ശൈഖ് മുഹമ്മദ് രക്തസാക്ഷികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു

Posted on: September 15, 2015 8:59 pm | Last updated: September 15, 2015 at 8:59 pm
1794027889
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രക്തസാക്ഷിയായ സൈനികന്റെ വീട് സന്ദര്‍ശിക്കുന്നു

അജ്മാന്‍: ഹൂത്തി തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച സൈനിക ഓഫീസര്‍മാരുടെ വീടുകളില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മുഹമ്മദിന്റെ ഓഫീസ് ഡയറക്ടര്‍ ലഫ്. ജനറല്‍ മിസ്ബഹ് ബിന്‍ റാശിദ് അല്‍ ഫത്താന്‍, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അജ്മാന്‍ അല്‍ സഹ്‌റ മേഖലയിലെ ഫഹദിന്റെ കുടുംബത്തെ ശൈഖ് മുഹമ്മദ് ആശ്വസിപ്പിച്ചു. ഫഹദിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസത്തെ ആദ്യ സന്ദര്‍ശനം.
ഫഹദിന്റെ പരലോക ജീവിതം സുഖപ്രദമാവാന്‍ ശൈഖ് മുഹമ്മദ് പ്രാര്‍ഥിക്കുകയും ചെയ്തു. ഷാര്‍ജയിലെ മൊവൈഫ മേഖലയില്‍ താമസിക്കുന്ന മറ്റൊരു രക്തസാക്ഷിയായ ബദര്‍ സുലൈമാന്‍ അബ്ദുല്ല ജൗഹറിന്റെ വീട്ടിലും നൂഫ് മേഖലയിലുള്ള ജമാല്‍ മജീദ് സലിം അല്‍ മുഹൈരിയുടെയും ഹത്തയിലുള്ള ഈസ ഇബ്രാഹീം ഹമദ് അല്‍ ബദ് വാവിയുടെയും വീടുകളിലും ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി.