വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത് ആഇശ നിമിയുടെ ചിത്രപ്രദര്‍ശനത്തിന് തുടക്കം

Posted on: September 6, 2015 10:13 am | Last updated: September 6, 2015 at 10:13 am

കോഴിക്കോട്: വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത് കക്കോടി സ്വദേശിനിയായ ആഇശ നിമിയുടെ ചിത്രപ്രദര്‍ശനത്തിന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടക്കം.
ഫാബ്രിക് പെയിന്റുപയോഗിച്ച് ക്യാന്‍വാസില്‍ തീര്‍ത്ത 41 മനോഹര ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വിശുദ്ധ കഅ്ബ പോലുള്ള പുണ്യസ്ഥലങ്ങളും കാടും പുഴയും ആകാശവുമൊക്കെ നിറയുന്ന പ്രകൃതിയിലെ കാഴ്ചകളുമാണ് ചിത്രങ്ങളിലുള്ളത്.
ഫാറൂഖ് കോളജ് രണ്ടാം വര്‍ഷ ബി എ സോഷ്യോളജി വിദ്യാര്‍ഥിനിയാണ് ആഇശ. ചിത്രരചന കുട്ടിക്കാലം മുതല്‍ കൂടെകൊണ്ടുനടക്കുന്ന ആഇശക്ക് സ്‌കൂള്‍ തലത്തിലും മറ്റും നടന്ന ചിത്രരചനാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിലും വിദഗ്ധയാണ്. പാഴ്‌വസ്തുക്കളുപയോഗിച്ച് കളിപ്പാട്ടങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ നിര്‍മിക്കുന്നതാണ് മറ്റ് വിനോദങ്ങള്‍. ചിരട്ട ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും നിര്‍മിക്കാറുണ്ട്.
കക്കോടിയില്‍ വ്യാപാരിയായ നാസറിന്റെയും മൈമൂനയുടെയും മകളാണ്. രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് തനിക്കു പ്രോത്സാഹനമെന്ന് ആഇശ പറഞ്ഞു. പ്രദര്‍ശനം നാളെ സമാപിക്കും.