Connect with us

Kerala

അംഗീകരിക്കാനാകാത്ത വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാല്‍ കോടതിയെ സമീപിക്കും: തോട്ട ഉടമകള്‍

Published

|

Last Updated

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടക്കുന്ന ചര്‍ച്ചയില്‍ അംഗീകരിക്കാനാകാത്ത വ്യവസ്ഥകള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചാല്‍ അതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള. തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയും തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയുമായി ഇന്ന് തിരുവന്തപുരത്ത് ചര്‍ച്ച നടക്കും.
നിലവില്‍ പ്ലാന്റേഷന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വേതനം 300 രൂപയാക്കി നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്. വേതനം 500 രൂപയാക്കി വര്‍ധിപ്പിച്ചാല്‍ ഒരു കിലോ തേയിലക്ക് 84 രൂപ നഷ്ട നിരക്കില്‍ മാത്രമേ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. സമരം തുടര്‍ന്നാല്‍ പ്ലാന്റേഷനുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമാകും.
തൊഴിലാളികളുടെ പ്രതിദിന കൂലി 232 രൂപയാണ് എന്ന പ്രചാരണം ശരിയല്ല. 232 എന്നത് അടിസ്ഥാന വേതനവും ഡി എയും ചേര്‍ത്താണ്. ഇതിന് പുറമെ 106 രൂപയുടെ നിയമപരമായ മറ്റ് ആനുകൂല്യങ്ങളടക്കം 338 രൂപയാണ് ഓരോ തൊഴിലാളിക്കും പ്രതിദിനം ലഭിക്കുന്നത്. കൂടാതെ താമസ സൗകര്യം, പരിസര ശുചീകരണം, കുടിവെള്ളം, വിദ്യാഭ്യാസം, റോഡ് തുടങ്ങി 40 ഓളം സാമൂഹിക ചെലവുകളും കമ്പനി വഹിക്കുന്നുണ്ട്.
തുടര്‍ച്ചയായ കോടതി വ്യവഹാരങ്ങള്‍ കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത ഏല്‍പ്പിക്കുകയും സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ഏറ്റവും കുറഞ്ഞ താങ്ങുവില തീരുമാനിക്കുകയും സബ്‌സിഡി നല്‍കുകയും വേണം. വിദേശ വിപണികളില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായി നിരോധിക്കുകയും സാമൂഹിക ചെലവുകള്‍ വഹിക്കുകയും ചെയ്യണം. വേതന വര്‍ധനയും ഉയര്‍ന്ന ബോണസും ആവശ്യപ്പെടുന്ന തൊഴിലാളികള്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ വില്‍ഫ്രഡ് ഡിസൂസ, അജിത് പങ്കെടുത്തു.

Latest