വിമതരുമായി ദക്ഷിണ സുഡാന്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു

Posted on: August 27, 2015 12:19 am | Last updated: August 27, 2015 at 12:19 am
SHARE

_85202368_85202365ജുബ: ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കിര്‍ വിമതരുമായി സമാധാന കരാറില്‍ ഒപ്പ് വെച്ചു. ഒരാഴ്ചയിലേറെയായി കരാറില്‍ ഒപ്പ് വെക്കാന്‍ കിര്‍ തയ്യാറായിരുന്നില്ല. ബുധനാഴ്ചയോടെ കരാരില്‍ ഒപ്പ് വെക്കാന്‍ കിര്‍ തയ്യാറായില്ലെങ്കില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് യു എന്‍ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കിയതിന്റെ പിറകെയാണ് പ്രസിഡന്റ് ജുബയില്‍ വെച്ച് കരാറില്‍ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ നിലവില്‍ വരുന്നത് ഏറെ സുപ്രധാനമാണെന്നും ആഭ്യന്തര യുദ്ധത്താല്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ അത് മാറ്റിമറിക്കുമെന്നും അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്തു.
2013 ഡിസംബറിലാണ് രാജ്യത്ത് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. വിമത നേതാവ് മകാറിനെ സൈന്യത്തിലെ ഒരു വിഭാഗം പിന്തുണച്ചതോടെയാണ് സംഘര്‍ഷം വംശീയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത് അന്താരാഷ്ട്രാ സമൂഹത്തില്‍ ആശങ്ക പരത്തിയിരുന്നു. സംഘര്‍ഷത്തിനിടെ സര്‍ക്കാര്‍ സൈന്യവും വിമതരും സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്ന് യു എന്‍ വിദഗ്ധ സമതി ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ തങ്ങളുടെ രണ്ട് ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടതായി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും 1.6 ദശലക്ഷം പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാകുകയും ഇവരെ പിന്നീട് ജീവനോടെ തീകൊളുത്തുകയും ചെയ്തതായി യു എന്‍ പറഞ്ഞു. 2011ല്‍ സ്വാതന്ത്ര്യം നേടിയ രാജ്യത്തിന്റെ പൊതു കടം പൂജ്യത്തില്‍ നിന്നും 4.2 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here