മദ്യനയം: ബാറുടമകളുടെ ഹര്‍ജി ജൂലൈ 28 പരിഗണിക്കും

Posted on: July 10, 2015 12:41 pm | Last updated: July 12, 2015 at 12:27 am

barന്യൂഡല്‍ഹി; സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു. ജൂലൈ 28നാണ് ഹര്‍ജി ഇനി പരിഗണിക്കുക. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്ന മദ്യനയം വിവേചനപരമാണെന്നാണ് ബാറുടമകള്‍ ഹര്‍ജിയിലൂടെ വാദിച്ചിരുന്നത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മദ്യനയം അംഗീകരിച്ചതെന്നും ബാറുടമകള്‍ വാദിക്കുന്നു. ഇടക്കാല ഉത്തരവിലൂടെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് അനില്‍ ആര്‍ ദവെ അദ്ധ്യക്ഷനായ ബെഞ്ചാണ് ബാറുടമകളുടെ ഹര്‍ജി പരിഗണിയ്ക്കുന്നത്. ബാര്‍ കോഴക്കേസില്‍ മാണിയ്ക്ക് അനുകൂലമായി നിയമോപദേശം നല്‍കിയ അഡ്വക്കറ്റ് നാഗേശ്വരറാവുവാണ് ബാറുടമകള്‍ക്ക് വേണ്ടി ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ അല്ലാത്ത ബാറുകള്‍ സര്‍ക്കാര്‍ പൂട്ടുകയായിരുന്നു. 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.