മാലിന്യക്കൂനയില്‍ തിരയുന്നവര്‍ ആരോഗ്യത്തിന് ഭീഷണിയെന്ന് താമസക്കാര്‍

Posted on: July 6, 2015 8:10 pm | Last updated: July 6, 2015 at 8:10 pm


scavenger0407

ഷാര്‍ജ: മാലിന്യക്കുപ്പയില്‍ ചികഞ്ഞ് ജീവിതം കഴിക്കുന്നവര്‍ ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായി താമസക്കാരുടെ പരാതി. അല്‍ മുസല്ല, മൈസലോണ്‍, അല്‍ ബുത്തീന, അല്‍ മജാസ്, അല്‍ ഖാസിമിയ തുടങ്ങിയ മേഖലകളിലെ താമസക്കാരാണ് ഇത്തരക്കാര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ മാലിന്യക്കൂനയില്‍ നിരന്തരം കാര്‍ട്ടണ്‍, ക്യാനുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിരയുന്നത് രോഗാണുക്കള്‍ പകരാന്‍ ഇടയാക്കുന്ന സ്ഥിതിയാണെന്നും ഇത്തരം പ്രവര്‍ത്തനം പരിഷ്‌കൃത നഗരങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും താമസക്കാര്‍ നഗരസഭയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മുതല്‍ 5.30 വരെയുള്ള രണ്ടര മണിക്കൂറിനിടയിലാണ് ഇത്തരക്കാര്‍ മാലിന്യക്കൂനകളില്‍ വസ്തുക്കള്‍ക്കായി ചികയുന്നതെന്നും ഇവര്‍ അധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്.