Connect with us

Thiruvananthapuram

ഹിഫഌല്‍ പാരമ്പര്യം കാത്ത് ഇരട്ട സഹോദരങ്ങള്‍; സഫറുല്ല മൗലവിക്കിത് ആത്മസാക്ഷാത്കാരം

Published

|

Last Updated

തിരുവനന്തപുരം: കുറ്റിച്ചല്‍ മൗലവി വൈ അബ്ദുല്ലത്വീഫ് അല്‍ ഖാസിമിയുടെ കുടുംബത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളുകളുടെ എണ്ണം പതിനഞ്ച് തികഞ്ഞു. മകള്‍ റഹീമാ ബീവിയുടെയും മണക്കാട് വലിയ ജുമുഅ മസ്ജിദ് അസിസ്റ്റന്റ് ഇമാം മൗലവി സഫറുല്ലാ ബാഖവിയുടെയും മക്കളായ മുഹമ്മദ് സഅദും, മുഹമ്മദ് സഈദുമാണ് കുടുംബത്തിലെ ഹാഫിളുകളുടെ പട്ടിക പതിനഞ്ചിലെത്തിച്ച ഇരട്ടകള്‍. ഇവരുടെ സഹോദരി സ്വാലിഹ ബീവി നെടുമങ്ങാട് പനവൂര്‍ ബനാത്ത് ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ പഠിച്ചുവരികയാണ്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇരട്ടകളുടെ രക്ഷിതാക്കളെന്ന നിലയില്‍ സഫറുല്ല മൗലിക്കും കുടുംബത്തിനുമിത് ആത്മ സാക്ഷാത്കാരം. സഫറുല്ല മൗലവിയുടെയും റഹീമാ ബീവിയുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് ഇരട്ട മക്കള്‍ സഫലമാക്കിയിരിക്കുന്നത്. മകളുടെ പഠനം കൂടി പൂര്‍ത്തിയാകുന്നതോടെ ഈ വീട്ടിലെ ഹാഫിളുകളുടെ എണ്ണം മൂന്നാകും. സ്വാബിറ എന്ന സഹോദരി ഉള്‍പ്പെടെ നാലു മക്കളാണ് ഈ കുടുംബത്തിന്.
തിരുവനന്തപുരം ചാല മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്നാണ് ഇരുവരും ഹിഫഌ പഠനം പൂര്‍ത്തിയാക്കിയത്. പതിവിന് വിപരീതമായി ഏറെ മുതിര്‍ന്നതിന് ശേഷമാണ് ഇവര്‍ പഠനത്തിലേക്ക് തിരിഞ്ഞതെന്നതും ശ്രദ്ധേയം. സാധാരണ ഗതിയില്‍ എട്ടിനും 12 നും ഇടയിലുള്ള പ്രായത്തിലാണ് അധികം പേരം ഖുര്‍ആന്‍ മനഃപാഠമാക്കുക. എന്നാല്‍ സ്‌കൂള്‍ പഠനത്തോടൊപ്പം 14-ാം വയസിലാണ് ഇവര്‍ പഠനം തുടങ്ങിയത്. മൂന്നര വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ഇപ്പോള്‍ ഹ്യൂമാനിറ്റീസ് ഐച്ഛിക വിഷയമായെടുത്ത് പ്ലസ്ടു പഠനവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കടുവായില്‍ ജാമിഅ സ്വലാഹിയ്യ ശരീഅത്ത് കോളജില്‍ മൗലവി ആലിം കോഴ്‌സില്‍ പഠനം നടത്തി വരികയാണ്.
പഠനം പൂര്‍ത്തിയാക്കിയെങ്കിലും ബിരുദ ദാന സമ്മേളനം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇരുവരും ബിരുദം കൈപറ്റിയിട്ടില്ല. ചാല ഹിഫഌ കോളജില്‍ അല്‍ഹാഫിള് അബൂനാഫിഅ് മൗലവി മുഫ്തി അല്‍ ഖാസിമിയാണ് ഇരുവരുടെയും ഗുരുവര്യന്‍. ഖുര്‍ആന്‍ പഠനം ഏറെ ആസ്വദിക്കുന്നുവെന്നും തുടര്‍ന്ന് മതപ്രബോധന രംഗത്ത് തുടരാന്‍ താത്പര്യമെന്നും ഇരുവരും പറഞ്ഞു. വിവിധ ഖുര്‍ആന്‍ വേദികളില്‍ അവസരം ലഭിക്കുന്നത് അതുവഴി ഖുര്‍ആന്‍ മാധുര്യം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നത് ആസ്വദിക്കുന്നുവെന്ന് പറഞ്ഞ ഇരുവരും വീട്ടില്‍ ഉമ്മ റഹീമാ ബീവി പലപ്പോഴും തങ്ങളെ കൊണ്ട് ഖുര്‍ആന്‍ പാരായണം നടത്തിച്ച് അത് കേട്ടിരിക്കാറുണ്ടെന്നും ഒര്‍ത്തെടുത്തു. മത പഠനം നടത്തുന്നതിനാല്‍ ഖുര്‍ആന്‍ പാരായണത്തിന് സമയം കൂടുതല്‍ ലഭിക്കാറില്ലെങ്കിലും ഒരുമാസത്തിനിടെ രണ്ടുഖത്മും വിശുദ്ധ റമസാനില്‍ നാല് ഖത്മ് വരെയും പൂര്‍ത്തിയാക്കാറുണ്ട്. തിരുവനന്തപുരം ശംഖുമുഖം ആള്‍ സെയിന്റ് കോളജിനടുത്ത പള്ളിയില്‍ റമസാനില്‍ തറാവീഹ് നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നുണ് ഇരുവരും. ഖുര്‍ആന്‍ മനഃപാഠമാക്കിയ രണ്ടുകുട്ടികളുടെ പിതാവെന്ന നിലയില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും തനിക്ക് ഒരു നിധി കിട്ടിയ സന്തോഷമാണുള്ളതെന്നും പിതാവ് സഫറുല്ല ബാഖവി പറഞ്ഞു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം