ജ്വല്ലറി കവര്‍ച്ച: ഒരാള്‍കൂടി പിടിയില്‍

Posted on: September 19, 2015 9:56 am | Last updated: September 19, 2015 at 9:56 am

മുക്കം: ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും നാലര കിലോ വെള്ളിയും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശി വിഷ്ണു രവി ദാസ് ആണ് പിടിയിലായത്. നേരത്തെ പിടിയിലായ കൃഷ്ണ രവി ദാസിന്റെ സഹോദരനാണ് ഇയാള്‍.
മണാശ്ശേരിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ ഒരു ആഴ്ച താമസിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. വിസ്മയ ഗോള്‍ഡിന് പുറമെ കൊടുവള്ളി, കുറ്റിയാടി എന്നിവിടങ്ങളിലെ നാല് ജ്വല്ലറികളിലും ഇവര്‍ മോഷണം അസൂത്രണം ചെയ്തിരുന്നു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് വിഷ്ണു രവി ദാസിനെ പിടികൂടിയത്. പ്രധാന പ്രതി കൃഷ്ണ ഝാര്‍ഖണ്ഡില്‍ നിന്ന് വിമാന മാര്‍ഗ്ഗം ഹൗറയിലേക്കും തുടര്‍ന്ന് പശ്ചിമ ബംഗാള്‍, ബെംഗലൂരു എന്നിവിടങ്ങളിലും വിമാന മാര്‍ഗമെത്തി അവിടെ നിന്ന് ടാക്‌സി പിടിച്ച് മുക്കത്തെത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതി കൃഷ്ണയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി മുക്കത്ത് തെളിവെടുപ്പിനായി കൊണ്ട് വന്നു. അര മണിക്കൂറോളം നീണ്ട തെളിവെടുപ്പിന് ശേഷം പ്രതി താമസിച്ച മണാശ്ശേരിയിലും കൊണ്ടുപോയി തെളിവെടുത്തു. മൊത്തം നാല് പേരാണ് ജ്വല്ലറിക്കകത്ത് കയറിയതെന്ന് കൃഷ്ണ പോലീസിനോട് പറഞ്ഞു. ആദ്യം കയറിയത് ബോലെയാണ്. തുടര്‍ന്ന് കൃഷ്ണയും പിന്നാലെ മിഥുനും ഫോള്‍ട്ടിയും കയറി. ഫോള്‍ട്ടിയാണ് ചുമര്‍ കുത്തിതുറന്നതും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചത് . മൊബൈല്‍ ടോര്‍ച്ച് വെളിച്ചം ഉപയോഗിച്ചാണ് സ്വര്‍ണമടക്കമുള്ള സാധനങ്ങള്‍ ബാഗിലേക്ക് മാറ്റിയത്. ഈ സമയം പ്രകാശടക്കമുള്ള മൂന്ന് പേര്‍ പുറത്ത് നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ 1.30 ഓടെ അകത്ത് കയറി അഞ്ച് മണിയോടെ പുറത്തിറങ്ങിയതായും കൃഷ്ണ വിശദീകരിച്ചു. താമരശ്ശേരി ഡി വൈ എസ് പി ശ്രീകുമാര്‍, കൊടുവള്ളി സി ഐ പ്രേംജീത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.