അപചയത്തിന് കാരണം ചരിത്ര പഠനത്തെ അവഗണിച്ചത്: എസ് എം എ ജില്ലാ സെമിനാര്‍

Posted on: July 29, 2015 1:12 pm | Last updated: July 29, 2015 at 1:12 pm
എസ് എം എ ജില്ലാസെമിനാര്‍ കൂരിയാട്ട് സയ്യിദ് ഇബ്‌റാഹീം  ഖലീല്‍ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
എസ് എം എ ജില്ലാസെമിനാര്‍ കൂരിയാട്ട് സയ്യിദ് ഇബ്‌റാഹീം
ഖലീല്‍ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി: ചരിത്രപഠനത്തെ അവഗണിക്കുന്നത് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ അപചയത്തിന് പ്രധാന കാരണമാണെന്ന് എസ് എം എ ജില്ലാകമ്മിറ്റി കൂരിയാട് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മമ്പുറം തങ്ങള്‍ സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഇന്നലെയെ കുറിച്ച് അറിയുന്നവര്‍ക്ക് മാത്രമേ ഇന്നിന്റേയും നാളത്തെയുടേയും ജീവിതം ചിട്ടപ്പെടുത്താന്‍ സാധിക്കുകയൊള്ളു എന്നതാണ് തത്വം. ഇന്ത്യയുടെ മതസാമൂഹിക സാംസ്‌കാരിക സൗഹൃദ വാണിജ്യ വളര്‍ച്ചക്ക് കഠിനാധ്വാനം ചെയ്ത നിരവധി മുസ്‌ലിം മഹത്തുക്കളുണ്ട്. ഇവരുടെ ചരിത്രം യഥാവിധം രേഖപ്പെടുത്തുകയും പഠിക്കുകയും ചെയ്യാത്തത് കേരളീയ മുസ്‌ലിംകളുടെ വളര്‍ച്ചക്ക് വളരെ തടസമായി നില്‍ക്കുന്നു. ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയാണ് ചരിത്രത്തെ ഭീകരവാദത്തിലേക്ക് നയിക്കുന്നത്. പ്രവാചകന്റെ പേരില്‍പോലും ഭീകരവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇത്‌കൊണ്ടാണ്. ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളും അദ്ദേഹത്തിന്റെ പുത്രനായ സയ്യിദ് ഫള്ല്‍ പൂക്കോയതങ്ങളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കി തീര്‍ത്ത സര്‍വോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ വരും തലമുറക്ക് ഉള്‍കൊള്ളാന്‍ പാഠ്യപദ്ധതി ഉള്‍പ്പെടുത്തണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ബുഖാരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നടത്തി. ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, അബ്ദുല്‍ലത്തീഫ് മഖ്ദൂമി, പത്തപ്പിരിയം അബ്ദുറശീദ് സഖാഫി എന്‍ എം അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ മോഡറേറ്ററായിരുന്നു.