കരിപ്പൂരിനോടുള്ള അവഗണന മലബാറിനോടുള്ള അവഗണന: കോടിയേരി ബാലകൃഷ്ണന്‍

Posted on: July 3, 2015 9:11 am | Last updated: July 3, 2015 at 9:11 am

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന മലബാറിനോടുള്ള യു ഡി എഫ് സര്‍ക്കാറിന്റെ അവഗണനയാണ് കാണിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി പി എം മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ എയര്‍ പോര്‍ട്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമാനത്താവളം അറ്റകുറ്റപണിയുടെ പേരില്‍ അനിശ്ചിതമായി അടച്ചിടുന്നത് വിമാനത്താവളത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. കരിപ്പൂരില്‍ നിന്നും സര്‍വീസ് മാറ്റിയ വിമാനങ്ങള്‍ തിരിച്ചു വരിക പ്രയാസമാണ്. കോയമ്പത്തൂര്‍ ലോബിയും കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നവരും ഇവിടെ തന്നെയുണ്ട്. കരിപ്പൂരിന്റെ തകര്‍ച്ച ഈ വിമാനത്താവളത്തെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാരുടെയും ടാക്‌സി ജീവനക്കാരുടെയും കുടുംബത്തെയും ബാധിക്കും. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുകയുണ്ടായി. ഭൂമി നഷ്ടപ്പെടുന്ന തദ്ദേശ വാസികള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കിതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭൂമി ലഭ്യമാകുന്നില്ല എന്ന പേരു പറഞ്ഞു വിമാറത്താവളത്തെ സ്വകാര്യവത്കരിക്കുന്നതിനും നീക്കം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കോഴിക്കോട ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ് കുട്ടി, ടി കെ ഹംസ, പി ടി കുഞ്ഞിമുഹമ്മദ് സംസാരിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കൊളത്തൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മാര്‍ച്ച് മേലങ്ങാടി റോഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു.