തോമറുടെ ഡിഗ്രി സര്‍ട്ടീഫിക്കറ്റും വ്യാജം; കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

Posted on: June 13, 2015 9:24 pm | Last updated: June 14, 2015 at 10:52 am

jitender-singh-tomaന്യൂഡല്‍ഹി: വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമറുടെ ബി എസ് സി ഡിഗ്രി സര്‍ട്ടീഫിക്കറ്റും വ്യാജം. ഇയാളെ അയോധ്യയിലെ ഫൈസാബാദില്‍ കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിലാണ് ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് തെളിഞ്ഞത്. അവകാശപ്പെട്ട ബിരുദങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും തോമര്‍ക്ക് ഇല്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 1986-87 കാലയളവില്‍ ബി എസ് സി ഡിഗ്രി നേടിയിട്ടുണ്ടെന്നാണ് തോമറുടെ അവകാശവാദം.

അതിനിടെ, തോമറുടെ പോലീസ് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ അനുവദിച്ച നാല് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി ഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.