Kerala
കരിപ്പൂര്‍ വെടിവെപ്പ് കേസ് : മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളി
മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് ജവാന്‍ ശരത് സിംഗ് യാദവ് വെടിയേറ്റ് മരിച്ച കേസില്‍ അഞ്ച് ഫയര്‍ ആന്റ് സേഫ്റ്റി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് നടുവിലെപ്പറമ്പില്‍ വി സണ്ണി തോമസ് (57), ഒളിവില്‍ കഴിയുന്ന ഇടുക്കി ഏലപ്പാറ ചെറുകുന്നേല്‍ വിനോദ് സി കൃഷ്ണന്‍ (35), കണ്ണൂര്‍ എം എം ബസാര്‍ വെള്ളോറ വടക്കേ മഠത്തില്‍ പി ടി സുദര്‍ശനന്‍ നായര്‍ (51), കൊല്ലം പോരുവഴി പാണപ്പെട്ടി ജോ ഭവനില്‍ എം ജോമോന്‍ (36), അമ്പലപ്പുഴ പുറക്കാട് വലൂപ്പറമ്പില്‍ കെ അബ്ദുസവാദ് (51) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എന്‍ ജെ ജോസ് തള്ളിയത്. 2015 ജൂണ്‍ 10ന് രാത്രി 9.40ന് കരിപ്പൂര്‍ എയര്‍പ്പോര്‍ട് എ ടി സി ഗേറ്റിനു മുന്‍വശത്താണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ സീതാറാം ചൗധരി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയതിലുള്ള വിരോധം അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.



