Connect with us

Kerala

എല്‍ ഡി എഫ് പ്രകടന പത്രിക അടുത്ത മാസം 10ന്

Published

|

Last Updated

തിരുവനന്തപുരം: തര്‍ക്കങ്ങളൊഴിവാക്കി തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ളവരുമായി ധാരണയുണ്ടാക്കാന്‍ എല്‍ ഡി എഫ് തീരുമാനം. വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ പ്രാദേശിക പ്രകടനപത്രികകള്‍ ഒക്ടോബര്‍ പത്തിനു പുറത്തിറക്കാനും എല്‍ ഡി എഫ് തീരുമാനിച്ചതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനങ്ങളുടെയും വിവിധരംഗങ്ങളിലെ വിദഗ്ധരുടെയും അഭിപ്രായങ്ങള്‍തേടി അവ ഉള്‍ക്കൊള്ളിച്ചാകും പ്രകടന പത്രിക തയാറാക്കുക. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഈമാസം 30നകം ജില്ലാതലത്തിലും ഒക്ടോബര്‍ അഞ്ചിനകം തദ്ദേശസ്ഥാപന അടിസ്ഥാനത്തിലും എല്‍ ഡി എഫ് കമ്മിറ്റികള്‍ ചേരുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫിനേയും ബി ജെ പിയേയും ഒറ്റക്കെട്ടായി നേരിടും. യു ഡി എഫുമായോ അവരുടെ ഘടകക്ഷികളുമായോ ഒരുതരത്തിലുള്ള സഹകരണവും ഉണ്ടാകില്ല. എന്നാല്‍ യു ഡി എഫ് വിട്ട് അവരെ എതിര്‍ക്കാന്‍ തയാറായി വരുന്ന റിബലുകള്‍ ഉള്‍പ്പെടെയുള്ളവരുമായി സഹകരിക്കും. പ്രാദേശികതലത്തില്‍ ഇതിനുള്ള ചര്‍ച്ചകള്‍ നടത്തും.
എല്‍ ഡി എഫുമായി സഹകരിക്കുന്ന മുന്നണിക്കു പുറത്തുള്ള കക്ഷികളെ തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കും. കേരള കോണ്‍ഗ്രസ്(ബി), ഐ എന്‍ എല്‍, ജെ എസ് എസ്, സി പി ഐഎംഎല്‍(റെഡ്ഫഌഗ്), ആര്‍ എസ് പി (ബാബുദിവാകരന്‍, കാര്‍ത്തികേയന്‍) വിഭാഗങ്ങള്‍, കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്നിവരുമായി പ്രാദേശിക നീക്കുപോക്കുകള്‍ ഉണ്ടാക്കാനാണ് എല്‍ ഡി എഫിന്റെ തീരുമാനം. ഈ കക്ഷികളുടെ ശക്തിക്കനുസരിച്ചു അവര്‍ക്ക് സീറ്റ് നല്‍കാനും എല്‍ ഡി എഫ് നേതൃയോഗത്തില്‍ തീരുമാനമായി.
ആര്‍ എസ് പി മുന്നണി വിട്ടതുവഴി ലഭിക്കുന്ന അധിക സീറ്റുകള്‍ ഒരു പാര്‍ട്ടി ഏകപക്ഷീയമായി കൈയടക്കില്ലെന്നും സീറ്റ് വിഭജനത്തില്‍ ഒരു കക്ഷിയെയും കുറച്ചു കാണില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി. ബി ജെ പിയെയും കോണ്‍ഗ്രസിനെയും ഒറ്റക്കെട്ടായി നേരിടും. മുന്‍കാലങ്ങളിലേതുപോലെ ബി ജെ പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കാനുള്ള സാധ്യതം തള്ളിക്കളയുന്നില്ല. എസ്ഡിപിഐ പോലുള്ള ന്യൂനപക്ഷ വര്‍ഗീയശക്തികളുമായും അവര്‍ സഖ്യമുണ്ടാക്കും. എന്നാല്‍ കാന്തപുരം വിഭാഗവുമായി എല്‍ ഡി എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അതിന്റെ സാഹചര്യമില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. എസ് എന്‍ ഡി പി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനെ എല്‍ ഡി എഫ് എതിര്‍ക്കില്ല. നേരത്തേയും അവര്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ആര്‍ എസ്എസുമായുള്ള ബന്ധത്തെ എല്‍ ഡി എഫ് വിമര്‍ശിക്കും.
എസ് എന്‍ ഡി പി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതു അത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും വൈക്കം വിശ്വന്‍. ഫോര്‍ട്ട് കൊച്ചി ബോട്ട് അപകടത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരത്തിനു പ്രത്യേകപാക്കേജ് തയാറാക്കണമെന്നും വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ ഡിഎഫ് സംസ്ഥാന സമിതി സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിച്ച് ഭരണം കേന്ദ്രീകൃതസ്വഭാവത്തിലേക്ക് മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനെ എതിര്‍ക്കുന്നവരെ വര്‍ഗീയധ്രുവീകരണത്തിലൂടെ നേരിടാനും കേന്ദ്രം ശ്രമിക്കുന്നു. ഖര്‍വാപസി, ഗോവധ നിരോധനം, ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിവയെല്ലാം ഇതിന്റ ഉദാഹരണങ്ങളാണ്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ അഴിമതിയുടെ ആശാന്‍മാരായി മാറിയിരിക്കുകയാണ്.
കേന്ദ്രത്തെ കടത്തിവെട്ടുന്ന തരത്തിലാണ് ഇവിടെ കാര്യങ്ങള്‍. അഴിമതിയുടെ ഉത്തരവാദിത്തവും തനിക്കാണെന്ന് ഏറ്റു പറഞ്ഞ് കുറ്റകൃത്യങ്ങളുടെ നെടുനായകത്വം സ്വയം ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടുള്ളതെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest