ് അംഗങ്ങളാണ് ഉണ്ടാകുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഏറ്റവും മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍, നിയമമന്ത്രി, രണ്ട് ശ്രേഷ്ഠ വ്യക്തികള്‍ എന്നിവരാണ് അംഗങ്ങള്‍. ശ്രേഷ്ഠ വ്യക്തികളെ നിശ്ചയിക്കുന്നത് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്/ വലിയ പാര്‍ട്ടിയുടെ നേതാവ് എന്നിവര്‍ ചേര്‍ന്നാണ്. രാജ്യം ഒറ്റക്കെട്ടായാണ് ഈ സംവിധാനത്തിന് അംഗീകാരം നല്‍കിയത് എന്ന് പറയാം. കാരണം പാര്‍ലിമെന്റിന്റെ ഇരുസഭകളും ഈ ഭേദഗതി അംഗീകരിച്ചതാണ്. ഭൂരിപക്ഷം സംസ്ഥാന നിയമസഭകളും അംഗീകരിച്ചു. വിവിധ ഘട്ടങ്ങലില്‍ പൊതു ജനങ്ങളുടെ അഭിപ്രായത്തിനും വെച്ചു. ഇങ്ങനെ വിശാലമായ സമ്മതിയുണ്ടായിരുന്ന ഒരു സംവിധാനത്തെ അസാധുവെന്ന് ഒറ്റയടിക്ക് വിധിക്കുന്നത് ജനാധിപത്യവിരുദ്ധമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
അതേസമയം, നിയമന കമ്മീഷന്‍ അസാധുവാക്കിയ കോടതി കൊളീജിയം സമ്പ്രദായത്തെ അപ്പടി അംഗീകരിച്ചില്ല എന്നതാണ് ആശ്വാസകരമായ സംഗതി. ആ അര്‍ഥത്തില്‍ ഈ വിധി കൂടുതല്‍ പരിശോധനകള്‍ക്കുള്ള വാതായനങ്ങള്‍ തുറന്നിടുന്നുണ്ട്. അടിസ്ഥാനപരമായ പ്രശ്‌നം ജുഡീഷ്യല്‍ നിയമനങ്ങള്‍ നീതിന്യായ വിഭാഗത്തിന് വിട്ടു കൊടുക്കണോ രാഷ്ട്രീയ സംവിധാനത്തിന്റെ പരിശോധനക്കും അനുമതിക്കും വെക്കണോ എന്നതാണ്. നിയമന കമ്മീഷനില്‍ മൂന്നംഗങ്ങള്‍ ‘പുറത്ത് നിന്നു’ള്ളവരാണ്. ഇവര്‍ വിചാരിച്ചാല്‍ നിയമനത്തില്‍ ഇടപെടാനാകുമെന്നതാണ് ജഡ്ജിമാരെ ആശങ്കാകുലരാക്കുന്നത്. കാലാന്തരേണ അത്തരം വഴിവിട്ട ഇടപെടലിലേക്ക് ഈ സംവിധാനം നീങ്ങിയേക്കാമെന്നത് വസ്തുതയുമാണ്. കാരണം കമ്മീഷനില്‍ അംഗത്വം നേടുന്ന വ്യക്തികളുടെ വിശ്വാസ്യതയും അറിവും അതില്‍ നിര്‍ണായകമായിരിക്കും.
ചുരുക്കത്തില്‍ ഒരു മധ്യമ മാര്‍ഗമാണ് ഇപ്പോള്‍ അനിവാര്യമായിരിക്കുന്നത്. നിയമനിര്‍മാണ, ഭരണനിര്‍വഹണ, നീതിന്യായ വിഭാഗങ്ങളുടെ സ്വാതന്ത്ര്യവും പരസ്പര നിയന്ത്രണവുമാണല്ലോ ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ കാതല്‍. അങ്ങനെ വരുമ്പോള്‍ പരസ്പരമുള്ള ഇടപെടല്‍ എത്രത്തോളമാകാമെന്ന ചര്‍ച്ച ആഴത്തില്‍ നടക്കണം. അതോടൊപ്പം നിയന്ത്രണത്തിനുള്ള സാധ്യതകളുമാരായണം. കോടതികളാണ് ജനങ്ങളുടെ അവസാന അത്താണി. ഭരണകൂടം തന്നെ നീതി നിഷേധത്തിന്റെ പ്രയോക്താക്കളാകുമ്പോള്‍ നീതിന്യായ വിഭാഗം നിഷ്പക്ഷവും നിര്‍ഭയവുമായേ തീരൂ. ഇപ്പോഴത്തെ വിധിയും തുടര്‍ന്നുള്ള സംവാദവും അതിനുള്ള ഉപാധിയാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here