സിമാവോ നോര്‍ത്ത് ഈസ്റ്റ് മാര്‍ക്യൂ താരം

Posted on: June 26, 2015 6:00 am | Last updated: June 26, 2015 at 12:48 am

1395884മുംബൈ: പോര്‍ച്ചുഗലിന്റെ മുന്‍ ദേശീയ താരം സിമാവോ സബ്‌റോസ രണ്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയുടെ മാര്‍ക്യൂ താരമാകും. സിമോവയുമായി കരാറിലെത്തിയതായി ടീം ഔദ്യോഗികമായി അറിയിച്ചു. അതേസമയം മുന്‍ ബ്രസീലിയന്‍ ഇന്റര്‍നാഷനലും 42കാരനുമായ റോബര്‍ട്ടോ കാര്‍ലോസിനെ മാര്‍ക്യൂ കോച്ചായി ടീമിലെത്തിക്കാന്‍ ഡല്‍ഹി ഡൈനാമോസ് ശ്രമം തുടരുകയാണ്. കഴിഞ്ഞസീസണില്‍ തുര്‍ക്കി ക്ലബ് അകിസര്‍ ബലെദിസ്‌പോറിന്റെ മാനേജരായിരുന്നു കാര്‍ലോസ്. മുന്‍ ബ്രസീല്‍ താരത്തിനായി ഖത്തര്‍ ക്ലബ് അല്‍അറബി രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ ക്ലബ്ബ് തന്നെ നിഷേധിക്കപ്പെട്ട സ്ഥിതിക്ക് ഡല്‍ഹിയിലെത്താനുള്ള സാധ്യത ഏറെയാണ്.
എഫ് സി ഗോവയുടെ മാര്‍ക്യു താരമായി ബ്രസീലിയന്‍ താരം ലൂസിയോയുമായി കഴിഞ്ഞദിവസം കരാറിലെത്തിയിരുന്നു. ഐ എസ് എല്‍ ഫ്രാഞ്ചൈസികളുടെ മാര്‍ക്യൂ താരങ്ങളുടെയും കോച്ചുമാരുടെയും ലിസ്റ്റ് പ്രഖ്യാപിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്.
85 തവണ പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടി കളിച്ച സിമോവ 22 ഗോളുകള്‍ നേടിയിട്ടുണ്ട്. അത്‌ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവയില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായിരുന്ന താരം 2004ല്‍ ബെന്‍ഫിക്ക പോര്‍ച്ചുഗല്‍ ലീഗ് ചാമ്പ്യന്മാരായപ്പോള്‍ ടീമംഗമായിരുന്നു. ഇരുപതാം നമ്പര്‍ ജഴ്‌സിലായിരിക്കും നോര്‍ത്ത് ഈസ്റ്റില്‍ കളിക്കുക. ‘ഐ എസ് എല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാന്‍- നോര്‍ത്ത് ഈസ്റ്റുമായി കരാര്‍ ഒപ്പിടുമ്പോള്‍ താരം ആഹ്ലാദം മറച്ചുവെച്ചില്ല.
കഴിഞ്ഞസീസണില്‍ ടീമിലുണ്ടായിരുന്ന സാംബിയന്‍ താരം കോഡ്‌വാനി മോംഗയേയും നോര്‍ത്ത് ഈസ്റ്റ് നിലനിര്‍ത്തിയിട്ടുണ്ട്. പതിമൂന്ന് മത്സരങ്ങള്‍ കളിച്ച മോംഗ ടീമിനായി രണ്ട് ഗോളുകളും നേടിയിരുന്നു. മോംഗക്കൊപ്പം പോര്‍ച്ചുഗല്‍ താരം സിമാവോയും ചേരുമ്പോള്‍ ടീമിന്റെ മധ്യനിര ശക്തമാകും.