നോമ്പുകാലത്തെ ദിനചര്യാ മാറ്റം

Posted on: June 18, 2015 4:15 pm | Last updated: June 18, 2015 at 4:28 pm

_TB_1825 Resizedവിശുദ്ധ റമസാന്‍ ആഗതമായിരിക്കുന്നു. ഗള്‍ഫില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഭൂരിപക്ഷം പേരുടെയും ദിനചര്യകള്‍ മാറുകയാണ്. വ്രതം അനുഷ്ഠിക്കാത്തവര്‍ക്കും മാറ്റം അനുഭവേദ്യമാകും. പകല്‍ സമയം പൊതു സ്ഥലങ്ങളില്‍ ഭക്ഷണം അരുതെന്നതാണ് അതില്‍ പ്രധാനം. നോമ്പനുഷ്ഠിക്കുന്നവരെ ബഹുമാനത്തോടെ കണ്ട്, വീടിനകത്തോ ഓഫീസിനകത്തോ ആകാം. അതേസമയം, ഇഫ്താറിനും രാത്രികാലത്തും ഇത്തരം നിയന്ത്രണത്തിന്റെ ആവശ്യമില്ല. വ്രതമനുഷ്ഠിക്കുന്നവര്‍, പകല്‍ നേരത്ത് അന്നപാനീയങ്ങള്‍ വെടിയുകയും മനസിനെ സംസ്‌കരിച്ചു നിര്‍ത്തുകയും പ്രാര്‍ഥനാ നിര്‍ഭരമാവുകയും ചെയ്യും. അത് കൊണ്ടുതന്നെ, ദൈനം ദിന കാര്യങ്ങളില്‍ വേഗം കുറഞ്ഞേക്കും. എന്നാല്‍, കര്‍മ മണ്ഡലത്തെ ഇത് ബാധിക്കാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കുന്നു.
ഒരു മാസം പൊതുമേഖലയിലെ സേവനങ്ങളുടെ സമയക്രമം മാറുന്നുവെന്നതാണ് മറ്റൊരു സവിശേഷത. മിക്ക ഓഫീസുകളും അല്‍പം വൈകി തുടങ്ങുകയും നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യും. ഇതിന് അനുസൃതമായി ഉപയോക്താക്കള്‍ താദാത്മ്യം പാലിക്കേണ്ടതുണ്ട്.
അറബ് സമൂഹത്തിന് റമസാന്‍ ഉത്സവകാലം കൂടിയാണ്. നാടും നഗരവും വീടും പരിസരവും അലങ്കരിക്കും. റമസാന്‍ കൂടാരങ്ങള്‍ കെട്ടിയുയര്‍ത്തും. തെറ്റുകുറ്റങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കും. ദാന ധര്‍മങ്ങളിലും വിരുന്ന് നല്‍കലിലും ആഹ്ലാദവും കണ്ടെത്തും. ഇതിന്റെ ഗുണം സമൂഹത്തിനാകെ ലഭ്യമാണ്.
സമൂഹ നോമ്പുതുറ വ്യത്യസ്ത സമുദായങ്ങളെ ഒരുമിപ്പിക്കുന്ന വേദികൂടിയാണ്. യു എ ഇയിലെ മിക്ക സ്ഥാപനങ്ങളും സംഘടനകളും പ്രത്യേകമായി നോമ്പുതുറ ഒരുക്കാറുണ്ട്. ഇതിന് സൗകര്യമൊരുക്കി ഹോട്ടലുകളും റസ്റ്റോറന്റുകളും കാത്തിരിക്കുന്നു. മലയാളീ കൂട്ടായ്മകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍.
നാട്ടില്‍ ഗള്‍ഫ് കൂട്ടായ്മകളുടെയും വ്യക്തികളുടെയും മുന്‍കൈയില്‍ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്. ഇത്തവണയും അതിനു മാറ്റമില്ല. നാട്ടിലെ ഉറ്റവരെ ഉപയോഗപ്പെടുത്തിയാണ് സാമൂഹിക സേവനം. പലരുടെയും കണ്ണീരൊപ്പാന്‍ ഇതുവഴി സാധിക്കുന്നു. അതില്‍ സംതൃപ്തി അടയുന്നവരാണ് ഗള്‍ഫ് മലയാളികള്‍.
റമസാനില്‍ വൈകുന്നേരങ്ങളില്‍ വാഹനാപകടം വര്‍ധിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. വാഹനം ഓടിക്കുന്നവര്‍, വൈകുന്നേരമാകുമ്പോള്‍ ക്ഷീണിക്കും. ഇത് സ്വയമറിയാതെ മയക്കത്തിലേക്ക് വഴുതാന്‍ കാരണമാകും. മറ്റൊരു കൂട്ടര്‍, ഇഫ്താറിനു മുമ്പ് വീട്ടിലെത്താന്‍ ധൃതിപ്പെടും. ഇതും അപകടത്തിന് കാരണമാണ്. അമിത വേഗത്തിനെതിരെ പോലീസ് വ്യാപക ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. വഴിയോരങ്ങളില്‍ ഇഫ്താര്‍ കിറ്റുകള്‍ ലഭ്യമാക്കുന്നുണ്ട്. ആശ്വാസകരമാണത്.
ഇത്തവണ, റമസാന്‍ കടുത്ത ചൂടാണെന്നത് വിശ്വാസികളെ തളര്‍ത്തുന്നില്ല. എന്നാലും തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, മതിയായ തോതില്‍ വിശ്രമം നേടണമെന്ന നിര്‍ദേശമുണ്ട്. ഉച്ച വിശ്രമ നിയമത്തിനു പുറമെയാണിത്.