കാലഹരണപ്പെട്ട 102 നിയമങ്ങള്‍ റദ്ദാക്കുന്നു

Posted on: July 15, 2015 6:00 am | Last updated: July 14, 2015 at 11:35 pm

തിരുവനന്തപുരം: കാലഹരണപ്പെട്ട 102 നിയമങ്ങള്‍ റദ്ദാക്കുന്നു. ഇതിനായി കേരള റിപ്പീലിംഗ് ആന്‍ഡ് സേവിംഗ് ബില്‍ നിയമവകുപ്പ് തയാറാക്കുകയാണ്. 2007ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായി രൂപവത്കരിച്ച നിയമ പരിഷ്‌കരണ കമ്മീഷന്‍ കാലഹരണപ്പെട്ടതായി കണ്ടെത്തിയ 107 നിയമങ്ങള്‍ റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്തു. ഇതില്‍ അഞ്ചെണ്ണം റദ്ദാക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം
തിരുവിതാംകൂര്‍ നിയമം, കൊച്ചിനിയമം, തിരുകൊച്ചി നിയമം, മദ്രാസ് സംസ്ഥാനനിയമം എന്നിങ്ങനെ കാലങ്ങളായി വിഭജിക്കപ്പെട്ട് കിടന്നിരുന്ന 30നിയമങ്ങള്‍ ക്രോഡീകരിക്കാന്‍ 2001 നവംബര്‍ 26ന് കെ എം മാണി അധ്യക്ഷനായ നിയമപരിഷ്‌കരണ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ആറ് വിഷയങ്ങളെക്കുറിച്ചുള്ള 14 നിയമങ്ങള്‍ ഇനി ക്രോഡീകരിക്കാനുണ്ട്. ആ സമിതി കാലഹരണപ്പെട്ടതായി കണ്ടെത്തിയ 697 നിയമങ്ങള്‍ അന്ന് റദ്ദാക്കിയിരുന്നു.
നിയമസഭയുടെ 69ാം ചട്ടമനുസരിച്ച് ഇംഗ്ലീഷിലെ മൂലനിയമങ്ങളുടെ ഭേദഗതി ബില്ലുകള്‍ ഒഴിച്ചുള്ളവയെല്ലാം മലയാളത്തിലേ അവതരിപ്പിക്കാവൂ. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലായിരിക്കണം ആധികാരികമായി കണക്കാക്കേണ്ടതെന്നാണ് ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
ബില്ലിലെ മലയാള ഭാഷ സംബന്ധിച്ച ശൈലികളില്‍ മാറ്റം വരുത്താന്‍ എം എല്‍ എമാര്‍ക്ക് ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റികളില്‍ അവസരമുണ്ട്. എല്ലാ വകുപ്പിന്റേയും നിയമപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് നിയമവകുപ്പുള്ളതിനാല്‍ പ്രത്യേക ലീഗല്‍ സെല്ലിന്റെ ആവശ്യമില്ലെന്ന് നിയമ മന്ത്രി കെ എം മാണി വ്യക്തമാക്കി.