വേര്‍പാടിന്റെ ഇരുപത്തിയേഴാം ആണ്ടിലും ഒളിമങ്ങാതെ കുണ്ടൂര്‍ കുഞ്ഞു

Posted on: July 8, 2015 5:44 am | Last updated: July 8, 2015 at 12:45 am

തിരൂരങ്ങാടി; വേര്‍പാടിന്റെ 27ാംആണ്ടിലും സ്മൃതി പഥങ്ങളില്‍ ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുകയാണ് കുണ്ടൂര്‍ കുഞ്ഞു. കുണ്ടൂര്‍ ഉസ്താദിന്റെ മകനും സുന്നി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മുഹമ്മദ് കുട്ടി എന്ന കുഞ്ഞു ആദര്‍ശവൈരികളുടെ കൊലക്കത്തിക്ക് ഇരയാവുകയായിരുന്നു. മറമാടിയ അന്നു തുടങ്ങിയ ഖുര്‍ആന്‍ പാരായണം ഇന്നും തുടരുകയാണ്. കുഞ്ഞുവിന്റെ പേരില്‍ വിവിധ റിലീഫ് പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. എല്ലാ വര്‍ഷവും റമസാന്‍ 26ന് കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കാറുള്ള ആണ്ടുനേര്‍ച്ചയില്‍ സുന്നീ നേതാക്കളും പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് പങ്കെടുക്കാറുള്ളത്.
മറ്റുപല സംഭവങ്ങളെയും പോലെ കുഞ്ഞുവിന്റെ മരണവും പിതാവ് കുണ്ടൂര്‍ ഉസ്താദ് മുന്‍കൂട്ടി കണ്ടുവെന്ന് വേണം പറയാന്‍. മൂത്ത മകന്‍ ബാവക്ക് വീട് നിര്‍മിക്കുന്ന ഘട്ടത്തില്‍ ഉസ്താദ് ഇങ്ങനെ പറയുകയുണ്ടായി. ഇത് ബാവക്ക്, അത് ലത്വീഫിന്. അപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ചോദിച്ചു. കുഞ്ഞുവിനോ? അവന് വീടൊന്നും വേണ്ട. അവന്‍ സ്വര്‍ഗത്തില്‍ പാറിക്കളിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുഞ്ഞുവിന്റെ മരണത്തിന്റെ ഏതാനും ദിവസം മുമ്പ് നാട്ടിലെ പ്രായംചെന്ന ആളുകളെ മുഴുവന്‍ കുണ്ടൂര്‍ ഉസ്താദ് വിളിച്ചുവരുത്തി നോമ്പ് തുറപ്പിക്കുകയും അവരെകൊണ്ട് കുഞ്ഞുവിനെ തലോടിപ്പിക്കുകയും പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമസ്തയുടെ നിര്‍ണായകമായ പിളര്‍പ്പിന്റെ ഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ അയ്യായിരത്തിലേറെ പണ്ഡിതന്‍മാര്‍ പങ്കെടുത്ത പണ്ഡിത സമ്മേളനം നടന്നിരുന്നു. ഈ പരിപാടിയുടെ നോട്ടീസ് കുണ്ടൂരില്‍ പതിച്ചതിന് ഒരു പുതുമുസ്‌ലിമിനെ ആദര്‍ശ വിരോധികളായ ചിലര്‍ മര്‍ദിക്കുകയുണ്ടായി. ഈ സംഭവം കുഞ്ഞുവിനെ വല്ലാതെ വേദനിപ്പിക്കുകയും ഇതേകുറിച്ച് ചോദിച്ചതിലുള്ള വിരോധം കാരണം റമസാനില്‍ നോമ്പുതുറക്കാന്‍ വീട്ടിലേക്ക് പോകുന്ന സമയത്ത് ആദര്‍ശവൈരികള്‍ കുണ്ടൂര്‍ അങ്ങാടിയില്‍ വെച്ച് പതിയിരുന്ന് കുഞ്ഞുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കുണ്ടൂര്‍ ഉസ്താദിന്റെ ജീവിതത്തിലെ നിര്‍ണായകമായ സംഭവമായിരുന്നു കുഞ്ഞുവിന്റെ വിയോഗം. അദ്ദേഹത്തിന്റെ ക്ഷമയും സഹിഷ്ണുതയും ജനങ്ങള്‍ക്ക് നേരിട്ട് വ്യക്തമാകുകയുണ്ടായി. മകന്റെ മരണവാര്‍ത്തയറിഞ്ഞെത്തിയ ബന്ധുക്കളെയും പ്രവര്‍ത്തകരേയും അദ്ദേഹം ആശ്വസിപ്പിക്കുകയും പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്ത് ദു:ഖം ഉള്ളിലൊതുക്കുകയായിരുന്നു. മകന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അറിയാമായിരുന്നെങ്കിലും ക്ഷമിക്കുകയായിരുന്നു. കുഞ്ഞുവിന്റെ ചെറിയ മകനെയും ഭാര്യയേയും സംരക്ഷിക്കുകയും കുഞ്ഞുവിന്റെ മകനുവേണ്ടി സ്ഥലം വാങ്ങുകയും അവിടെ വീട് നിര്‍മിക്കുകയും ചെയ്തു. ഈ വീട്ടില്‍ വര്‍ഷങ്ങളോളം ഉസ്താദ് ദര്‍സ് നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ മറ്റുമക്കളായ ബാവ ഹാജി, ലത്വീഫ് ഹാജി എന്നിവരാണ് ഇപ്പോള്‍ കുണ്ടൂരിലെ സ്ഥാപനങ്ങള്‍ക്കും അവിടെ നടക്കുന്ന പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തെ ആണ്ടുനേര്‍ച്ച റമസാന്‍ 26ന് കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കും. മഖ്ബറ സിയാറത്ത് ഖത്മുല്‍ ഖുര്‍ആന്‍ അനുസ്മരണം സമൂഹ നോമ്പുതുറ എന്നിവക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.