ട്രാം പരിധിയിലെ സുരക്ഷിതത്വത്തിന് ഹെലിപ്പാഡുകള്‍ വരുന്നു

Posted on: September 3, 2015 7:43 pm | Last updated: September 3, 2015 at 7:43 pm

ijthiദുബൈ: ദുബൈ ട്രാമിനു സുരക്ഷിതത്വം നല്‍കുന്നതിന്റെ ഭാഗമായി റാശിദിയ, ഖിസൈസ്, ജെബല്‍ അലി എന്നിവിടങ്ങളില്‍ ഹെലിപ്പാഡുകള്‍ ഏര്‍പ്പെടുത്താന്‍ ആര്‍ ടി എയും പോലീസും തീരുമാനിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ ഇടപെടാനും മെഡിക്കല്‍ സഹായം എത്തിക്കാനുമാണ് ഇതെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായറും ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീനയും വ്യക്തമാക്കി.
ആര്‍ ടി എയും പോലീസും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. ട്രാം പദ്ധതിയുടെ ആദ്യ പത്തുമാസത്തെ സുരക്ഷിതത്വം ഇരു കൂട്ടരും വിലയിരുത്തി. വാഹന ഗതാഗതം, കാല്‍ നടയാത്രക്കാരുടെ സഹകരണം, സിഗ്‌നലുകളുടെ പ്രവര്‍ത്തനം എന്നിവ വിലയിരുത്തലിന് വിധേയമാക്കി.
ആര്‍ ടി എയും പോലീസും ആശയ വിനിമയം ശക്തമാക്കണമെന്ന് മേജര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ട്രാം സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പോലീസ് ഒരു വര്‍ഷമായി വലിയ ശ്രമം നടത്തിയിട്ടുണ്ട്. ഇത് ഗുണം ചെയ്തിട്ടുണ്ട്. ദുബൈ ആഗോള വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ പ്രതിച്ഛായ വര്‍ധിപ്പിച്ചിട്ടുണ്ട്.
ജെ ബി ആര്‍ ഇന്റര്‍സെക്ഷനിലെ ഗതാഗത കാര്യക്ഷമതക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദിവസം തോറും ഇവിടത്തെ സുരക്ഷിതത്വം നിരീക്ഷിച്ചുവരുന്നു. അടുത്ത മാസത്തോടെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും.
ട്രാം പരിധിയിലെ 25 കേന്ദ്രങ്ങളില്‍ പോലീസ് രാവും പകലും നിരീക്ഷണം നടത്തുന്നു. 230 പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മൂന്ന് കാര്‍ പട്രോളിംഗ് വിഭാഗവും നാല് മോട്ടോര്‍ സൈക്കിള്‍ വിഭാഗവും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
ദുബൈ പോലീസ് കേണല്‍ എഞ്ചി. മുഹമ്മദ് അഹ്മദ് അല്‍ ബസ്തകി, ആര്‍ ടി എ സി ഇ ഒ മൈത്ത ബിന്‍ അദിയ തുടങ്ങിയവര്‍ പങ്കെടുത്തു.