സംസ്ഥാനത്ത് മയക്കുമരുന്നുവേട്ട കൂടുതല്‍ ഊര്‍ജിതമാക്കും: ഡിജിപി

Posted on: June 26, 2015 12:23 pm | Last updated: June 26, 2015 at 11:51 pm

tp senkumarതിരുവനന്തപുരം: സമൂഹത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് മയക്കുമരുന്നു വേട്ട കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുട്ടികളില്‍ മയക്കുമരുന്നുപയോഗം കുറയ്ക്കുന്നതിനായി ആരംഭിച്ച ‘ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്’ പദ്ധതി ഈ വര്‍ഷവും സജീവമായി തുടരും. എല്ലാ മാസത്തിലും റിവ്യൂ മീറ്റിങ്ങും എക്‌സൈസ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ മറ്റ് വിഭാഗങ്ങളുടെ സഹകരണവും ഉറപ്പുവരുത്തും. ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ജനമൈത്രി അംഗങ്ങള്‍ക്കും ആവശ്യമായ പരിശീലനവും ലഘുലേഖകളും നല്‍കി ബോധവല്‍കരണം ശക്തമാക്കും. സ്‌കൂളുകള്‍ക്കു പുറമേ, കോളേജുകളിലും പ്രൊഫഷണല്‍ വിദ്യാലയങ്ങളിലും ഈ ഉദ്ദേശ്യത്തോടെ കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോളേജുകളുടെയും സ്‌കൂളുകളുടെയും അങ്കണത്തിലും പരിസരത്തുനിന്നും മയക്കുമരുന്ന്, മദ്യം, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവ രഹസ്യമായി വില്‍പന നടത്തുന്നത് കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. അവരുടെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കും. തങ്ങളുടെ കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കളും കൂടുതല്‍ കരുതലെടുക്കേണ്ടിയിരിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ കണ്ടാല്‍ അത് കൈയോടെ തന്നെ പോലീസിനെയും മറ്റ് അധികൃതരെയും അറിയിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും ഡിജിപി അഭ്യര്‍ഥിച്ചു.