25 ലക്ഷം സിറിയക്കാര്‍ക്ക് അഭയം നല്‍കി: സഊദി

Posted on: September 13, 2015 12:03 am | Last updated: September 13, 2015 at 11:58 pm

refugeesറിയാദ്: ആഭ്യന്തരസംഘര്‍ഷത്തെത്തുടര്‍ന്ന് അഭയാര്‍ഥികളായ ഇരുപത്തിയഞ്ച് ലക്ഷം സിറിയക്കാരെ പുനരധിവസിപ്പിച്ചതായി സഊദി അറേബ്യ. അഭയാര്‍ഥി വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിമര്‍ശം നേരിടുന്ന ഘട്ടത്തിലാണ് സഊദി ഇക്കാര്യം വ്യക്തമക്കിയത്. രാജ്യത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇത് പറയുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

  സിറിയയില്‍ നാല് വര്‍ഷമായി ആഭ്യന്തരസംഘര്‍ഷം തുടങ്ങിയിട്ടെന്നും ഗള്‍ഫ് രാജ്യങ്ങള്‍ മതിയായ രീതിയില്‍ അഭയാര്‍ഥി വിഷയത്തില്‍ ഇടപെടുന്നില്ലെന്നും പലരും നേരത്തെ വിമര്‍ശമുന്നയിച്ചിരുന്നു. തങ്ങള്‍ ഒന്നും ചെയ്യില്ലെന്ന പരാതിയുണ്ടെന്നും ഈ വിഷയത്തില്‍ രാജ്യത്തിന്റെ ഭാഗം വ്യക്തമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. 2011ല്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തങ്ങള്‍ അഭയം നല്‍കി.

ഇതുവരെ 25 ലക്ഷത്തോളം സിറിയക്കാര്‍ക്ക് സഊദി അഭയം നല്‍കിയിട്ടുണ്ട്. തങ്ങള്‍ അവരെ അഭയാര്‍ഥികളായല്ല കാണുന്നത്. അവര്‍ക്ക് വേണ്ടി അഭയാര്‍ഥിക്യാമ്പുകളും തങ്ങള്‍ ഒരുക്കിയിട്ടില്ല. അവരുടെ അഭിമാനവും അന്തസ്സും സംരക്ഷിക്കാന്‍ വേണ്ടിയാണ് അഭയാര്‍ഥിക്യാമ്പുകള്‍ സംവിധാനിക്കാതിരിക്കുന്നത. രാജ്യത്ത് എവിടെ വേണമെങ്കിലും അഭയാര്‍ഥികള്‍ക്ക് സഞ്ചരിക്കാന്‍ ഇത് കൂടുതല്‍ സഹായകമാകും. രാജ്യത്ത് നില്‍ക്കാന്‍ താത്പര്യപ്പെടുന്നവര്‍ ആരായാലും അവര്‍ക്ക് സുരക്ഷിതവും ഉചിതവുമായ താമസസൗകര്യം തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും അവര്‍ക്ക് നല്‍കിവരുന്നു. 700 മില്യന്‍ ഡോളര്‍ സഹായം സിറിയക്കാര്‍ക്ക് രാജ്യം നല്‍കിക്കഴിഞ്ഞു. അതുപോലെ സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിരവധി ക്ലിനിക്കുകളും മറ്റും നിര്‍മ്മിച്ചു. നിലവില്‍ ഒരു ലക്ഷം സിറിയന്‍ വിദ്യാര്‍ഥികള്‍ക്ക് സഊദിയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അതുപോലെ സിറിയക്കാര്‍ അഭയാര്‍ഥികളായി കഴിയുന്ന രാജ്യങ്ങള്‍ക്കും സഹായം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.