എന്തുകൊണ്ട് അറബിക് സര്‍വകലാശാല?

Posted on: September 2, 2015 4:01 am | Last updated: September 1, 2015 at 8:03 pm

education newഒരു സര്‍വകലാശാല പരിഗണിക്കപ്പെടുന്നത് പ്രധാനമായും രണ്ട് കാരണത്താലാണ്; ഒന്ന്, അക്കാദമീയവും രണ്ടാമത്തേത് സാംസ്‌കാരികവും. രാഷ്ട്രീയ കാരണത്താല്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടാറില്ല. അറബിക് സര്‍വകലാശാലയുടെ ആവശ്യം തീര്‍ത്തും അക്കാദമീയമാണ്. അതിലപ്പുറം വല്ലതുമുണ്ടെങ്കില്‍ അത് സാംസ്‌കാരികവുമാണ്. അതുകൊണ്ട് തന്നെ അറബിക് സര്‍വകലാശാലക്ക് വേണ്ടി ആരും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല. വോട്ട് രാഷ്ട്രീയത്തിന്റെ ലാഭക്കണക്കുകളില്‍ കണ്ണ് വെച്ച് ആരും അതിനു വേണ്ടി പ്രക്ഷോഭമാരംഭിക്കേണ്ടതുമില്ല. രണ്ടുമില്ലെങ്കില്‍ വിരുദ്ധരാഷ്ട്രീയവും പടപ്പുറപ്പാടുകള്‍ക്കൊരുങ്ങുകയില്ല. അറബിവിരുദ്ധതയുടെ കക്ഷിരാഷ്ട്രീയ കളികളും നടക്കില്ല. ഒരു പ്രക്ഷോഭ കൊടുങ്കാറ്റുമില്ലാതെ പൊതുസമൂഹത്തിന് ബോധിക്കും, അറബിക് സര്‍വകലാശാല ഒരനിവാര്യതയാണെന്ന്. അതിന്റെ ഗുണഭോക്താക്കള്‍ ഏതെങ്കിലും സമുദായമല്ല, മുഴുവന്‍ സമൂഹവുമാണെന്നും ജനം തിരിച്ചറിയും. അഥവാ, അപ്രകാരമായിരിക്കണം അറബിക് സര്‍വകലാശാലയുടെ ആവശ്യത്തെയും അനിവാര്യതയെയും ഉയര്‍ത്തിപ്പിടിക്കേണ്ടത്.
വലുതും ചെറുതുമായ ഇരുപത്തിരണ്ട് രാഷ്ട്രങ്ങളുടെ ഭാഷയാണ് അറബി. ഐക്യരാഷ്ട്ര സഭയുടെ ആറ് പ്രമുഖ ലോക ഭാഷകളിലൊന്നാണത്. കോടിക്കണക്കിന് ജനങ്ങളുടെ സംസാര ഭാഷ എന്ന ഒറ്റക്കാരണം തന്നെ അറബിക്കിന്റെ അക്കാദമീയ മൂല്യത്തിന് പകിട്ടേകുന്നു. പ്രാക്തന സാഹിത്യങ്ങളുടെ ഭണ്ഡാര ഭാഷയല്ല, പ്രായോഗിക ജീവിതത്തിന്റെ ചാലക ഭാഷയാണ് അറബി. ജീവസ്സുറ്റ ഒരു സമ്പദ്ഘടനയുടെ വ്യവഹാര ഭാഷയാണ് അറബി. മികച്ച സാമ്പത്തികാടിത്തറയുള്ള ഒരു വലിയ സമൂഹത്തിന്റെ വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും കാര്‍ഷിക വൃത്തിയുടെയും നാണയ വിനിമയത്തിന്റെയും തൊഴിലിന്റെയും വേതനത്തിന്റെയും അവയുടെ നിര്‍ണയ വ്യവസ്ഥിതിയുടെയും ഭാഷയാണ് അറബി. വികസനോന്മുഖമായ ഒരു സമൂഹികതയുടെ വിദ്യാഭ്യാസത്തിന്റെ ഭാഷയാണത്. അറബി ലോകത്തെ ശാസ്ത്രവും ടെക്‌നോളജിയും വിവരസാങ്കേതിക വിദ്യയും അറബിയിലൂടെയാണ് സംവദിക്കപ്പെടുന്നത്. അറബി ഭാഷയുടെ സീമകള്‍ ചുരുങ്ങിവരിയല്ല, അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. അറബി സംസാരിക്കുന്നവരുടെ എണ്ണവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഭാഷകളിലൂടെയാണ് നാഗരികതകളും സംസ്‌കൃതികളും വികസിച്ചത്. നാഗരികതകളുടെ ഉദയാസ്തമനങ്ങള്‍ ഭാഷകള്‍ക്കും ബാധകമാണ്. എത്രയോ നാഗരികതകള്‍ അവയുടെ ഭാഷയോടൊപ്പം നാശോന്മുഖമാകുകയും തിരോഭവിക്കുകയും ചെയ്തിട്ടുണ്ട്. ലോകോത്തര നാഗരികതകളിലൊന്നായ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഷ ഒരിക്കലും വീണ്ടെടുക്കപ്പെടാനായിട്ടില്ല. അതേസമയം, യൂഫ്രട്ടീസ്- ടൈഗ്രീസ് നാഗരികതയുടെയും നീലനദീതട സംസ്‌കാരത്തിന്റെയും പ്രാക്തന മണ്ണിലും പശ്ചിമേഷ്യന്‍ മണലാരണ്യത്തിലും കിളിര്‍ത്തുവന്ന അറബി ആയിരക്കണക്കില്‍ ദശാബ്ദങ്ങളുടെ മഹിത പാരമ്പര്യത്തിലൂടെ വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് പാഞ്ഞുകയറി. സീനോ- തിബറ്റന്‍, മലയ- പോളിനേഷ്യന്‍, ആഫ്രിക്കന്‍ ഭാഷാ കുടുംബങ്ങളെക്കാള്‍, ഇന്തോ- യൂറോപ്യന്‍ കുടുംബത്തിലെ പല ഭാഷകളെക്കാള്‍, അനവധി സെമിറ്റിക് ഭാഷകളെക്കാള്‍ അറബി എണ്ണത്തിലും വണ്ണത്തിലും വലുതായി. സംസ്‌കൃതത്തെ പോലെ, പ്രോട്ടോ – ഇറാനിയനെപ്പോലെ പ്രാക്തന സംസ്‌കൃതിയിലേക്കും സാഹിത്യങ്ങളിലേക്കും വേരോട്ടുമ്പോള്‍ തന്നെ അറബി തനതായ ഒരു സാമൂഹികതയെ സൃഷ്ടിക്കുകയും അതിനെ നെഞ്ചിലേറ്റി സ്വയം വളരുകയും ചെയ്തു. അറബി ഒരു മികച്ച സാഹിത്യ ഭാഷയും സാംസ്‌കാരിക ഭാഷയുമാണ്. വശ്യസുന്ദരമായ ഖുര്‍ആനിക ഭാഷയാണ്. കോടിക്കണക്കില്‍ പഠിതാക്കളുടെ പഠനഭാഷയുമാണ്.
മുസ്‌ലിം സമുദായത്തിന്റെ മാത്രം ഭാഷയാണ് അറബി എന്നത് വലിയ വിവരക്കേടുകളിലൊന്നാണ്. ഈജിപ്തിലെയും സിറിയ, സുഡാന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലേയും ക്രിസ്ത്യാനികള്‍ക്ക് അറബിയാണ് മാതൃഭാഷ. ഹാറൂന്‍ റഷീദുള്‍പ്പെടെയുള്ള അബ്ബാസിയ്യാ ഖലീഫമാര്‍ ഇന്ത്യയില്‍ നിന്നടക്കം പണ്ഡിതരെ അറബ് ലോകത്തേക്ക് ക്ഷണിച്ചുവരുത്തി ഭാഷക്കും ശാസ്ത്രത്തിനും മുതല്‍ കൂട്ടാക്കിയത് ചരിത്രം. സ്‌പെയിനില്‍ അറബ് മുസ്‌ലിംകള്‍ സ്ഥാപിച്ച കൊര്‍ദ്ദോവ, സെവില്ല സര്‍വകലാശാലകളില്‍ പഠിതാക്കളായെത്തിയ ക്രൈസ്തവ വിദ്യാര്‍ഥികളില്‍ നിന്ന് പോപ്പുമാരും ദാര്‍ശനിക പ്രമുഖരുമുയിരെടുത്തതും ചരിത്രം. അറബി ഭാഷ പഠിക്കുന്നതിന് അവര്‍ക്ക് മതമോ ഭൂമിശാസ്ത്രമോ തടസ്സമായിരുന്നില്ല. എത്രയോ ഗ്രീക്ക് പണ്ഡിതന്മാര്‍ക്ക് അറബി അറിയാമായിരുന്നു. അതിലേറെ അറബി പണ്ഡിതര്‍ ഗ്രീക്ക്- പേര്‍ഷ്യന്‍ ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിന് കളമൊരുങ്ങിയതിന്റെ പിന്നില്‍ അറബ് സ്വാധീനമുണ്ട്. ഇബ്‌നു സീന മുതല്‍ ദശക്കണക്കില്‍ അറബ് പണ്ഡിതരുടെ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഗ്രീക്ക് ലാറ്റിന്‍ ഭാഷകളിലേക്കും തുടര്‍ന്ന് ഇംഗ്ലീഷിലേക്കും ഭാഷാന്തരം ചെയ്തത് അറബി ഭാഷയെ വശപ്പെടുത്തിയ യൂറോപ്യരാണ്. ഇന്ത്യയിലുമുണ്ടായിരുന്നു അറബി പഠിച്ച മഹാരഥന്മാര്‍. രാജാറാം മോഹന്‍ റായിയെപ്പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ അതില്‍ പെടും.
അറബിക് സര്‍വകലാശായുടെ ആവശ്യം ഇക്കാരണങ്ങള്‍ കൊണ്ടൊന്നുമല്ല പ്രസക്തമാകുന്നത്. സാമൂതിരിയുടെ കാലത്ത് അറബികള്‍ വന്നതോ, കോഴിക്കോടിനെയും മലബാറിനെയും വാണിജ്യം കൊണ്ട് സമ്പന്നമാക്കിയതോ അല്ല അറബിക് സര്‍വകലാശാലയുടെ ന്യായശാസ്ത്രം. പോര്‍ച്ചുഗീസ് അധിനിവേശത്തോട് യുദ്ധം പ്രഖ്യാപിച്ച സമരകാവ്യങ്ങളുമല്ല അതിന്റെ നിദാനം.
ആധുനിക ലോകത്ത് വിശേഷിച്ചും ആഗോളീകരണാനന്തര കാലത്ത് ലോക വാണിജ്യത്തിന്റെയും സാമ്പത്തിക ക്രയവിക്രയങ്ങളുടെയും താക്കോല്‍ സ്ഥാനങ്ങളിലേക്ക് പശ്ചിമേഷ്യന്‍ അറബ് രാഷ്ട്രങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പല അറബ് രാജ്യങ്ങളും അന്തര്‍ദേശീയ കമ്പോളങ്ങള്‍ കൂടിയാണ്. ഉയര്‍ന്ന മൂല്യങ്ങളിലും നിരക്കുകളിലുമാണ് അവിടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പലയിടങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ചു കേരളത്തിലെ ദശലക്ഷക്കണക്കിനാളുകള്‍ ഉപജീവനം തേടുന്നത് അറബ് രാജ്യങ്ങളിലാണ്. കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ സുപ്രധാന സ്രോതസ്സ് അറബ് രാജ്യങ്ങളാണ്. വ്യവസ്ഥാപിതമായ രീതിയില്‍ ശാസ്ത്രീയമായി, ഭാഷാപഠനത്തിന്റെ നൂതന സാങ്കേതിക തലങ്ങളിലൂടെ അറബി ഭാഷ പഠിപ്പിക്കാന്‍ ഇവിടെ ഒരു സംവിധാനം നിലവില്‍ വന്നാല്‍ നാനാ ജാതി മതസ്ഥര്‍ക്ക് അറബി ഭാഷ പഠിക്കാനും പുതിയ ഉപജീവനോപാദികള്‍ തേടാനും അത് വഴിയൊരുക്കും.
നിലവില്‍ അറബിക്കോളജുകളിലൂടെ, പള്ളി ദര്‍സുകളിലൂടെ, മദ്‌റസകളിലൂടെ ലക്ഷക്കണക്കില്‍ കുട്ടികള്‍ അറബി പഠിക്കുന്നുണ്ട്. പൊതുസമൂഹത്തിന് മൊത്തം പ്രയോജനപ്പെടാന്‍ ഈ സംവിധാനങ്ങള്‍ മാത്രം മതിയാവുകയില്ല. അറബിക് യൂനിവേഴ്‌സിറ്റി ഈ അപര്യാപ്തതകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. അറബി ഭാഷയുടെ സാമൂദായിക മുഖം മാറിക്കിട്ടാനും ഇത് സഹായകമായേക്കും.
അറബ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ വഴി പ്രതിവര്‍ഷം കോടിക്കണക്കില്‍ രൂപ സമ്പാദിച്ചുകൂട്ടുന്ന കേരളത്തിന് അറബിക് സര്‍വകലാശാലക്ക് വേണ്ടിവരുന്ന അടിസ്ഥാന ചെലവുകള്‍ ഒരധിക ബാധ്യതയല്ല. അടിസ്ഥാന ബാധ്യതയായി കണക്കാക്കപ്പെടുന്ന 120 കോടി രൂപയുടെ എത്ര ഇരട്ടിയാണ് അറബ് നാട്ടിലെ മലയാളികള്‍ കേരളത്തിലേക്ക് കെട്ടിപ്പേറുന്നതെന്ന് ഭരണാധികാരികള്‍ ഒരു വട്ടം ആലോചിക്കുക. കേരളത്തിലെ അസംഖ്യം പൊതുമേഖലാ സംരംഭങ്ങള്‍ക്ക് പണം ചുരത്താന്‍ അറബ് നാടുകളില്‍ കൂട്ടപ്പിരിവുകള്‍ നടത്തിയ ഭരണമന്നര്‍ക്ക് അവ മറക്കാന്‍ സമയമായോ? കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കടക്കം അറബികള്‍ പണം നല്‍കിയിട്ടുണ്ട്. ബിസിനസ്സുകാര്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ആകാശപാതകളുടെ സ്ഥിരമായ ഗുണം പറ്റുകാരാണ്. നൂറ്റൊന്നു വട്ടം മലയാളിക്ക് മാത്രം ഗുണം ചെയ്യുന്ന അറബിക് സര്‍വകലാശാലയുടെ കാര്യം വരുമ്പോള്‍ മുഖം വാടുന്ന നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തനി നന്ദികേടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. അറബി ഭാഷക്ക് യൂനിവേഴ്‌സിറ്റി വന്നതുകൊണ്ട് അറബ് രാജ്യത്തിനോ അറബിക്കോ ഒരു ചുക്കും ചുണ്ണാമ്പും കിട്ടാന്‍ പോകുന്നില്ല. മലയാളിക്കാണ് അതിന്റെ ഗുണം. അത് ബോധ്യപ്പെടണമെങ്കില്‍ മനസ്സ് ഇത്തിരി കൂടി വിശാലമാകണം.
കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും, സാമൂഹികാന്തരീക്ഷത്തെ വഷളാക്കാതെ നോക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അറബിക് സര്‍വകലാശാലക്ക് വേണ്ടി പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് ഒരു അറബി അധ്യാപക സംഘടന പ്രസ്താവിച്ചിരിക്കുന്നത്. പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി അധ്യാപകര്‍ നടത്തിവരാറുള്ള പ്രക്ഷോഭത്തിന്റെ ട്രാക്ക് റെക്കാര്‍ഡോ മറ്റോ ഇല്ലെങ്കിലും പ്രക്ഷോഭാഹ്വാനത്തിന്റെ കന്നിവെടി പൊട്ടിച്ച് ശ്രദ്ധേയമായിരിക്കുന്നു ഈ സംഘടന. ഇത്തരത്തില്‍ ശ്രദ്ധ നേടാന്‍ അറബിക് സര്‍വകലാശാലയെ ചട്ടുകമാക്കാതിരിക്കലാണ് യഥാര്‍ഥത്തില്‍ ബുദ്ധി. വൈകാരിക വിക്ഷോഭത്തിന്റെ രാഷ്ട്രീയം കളിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് ഇത് ആയുധമാകും. പ്രക്ഷോഭത്തിന്റെയും പ്രതിപ്രക്ഷോഭത്തിന്റെയും കാലുഷ്യങ്ങള്‍ക്കിടയില്‍ തറക്കല്ലിടപ്പെടേണ്ടതല്ല അറബിക് സര്‍വകലാശാല. ഭരണമുന്നണിയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയില്‍ സ്ഥലം പിടിച്ച വാഗ്ദാനമാണ് അറബിക് സര്‍വകലാശാല. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്താണ് അതിന്റെ നിര്‍ദേശം മുന്നോട്ട് വെക്കപ്പെട്ടത്. നാല് വര്‍ഷത്തെ സമൃദ്ധമായ സാവകാശമുണ്ടായിട്ടും അനങ്ങാത്ത സര്‍ക്കാര്‍, കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിക്കുന്നത് വെറുതെയാണ്. പക്ഷേ, വരും കാലത്തേക്കെന്നു പറഞ്ഞ് പ്രതീക്ഷയുടെ നൂല്‍പ്പാലം പണിയാന്‍ നേതാക്കള്‍ക്ക് കഴിയും. ജനങ്ങളെ വികാരം കൊള്ളിക്കാനും അത് വഴി വോട്ട് ചുരത്താനും രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് സാധിക്കും. സാമുദായിക ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിക്കുന്നവര്‍ക്കും അത് വോട്ട് ലാഭമുണ്ടാക്കും. ഒരുതരം ഒത്തുകളി രാഷ്ട്രീയം പരുവപ്പെടാന്‍, ചുരുങ്ങിയ പക്ഷം അറബിക് സര്‍വകലാശാലയെങ്കിലും നിമിത്തമാകാതിരിക്കട്ടെയെന്ന് നമുക്കാശിക്കുക. അതേസമയം, സര്‍വകലാശാലയുടെ ന്യായവും പ്രസക്തിയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ നമുക്കാവുംവിധം പരിശ്രമിക്കുകയുമാവാം.