കരിപ്പൂര്‍: ഒമ്പത് പേര്‍ റിമാന്‍ഡില്‍; ചൗധരിക്കെതിരെയും കേസ്

Posted on: June 13, 2015 9:42 pm | Last updated: June 14, 2015 at 10:52 am

Karipur-International-airport-B
മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് ജവാന്‍ ശരത് സിംഗ് യാദവ് വെടിയേറ്റ് മരിച്ച സംഭവത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലുമായി അറസ്റ്റിലായ ഒമ്പത് അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ ഈമാസം 27 വരെ റിമാന്‍ഡ് ചെയ്തു. രണ്ടു മുതല്‍ പത്തുവരെ പ്രതികളായ സീനിയര്‍ സൂപ്രണ്ട് സെലക്ഷന്‍ ഗ്രേഡ് തിരുവനന്തപുരം മഞ്ഞമല കുന്നത്ത് ജഗന്നാഥന്‍ നായര്‍ (59), സൂപ്പര്‍വൈസര്‍മാരായ എറണാകുളം ഗോതുരുത്തി കളത്തില്‍ ജോസഫ് ഷൈന്‍ (42), കോഴിക്കോട് മേപ്പയൂര്‍ കുഴിയില്‍പീടികയില്‍ റെനീഷ് (41), കൊട്ടാരക്കര വെട്ടിക്കവല സജിത് ‘വനില്‍ എന്‍ ആര്‍ അജിത്കുമാര്‍ (41), കോഴിക്കോട് കക്കോടി കിഴക്കുമുറി കൊളങ്ങരപ്പറമ്പത്ത് ബ്രിഡ്ജു (40), വടകര തോടന്നൂര്‍ മന്തമ്പത്ത് ജോഷി (38), എറണാകുളം പമ്പാക്കട പുല്ലന്തിക്കാട്ടില്‍ എ ബി അനീഷ് (36), സീനിയര്‍ സൂപ്രണ്ട് തിരുവാലി തോടായം പത്മാലയത്തില്‍ കളരിക്കല്‍ മധു മാധവന്‍ (51), അസിസ്റ്റന്റ് മാനേജര്‍ കോഴിക്കോട് താമരശ്ശേരി മേലാപ്പാട്ട് ശ്രീപദത്തില്‍ പി കെ ശ്രീധരന്‍ (59) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

അതിനിടെ, സി ഐ എസ് എഫ് സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെയും പോലീസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇയാള്‍ക്കെതിരെ കേസ്. ഇയാളുടെ കൈത്തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് യാദവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ചൗധരിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.