യു ഡി എഫ് വിദ്യാഭ്യാസമേഖലയെ കച്ചവടവത്കരിക്കുന്നു: എ വിജയരാഘവന്‍

Posted on: June 18, 2015 7:07 pm | Last updated: June 19, 2015 at 12:07 am

തൃശൂര്‍: പൊതുവിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കുന്ന നടപടിയാണ് യുഡിഎഫിന്റേതെന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍.
വിദ്യാഭ്യാസ രംഗം കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ വാണിജ്യ-വ്യവസായ വല്‍ക്കരണത്തിനെതിരായ ശക്തമായ പോരാട്ടമാണ് ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എസ് എഫ് ഐയുടെ 32ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ മതത്തിന്റെ അടിസ്ഥാനത്തില്‍ സ്വാധീനിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ കുത്തക പണക്കാരുടെ കയ്യിലൊതുക്കുകയാണ് ഇവിടുത്തെ സര്‍ക്കാര്‍ ചെയ്യുന്നത്. ദുര്‍ബലരെ വിദ്യാഭ്യാസ ഘടനയില്‍ നിന്ന് മായ്ച്ചുകളയാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ ശ്രമം ചെറുക്കലാണ് എസ് എഫ് ഐയുടെ ലക്ഷ്യമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ പി കെ ബിജു എം പി, എം എല്‍ എമാരായ കെ രാധാകൃഷ്ണന്‍, കെ വി അബ്ദുല്‍ ഖാദര്‍ എസ് എഫ് ഐ ദേശീയ സെക്രട്ടറി റിബ്രതാ ബാനര്‍ജി, പ്രസിഡന്റ് ഡോ. വി ശിവദാസന്‍, സം സ്ഥാന സെക്രട്ടറി ടി പി ബിനീഷ്, സ്വാഗതസംഘം ചെയര്‍ മാന്‍ എ സി മൊയ്തീന്‍, കവി രാവുണ്ണി, മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.