പനി മൂര്‍ഛിച്ച് നാട്ടിലേക്ക് മടങ്ങിയ യുവാവിന് കൈകാലുകള്‍ നഷ്ടമായി

Posted on: July 4, 2015 5:56 pm | Last updated: July 4, 2015 at 5:56 pm

Nidhinsha picദുബൈ: പനി മൂര്‍ഛിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന യുവാവിന്റെ കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നത് കുടുംബത്തിന് തീരാദുഃഖമായി. ജോലി ചെയ്തും ഫുട്‌ബോള്‍ കളിച്ചും നടന്ന അരോഗദൃഢഗാത്രന്റെ രണ്ടും കൈയും കാലുകളുമാണ് നഷ്ടപ്പെട്ടത്. പിതാവ് ശശിധരന്‍ ദിവാകരനും സഹോദരനുമൊപ്പം ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ പ്ലംബറായി ജോലി ചെയ്തിരുന്ന കൊല്ലം പാരിപ്പള്ളി സ്വദേശി നിധിന്‍ഷാ ശശിധരനാ(23)ണ് ഈ വിധി. എറണാകുളത്തെ അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് കൈകാലുകള്‍ മുറിച്ചു നീക്കുകയായിരുന്നു.
ആറ് മാസം മുന്‍പ് ജോലി തേടി ദുബൈയിലെത്തിയ നിധിന്‍ഷായെ കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 21ന് ദുബൈയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് നല്‍കിയതായി പിതാവ് ശശിധരന്‍ ദിവാകരന്‍ പറഞ്ഞു. 15 ദിവസത്തോളം നിധിന്‍ഷാ ആശുപത്രിയില്‍ കിടന്നു. ഇവിടുത്തെ ചികിത്സയുടെ ചെലവ് ജോലി ചെയ്തിരുന്ന കമ്പനി അടച്ചു. കൈകാലുകള്‍ തളര്‍ന്നുപോയ യുവാവിനെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയി.
നില്‍ക്കാനോ നടക്കാനോ സാധിക്കാത്തതിനാല്‍ ആറു പേരുടെ ടിക്കറ്റിന്റെ കാശു നല്‍കി കിടത്തിയായിരുന്നു വിമാനത്തില്‍ കൊണ്ടുപോയത്. തുടര്‍ന്ന് എറണാകുളത്തെ അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. അമിതമായി ആന്റിബയോട്ടിക് കുത്തിവച്ചത് കാരണം കൈകാലുകളില്‍ രക്തം കട്ടപിടിച്ചതിനാല്‍ മുറിച്ചുമാറ്റാതെ വഴിയില്ലെന്നായിരുന്നു അമൃതയിലെ ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. കൈകാലുകള്‍ നഷ്ടപ്പെട്ട് തകര്‍ന്ന മനസോടെ കിടക്കുന്ന നിധിന്‍ഷാക്ക് ആശുപത്രി വിടണമെങ്കില്‍ ഭീമമായ തുക ബില്ല് അടക്കേണ്ടതുണ്ട്. കാരുണ്യം വര്‍ഷിക്കുന്ന ഈ റമസാനില്‍ സന്മനസ്സുകളുടെ സഹായത്തിനായി കേഴുകയാണ് നിധിന്‍ഷായും അച്ഛനുമമ്മയും സഹോദരനുമടങ്ങുന്ന കുടുംബം. നിധിന്‍ഷായും ശശിധരന്‍ ദിവാകരനും ഗള്‍ഫുകാരനണെന്നതിനാല്‍ ആശുപത്രി ബില്ലില്‍ ഇളവ് ലഭിക്കുന്നില്ല.
കൈകാലുകള്‍ തളര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ശശിധരന്‍ ദിവാകരന്‍ അഡ്വ. ടി കെ ഹാഷിക് മുഖേന ദുബൈ ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്ലിനിക്കല്‍ ഗവര്‍ണന്‍സ് വിഭാഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന അറിയിപ്പ് ലഭിച്ചതായി അഡ്വ. ഹാഷിക് പറഞ്ഞു. നിധിന്‍ഷായുടെ പിതാവ് ശശിധരന്‍ ദിവാകരനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 050-921803. അമ്മയുടെ ബേങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍: LATHIKA. R, Account No. 57009694189