ശ്രീലങ്കന്‍ സൈന്യത്തിന്റെ യുദ്ധക്കുറ്റം: വിഷയം വീണ്ടും യു എന്നില്‍

Posted on: September 14, 2015 12:38 am | Last updated: September 14, 2015 at 12:38 am
SHARE

ജനീവ: എല്‍ ടി ടി ഇക്കെതിരായ അവസാന യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ആരോപണം ഒരിക്കല്‍ക്കൂടി ഇന്ന് യു എന്നില്‍ ചര്‍ച്ചക്ക് വരും. യുദ്ധക്കുറ്റം സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് അമേരിക്ക പ്രമേയത്തിലൂടെ ആവശ്യപ്പെടും. അമേരിക്കയും സഖ്യ സംഘങ്ങളുമാണ് പ്രമേയത്തിന് പിന്നില്‍. ശ്രീലങ്കയില്‍ യുദ്ധക്കുറ്റം നടന്നതായുള്ള തന്റെ കണ്ടെത്തലുകള്‍ ഹൈക്കമ്മീഷണര്‍ കൗണ്‍സിലിന് മുന്നില്‍വെക്കുമെന്ന് യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസിഡന്റ് ജൊവാചിം റ്യൂയ്കര്‍ പറഞ്ഞു. ശ്രീലങ്കയില്‍ ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്‌സെയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മൈത്രിപാല സിരിസേനയുടെ സര്‍ക്കാറിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് അവതരണം ഈ മാസത്തേക്ക് നീട്ടിവെച്ചത്. യുദ്ധക്കുറ്റം സംബന്ധിച്ച അന്വേഷണത്തെ നേരത്തെ രജപക്‌സെ ഭരണകൂടം എതിര്‍ത്തിരുന്നു. ഇത്തരമൊരു അന്വേഷണം രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്നായിരുന്നു രജപക്‌സെ സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ ഇതില്‍നിന്നും വിഭിന്നമായി സിരിസേന സര്‍ക്കാര്‍ തമിഴ് ന്യൂനപക്ഷത്തിന്റെ ആശങ്കകളെ അഭിസംബോധനചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഹൈക്കമ്മീഷണറുടെ റിപ്പോര്‍ട്ട് ശ്രീലങ്കക്ക് കൈമാറിയിട്ടുണ്ട്. സര്‍ക്കാറിന് മറുപടി തയ്യാറാക്കാന്‍ അഞ്ച് ദിവസത്തെ സമയമുണ്ട്. യുദ്ധക്കുറ്റം സംബന്ധിച്ച് അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ 2012ലും 2013ലും ഇന്ത്യ പിന്തുണച്ചിരുന്നു.